പൂതപ്പാട്ടിലെ കാമവും കാമനയും
രാജേന്ദ്രന്‍ എടത്തുംകര

പൂതപ്പാട്ടിലെ കാമവും കാമനയും
രാജേന്ദ്രന്‍ എടത്തുംകര

 

 
പൂതപ്പാട്ടിന്റെ ആവര്‍ത്തിച്ചുള്ള വായനകളിലെല്ലാം എന്നെ അമ്പരപ്പിച്ച ഒരു കാര്യം അതില്‍ പ്രത്യക്ഷപ്പെടുന്ന രതിയുടെയും പ്രണയത്തിന്റെയും ചിഹ്നസമൃദ്ധിയാണ്. പൂതപ്പാട്ടിന്റെ ഇന്നു വരെയുള്ള വായനകളിലൊന്നും ആ ചിഹ്നങ്ങള്‍ വേണ്ടവിധത്തില്‍ വിശകലനം ചെയ്യപ്പെട്ടതായി കാണുന്നില്ല. അവ കണ്ടില്ലെന്നു നടിച്ചുകൊണ്ടുള്ള ഒരു വായനയ്ക്കേ അതിനെ മാതൃത്വത്തിന്റെ വിജയഗാഥയായിമാത്രം ആഘോഷിക്കാന്‍ കഴിയൂ. വിജയിച്ച അമ്മയുടെ കഥയല്ല, തോറ്റ പൂതത്തിന്റെ കഥയാണ് പൂതപ്പാട്ട് എന്നത് മറന്നുപോകരുത്.പൂതങ്ങളോട് തന്റെ മനസ്സിനുള്ള മമതയും വേഴ്ചയും മറ്റാരോടുമില്ലെന്നു തുറന്നുപറയുന്ന ഇടശ്ശേരിയുടെ മുഖക്കുറിപ്പുമായാണ് പൂതപ്പാട്ട് ആരംഭിക്കുന്നത്. കുട്ടികള്‍ക്കുമുമ്പില്‍ അവതരിപ്പിക്കുന്ന കഥാഖ്യാനം എന്ന നിലയില്‍ ലളിതമായ ഉപരിഘടനയാണ് പ്രത്യക്ഷത്തില്‍ പൂതപ്പാട്ടിന്റേത്. പക്ഷേ, അതിന്റെ അന്തർഘടന അത്ര ലളിതമല്ല. ഒളിച്ചുവെച്ച ചില ചിഹ്നങ്ങളാൽ നിബിഡമാണത്. ആ ചിഹ്നങ്ങളെ അടുത്തുനിന്നു കാണുമ്പോള്‍ പൂതപ്പാട്ട് കാമനകളുടെ പാട്ടുകൂടിയാണ്. അതിന്റെ സാംഗത്യം അന്വേഷിയ്ക്കുകയാണ് ഈ ലേഖനം.
ഒരു കുറ്റവും ആ കുറ്റത്തിനുള്ള ശിക്ഷയുമാണ് പൂതപ്പാട്ടിന്റെ അടിസ്ഥാനപ്രമാണമായി സാധാരണഗതിയില്‍ വിലയിരുത്തപ്പെടുന്നത്. കുറ്റം ചെയ്തത് പൂതവും ശിക്ഷനല്കിയത് ഉണ്ണിയുടെ അമ്മയുമാണ്. അലഞ്ഞുതിരിയുക എന്നതാണ് പൂതം അനുഭവിക്കുന്ന ശിക്ഷ. ആടിപ്പിപ്പൂ പാവത്തെ പലപാടും. കൊടിയ കുറ്റം ചെയ്ത പൂതത്തെ കവി എന്തിനാണ് പാവമായി വിശേഷിപ്പിക്കുന്നത്? അവള്‍ക്ക് മാനസാന്തരം വന്നതുകൊണ്ട് എന്ന മറുപടി അവിടെ നില്ക്കട്ടെ, ഇവിടിവിടെതനതുണ്ണിയിരിപ്പെന്നോരോവീട്ടിലും കയറിനോക്കുന്ന പൂതത്തിന് ഒരു മാറ്റവുമില്ല, കാമന കൂടിയിട്ടേയുള്ളൂ. അനേക പുരുഷന്മാരിൽ വ്യാപരിച്ചിരുന്ന കാമനയില്‍നിന്നും പുറത്തുകടന്ന് അവള്‍ ഇപ്പോള്‍ ഉണ്ണി എന്ന ഒറ്റ ലക്ഷ്യത്തിലേക്കെത്തി എന്നുമാത്രം. പൂതപ്പാട്ടിലെ ഏറ്റവും ശക്തമായ ഉപപത്തിയും അതുതന്നെ. 
അവളുടെ ഉള്ളില്‍ തിങ്ങിത്തിങ്ങി വരുന്നൊരു കൗതുകം ഒരു കാലത്തും അവസാനിക്കുകയില്ല എന്നും കവി സൂചനനല്കുന്നു. അവളുടെ മിടിയ്ക്കുന്ന കരളാണ് തുടിച്ചെത്തമായി മുഴങ്ങുന്നത്. അവളുടെ തേങ്ങലാണ് കുഴല്‍വിളിയായി മാറുന്നത്. ഉണ്ണി അവൾക്ക് മറക്കാനാവാത്ത, നിരന്തരം അന്വേഷിയ്ക്കാൻ പ്രേരിപ്പിക്കുന്ന, ഓര്‍മയില്‍ കരച്ചിലായി കിനിയുന്ന പ്രിയതരമായ ഒരു അനുഭവമാണ്. അമ്മയ്ക്ക് അവൾ വിട്ടുകൊടുത്തത് ഉണ്ണി എന്ന ഭൗതികരൂപത്തെ മാത്രമാണ്, ഉണ്ണി എന്ന സങ്കല്പം എപ്പോഴും അവളോടൊപ്പമുണ്ട്. ആ സങ്കല്പത്തിന്റെ പൊരുള്‍ നിര്‍മിക്കപ്പെട്ടത് കാമനകളുടെയും രതിയുടെയും നൂലുകൊണ്ടാണ്. അതിന്റെ വിശദാംശങ്ങൾ കവിതയിൽ അന്വേഷിയ്ക്കേണ്ടിയിരിക്കുന്നു. 
പൂതം ചെയ്ത കുറ്റം എന്തായിരുന്നു എന്ന ചോദ്യത്തിന് അമ്മയുടെ ഉണ്ണിയെ തട്ടിക്കൊണ്ടുപോയി എന്ന ഉത്തരമാണ് നിലവിലുള്ളത്. പക്ഷേ, ബലപ്രയോഗത്തെ സൂചിപ്പിക്കുന്ന ഒരു പ്രയോഗവും പൂതപ്പാട്ടിലില്ല. പൂതംവന്നു പിടിച്ച് മെല്ലെ കൂട്ടിക്കൊണ്ടങ്ങട്ട് പോയി! എന്നേ കവി പറയുന്നുള്ളൂ. അതിന്റെ മൈത്രീഭാവവും മസൃണതയും സൂക്ഷ്മവായന അര്‍ഹിക്കുന്നുണ്ട്. കൂട്ടിക്കൊണ്ടുപോവുക എന്ന  പ്രയോഗമാവട്ടെ യോജിപ്പ്, ചങ്ങാത്തം, സഹവാസം, ഇണയാക്കല്‍, തുണനല്കല്‍ എന്നിങ്ങനെ വിഭിന്നാര്‍ത്ഥങ്ങളില്‍ പ്രയോഗിക്കാവുന്നതുമാണ്. പൂതത്തിന്റെ മായംതിരിപ്പു കൊണ്ടല്ലേ അങ്ങനെ കൂട്ടിക്കൊണ്ടുപോകാന്‍ പറ്റിയത് എന്നാണു സംശയമെങ്കില്‍ ഉണ്ണിയുടെ മുമ്പില്‍ ഒരു ഓമനപ്പെണ്‍കിടാവായി പ്രത്യക്ഷപ്പെട്ടത് ഒഴിച്ചാല്‍ പൂതം ആ സന്ദര്‍ഭത്തില്‍ മന്ത്രബലത്താല്‍ മറ്റൊന്നും ചെയ്തിട്ടേയില്ല എന്നാണ് ഉത്തരം. ഇഷ്ടജനങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെടുമ്പോൾ രൂപഗുണാധിക്യത്തിനു മായംതിരിപ്പ് ഉപയോഗിക്കാത്തവര്‍ ഉണ്ടാകുമോ, സംശയമാണ്. കണ്ണാടിയും ടാല്‍ക്കംപൗഡറും പോലും ഇക്കാലത്ത് മായംതിരിപ്പിന്റെ സാങ്കേതികവിദ്യകളാണല്ലോ. ഏതു പൂതവും ഇഷ്ടജനപ്രാപ്തി എന്ന കണ്ണാടി നോക്കുമ്പോള്‍ ഓമനപ്പെണ്‍കിടാവായി മാറും. നമ്മുടെ പൂതവും അത്രയേ ചെയ്തിട്ടുള്ളൂ. 
പൂതത്തിന്റെ രൂപപരിണാമം കഴിഞ്ഞാൽ പിന്നീടുള്ളതെല്ലാം തികച്ചും മാനുഷികമായ പ്രവൃത്തികളാണ്. മന്ത്രം പ്രയോഗിക്കുന്നതൊക്കെ പിന്നീടാണ്, അമ്മയുടെ വരവില്‍) കുശലം പറയുന്നു, സമ്മതം ചോദിക്കുന്നു, സമ്മതം നേടുന്നു, സമ്മേളിയ്ക്കുന്നു). പൂതത്തെയും മനുഷ്യനെയും വേര്‍തിരിക്കുന്ന അറിവിന്റെ ലോകത്തിനു നിദാനമായ ഒന്ന്, എഴുത്താണി, മാത്രമാണ് പൂതത്തിനും ഉണ്ണിയ്ക്കും ഇടയിലെ തടസ്സം. സന്ദേഹികളുടെ സമാധാനത്തിന് പള്ളിക്കൂടത്തിലേക്ക് വീണ്ടും എന്ന ഇടശ്ശേരിക്കവിത ഇക്കാര്യത്തില്‍ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കിക്കൊള്ളും. 
ഉണ്ണിയെ പേടിപ്പിച്ചോ മന്ത്രബലത്താല്‍ മയക്കിയോ അല്ല എഴുത്താണി ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കുന്നത്; സ്നേഹപൂര്‍വമായഅഭ്യർഥന ഒന്നുകൊണ്ടു മാത്രമാണ്. ദൂരെയുള്ള പള്ളിക്കൂടത്തിലേക്ക് ഒറ്റയ്ക്കു നടക്കാന്‍ മാത്രം ഒന്നിനോളം പോന്ന ഒരുവനോടാണ് ആ അഭ്യർഥന. പൂതം എന്ന സാങ്കേതികതേജസ്സ് മനുഷ്യന്‍ എന്ന സാമാന്യാനുഭവമായി അവിടെ പരിവര്‍ത്തനം ചെയ്തുകഴിഞ്ഞു. കഥാഗതി അനുസരിച്ച് പൂതം സാധാരണ കൈക്കൊള്ളുന്ന മനുഷ്യരൂപമല്ല അത്. തലമുടിയും വേറിടുത്ത്, പൂപ്പുഞ്ചിരിയും പൊഴിച്ച് വിലാസിനിയായി വഴിവക്കില്‍ നില്ക്കുന്ന പൂതം മറ്റൊരു കാഴ്ചയും അനുഭവവുമാണ്. അത് അസത്തുപൂതമാണ്. അസത്തിനെ സത്താക്കുന്ന ഒന്ന് ഈ സന്ദർഭത്തിലെ രൂപപരിണാമത്തിലുണ്ട്. അസത്തായി അറിയപ്പെട്ടുപോന്ന പൂതം ഒരു നിമിഷംകൊണ്ട് സത്തായി മാറിയാല്‍ ആരെങ്കിലും അത് വിശ്വസിക്കുമോ? അവിശ്വാസത്തിന്റെ ആ കഥയാണ് വാസ്തവത്തില്‍ പൂതപ്പാട്ടിന്റെ അടിത്തറ.
പൂതപ്പാട്ടില്‍ മൂന്നു പ്രധാന കഥാപാത്രങ്ങളാണുള്ളത്. കഥയിൽ പ്രത്യക്ഷപ്പെടുന്ന ക്രമം അനുസരിച്ചു പറഞ്ഞാല്‍ പൂതം, ഉണ്ണി, നങ്ങേലി എന്നിവര്‍. പൂതത്തിനും നങ്ങേലിയ്ക്കും നടുവിലെ ഉണ്ണിയുടെ നില്പ് പാത്രപ്രവേശക്രമം കൊണ്ടുമാത്രമല്ല കഥാമര്‍മം കൊണ്ടും അങ്ങനെത്തന്നെയാണ്. അമ്മയുടെയും പൂതത്തിന്റെയും കാഴ്ചപ്പാടുകളിലൂടെ മാത്രം അവതരിപ്പിക്കപ്പെടുന്ന കഥാപാത്രമാണ് ഉണ്ണി. പള്ളിക്കൂടത്തിലേയ്ക്കു പോകുന്ന ഉണ്ണിയെപടിവാതിലില്‍ നിന്നും നോക്കിനില്ക്കുന്നിടത്ത് അമ്മയുടെ വീക്ഷണകോണ്‍ അവസാനിക്കുകയും പൂതത്തിന്റെ വീക്ഷണകോണ്‍ ആരംഭിക്കുകയും ചെയ്യുന്നു. അമ്മയുടെ കാഴ്ചപ്പാടിലെ ഉണ്ണിതന്നെയാണ് പൂതത്തിന്റെയും കാഴ്ചപ്പാടിലേത് എന്നു കരുതിയാല്‍ പൂതപ്പാട്ടിലെ പൂര്‍വകഥയ്ക്ക് അര്‍ഥമില്ലാതാകും. 
ഉണ്ണിയോട് പൂതത്തിന്റെ സമീപനം എന്തായിരുന്നു എന്നത് ആ പൂര്‍വകഥയെ അടിസ്ഥാനമാക്കിയാണ് വിലയിരുത്തേണ്ടത്. തന്റെ ലക്ഷ്യത്തിലേയ്ക്ക് പോന്നണയുന്ന പൊന്‍കതിരാണ് പൂതത്തിന് ഉണ്ണി. അത് മാതൃസഹജമായ വാത്സല്യമാണെന്നു വിചാരിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു തെളിവും പൂതപ്പാട്ടിലില്ല. ചെറുവാല്യക്കാരുടെ മുന്നില്‍ പൂതം അവര്‍ക്ക് കാമ്യമായ പ്രായത്തില്‍ പ്രത്യക്ഷപ്പെടുന്ന അതേ തന്ത്രമാണ് ഉണ്ണിയുടെ മുന്നില്‍ ഓമനപ്പെണ്‍കിടാവായി മാറുന്നതിനു പിറകിലും. രതി ദൃഢമൈത്രി പാലിക്കാനുള്ള അനേകം സാധ്യതകളിലൊന്നാണ് വൈകാരികതയിലും പ്രായത്തിലുമുള്ള സമാനത എന്ന് ലൈംഗികവിജ്ഞാനകോശങ്ങള്‍ പഠിപ്പിക്കുന്നുണ്ടല്ലോ. ഉണ്ണിയോടുള്ള സ്നേഹംപെരുത്ത അമ്മയാണ് കഥയില്‍ ആദ്യന്തം നങ്ങേലി. പൂതത്തിൽനിന്നും ഉണ്ണിയെ വീണ്ടെടുക്കുന്നതോടെ അവള്‍ കഥയില്‍നിന്നും പുറത്തുപോകുന്നു. അവളുടെ ഇച്ഛ നടന്നു, ഇനി അവളില്ല. പൂതം പക്ഷേ, ഒന്നല്ല, പലതാണ്. തുടക്കത്തില്‍ അത് കരിമ്പൂതമാണ്. വഴിയേ, അലസാംഗിയായ വിലാസിനിയാണ്;ഓമനപ്പെണ്‍കിടാവാണ്; കാറ്റാണ്; കാട്ടുതീയാണ്; നരിയാണ്; പുലിയാണ്; ഒടുവില്‍ സങ്കടപ്പെടുത്തുംവിധം പാവവുമാണ്. പൂതത്തിന്റെ ഇച്ഛനടന്നില്ല, അതിനാല്‍ കാവ്യാവസാനംവരെയും അതിനുശേഷവും പൂതമുണ്ട്. 
ഉണ്ണിയ്ക്ക് മൂന്നു ഭാവങ്ങളുണ്ട്; അമ്മയുടെ അരുമക്കുഞ്ഞ്, കണ്ണും കാതുമുറച്ചവന്‍, പൂതത്തിന്റെ തോഴന്‍. പൂതത്തിന്റെ തോഴന്‍ എന്ന അവസ്ഥയില്‍നിന്നും പറിച്ചെറിയപ്പെടുന്ന ഉണ്ണി പിന്നീട് കഥയില്‍ പ്രത്യക്ഷപ്പെടുന്നില്ല. ഉണ്ണിയും പൂതവും തമ്മിലുള്ള സമാഗമം നാട്ടുകാര്‍ക്ക് പറഞ്ഞു ചിരിക്കാനുള്ള വകയാണ് കവിതയുടെ ഒടുവില്‍. ആ ചിരിയുടെ ഇര ഉണ്ണിയോ നങ്ങേലിയോ അല്ല, പൂതം മാത്രമാണ്. ഉണ്ണി എന്ന പുരുഷന്‍ കഥകള്‍ക്ക് എത്തിപ്പിടിക്കാനാവാത്ത ദൂരത്തില്‍ സുരക്ഷിതനായി മറഞ്ഞുകഴിഞ്ഞു. പേരുദോഷം വന്ന പൂതമാകട്ടെ വേട്ടയാടാന്‍പാകത്തില്‍ ആള്‍ക്കൂട്ടത്തിന്റെ സമീപത്തുമുണ്ട്. ഏതാണ്ടെല്ലാ അപവാദകഥകളുടെയും വ്യാകരണം സമാനസ്വഭാവമുള്ളതായിരിക്കുമെന്നതാണ് മലയാളിയുടെ സാമാന്യാനുഭവം.
ഉണ്ണിയൊഴികെ പൂതപ്പാട്ടില്‍ ഒറ്റയായ മറ്റു പുരുഷസാന്നിധ്യമില്ല. ഗണമായി സൂചിപ്പിച്ചുപോകുന്ന പുരുഷസാന്നിധ്യങ്ങള്‍, അന്തിയില്‍ ബന്ധുഗൃഹത്തിലേക്ക് ഉഴറിക്കുതിക്കുന്ന ആള്‍ക്കാരും നേരവും നിലയും വിട്ട് നടക്കുന്ന ചെറുവാല്യക്കാരുമാണ്. രണ്ടുകൂട്ടരും രതി എന്ന ഒറ്റ വികാരത്താല്‍ ബന്ധിതരാണ്. അവരെ വഴിതെറ്റിയ്ക്കുക എന്നതാണ് പൂതത്തിന്റെ ശീലം; ശീലക്കേട് എന്നാണു പറയേണ്ടതെങ്കിലും. പൈയ്ക്കളെ മേയ്ക്കുന്ന ചെക്കന്മാര്‍ കൂടിയായാല്‍ പൂതപ്പാട്ടിലെ പുരുഷന്മാരുടെ ഗണം പൂര്‍ണ്ണമായി. ചെക്കന്മാര്‍ ഉച്ചയ്ക്ക് പച്ചിലപ്പൂന്തണല്‍ പൂകുമ്പോള്‍ പൂതംപൈക്കളുടെ മുലകുടിച്ച് ദാഹംതീര്‍ക്കും. പറയന്റെ കുന്നിലും പരിസരത്തും പ്രത്യക്ഷപ്പെടുന്നപുരുഷന്മാരെയെല്ലാം പൂതം അങ്ങനെ പലവിധത്തില്‍ വഞ്ചിച്ചുകൊണ്ടിരിക്കുന്നു. നങ്ങേലിയുടെ വീട്ടിലും വേറെ പുരുഷന്മാരില്ല. ആറ്റുനോറ്റിട്ട്  പിറന്ന ഉണ്ണിയുടെ അച്ഛനെക്കുറിച്ച് സൂചനയേയില്ല. അച്ഛനില്ലാത്ത വീടോ അച്ഛനെക്കുറിച്ച് പ്രത്യേകിച്ച് പറയേണ്ടതില്ലാത്ത വീടോ ആണ് അത്. അവിടെനിന്നും ഒരു ചെറുക്കനെ അസത്തുപൂതം തന്റേതാക്കിമാറ്റിയാല്‍ നഷ്ടത്തിന് ആഴംകൂടും. പുരുഷന്മാരെ വഞ്ചിക്കുന്നവളായി മാത്രം പുറംലോകമറിഞ്ഞ പൂതം ഒരുദിവസം അങ്ങനെ അല്ലാതായി എന്നതാണ് പൂതപ്പാട്ടിന്റെ ഇതിവൃത്തം. ഉപ്പേറും കുരുതി നിറഞ്ഞ തരുണരുടെ സ്ഥാനത്ത് പൂവന്‍പഴം പോലുള്ള ഉണ്ണി വരുന്നതോടെയാണത്. പുരുഷസങ്കല്പത്തിലെ രുചിയില്‍ വരുന്ന മാറ്റം പൂതപ്പാട്ടിന്റെ ആഖ്യാനത്തിലെ സവിശേഷമായ മാറ്റമാണ്. അവിടംമുതലാണ് പൂതപ്പാട്ടില്‍ സംഘര്‍ഷം ഉടലെടുക്കുന്നത്. 
ഉണ്ണിയുടെ കഥ പറയുന്നതിനുമുമ്പ് പൂതത്തെ അവതരിപ്പിച്ചത് കുഞ്ഞുങ്ങളെ പേടിപ്പിക്കുന്നവളായല്ല, തരുണരെ പീഡിപ്പിച്ചുകൊല്ലുന്നവളായാണ്. ആ പൂര്‍വഭാഗത്തിന്റെ നിഷേധമാണ് ഉണ്ണിയുടെ കഥ ആവിഷ്കരിക്കുന്ന ഉത്തരഭാഗം. തരുണര്‍, ചെറു വാല്യക്കാര്‍ എന്നീ സാമാന്യനാമങ്ങളുടെ സ്ഥാനത്ത് ഉണ്ണി എന്ന സംജ്ഞാനാമം പ്രത്യക്ഷപ്പെടുന്നിടത്താണ് പൂതപ്പാട്ട് അതിന്റെ നാടകീയതയിലേക്കു പ്രവേശിക്കുന്നത്. അവ തമ്മിലുള്ള പരസ്പരബന്ധം നിര്‍ധാരണം ചെയ്യാതെ കാവ്യവായനയ്ക്ക് മുന്നോട്ടുപോകാനാവില്ല. 
നങ്ങേലി മാമുകൊടുക്കുന്ന ഉണ്ണി വളര്‍ന്നുവലുതായത് ശ്രദ്ധിച്ചില്ലെങ്കില്‍ കഥതന്നെ അവ്യക്തമായിത്തീരും. ഏഴുവയസ്സ് തികഞ്ഞതോടെ കണ്ണും കാതുമുറച്ചുകഴിഞ്ഞ ആളാണ് ഉണ്ണി. പണ്ട് എന്നതാണ് പൂതപ്പാട്ടിലെ കാലം. നാടോടി കഥനസമ്പ്രദായങ്ങളുടെ എക്കാലത്തെയും പ്രിയതരമായ കാലസൂചനയാണത്. 
പൂതപ്പാട്ടില്‍ സവിശേഷമായ കാലസൂചനയില്ലെങ്കിലും സുവ്യക്തമായ ദേശസൂചനയുണ്ട്. ഏഴു വയസ്സിലും കെട്ടീ ഞാനും/ആലഞ്ഞൂരപ്പന്റെ പൊന്മകളെ എന്ന് ആരോമല്‍ചേകവര്‍ ആത്മകഥ പറഞ്ഞ ദേശം തന്നെയാണ് അത്; ചില വിളിപ്പാട് അപ്പുറമോ ഇപ്പുറമോ ആകാമെന്നേയുള്ളൂ; ചൊല്ലും വിളിയും ഒന്നുതന്നെ. പൂതം കാത്തുനിന്ന ഏഴുവയസ്സുകാരനെ ഇന്നത്തെ എല്‍.പി. സ്കൂള്‍ വിദ്യാർത്ഥിയായി സങ്കല്പിച്ച് വായന തുടര്‍ന്നാല്‍ ദേശവും ദേശാചാരവും വായനയില്‍നിന്നും അസ്തമിച്ചുപോകും. പന്ത്രണ്ടുവയസ്സുകാരനായ രാമന്‍ അഞ്ചുവയസ്സുകാരിയായ സീതയെ വിവാഹം കഴിച്ച കഥയാണ് ഇന്ത്യന്‍ കഥനസമ്പ്രദായത്തിലെ ആദിബിന്ദുവായി പറഞ്ഞുപോരുന്നത്. (വിവാഹവേദിയില്‍ സീതയുടെ കുചങ്ങള്‍ രാമനെ ഓര്‍ത്ത് വിജൃംഭിച്ചു എന്നെഴുതാന്‍ മടിയില്ലാത്ത പുനരാഖ്യാനങ്ങളുടെ സഹവാസം ദേശവും കാലവും ആഖ്യാനത്തില്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് ഭംഗിയായി വെളിപ്പെടുത്തിത്തരും). സൗന്ദര്യാധിക്യം നിമിത്തം മനുഷ്യരെ ഭ്രാന്തരാക്കിമാറ്റുമ്പോള്‍ ബാലവയസ്സ് പത്ത് തികഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളൂ മോയിന്‍കുട്ടിവൈദ്യരുടെ ഹുസ്നുൽജമാലിന്. ലോകത്തിലെ എതു ഭാഗത്തുമുള്ള നാടോടിക്കഥകളിലും കാണാം ബാലനായ രാജകുമാരന്‍ പ്രണയം മുഴുത്ത് കല്യാണം കഴിക്കുന്ന ഒരു ബാലികയെ. ശിശുരതി അഥവാ പീഡോഫീലിയ ഒരു കുറ്റകൃത്യമായിത്തീരുന്നത് മറ്റൊരു കാലത്തിലും സമൂഹത്തിലുമാണ്. ആ കാലത്തിന്റെയോ സമൂഹത്തിന്റെയോ കഥയല്ല പൂതപ്പാട്ട്.
പൂതപ്പാട്ടിലെ അന്തര്‍ഘടനയെക്കുറിച്ചുള്ള അന്വേഷണം അതിലെ അമര്‍ത്തിവെച്ച പുഷ്പ ചിഹ്നങ്ങളില്‍നിന്നും ആരംഭിക്കേണ്ടിയിരിക്കുന്നു. ഇടശ്ശേരിയുടെ മറ്റ് കവിതകളില്‍ കാണാവുന്നതിനേക്കാള്‍ സമൃദ്ധമാണ് പൂതപ്പാട്ടിലെ പൂക്കളുടെ സാന്നിധ്യം. ഉണ്ണിയെ കാണുന്നതോടെ ഉള്ളില്‍ ഇക്കിളി തോന്നുകയും മാറത്ത് കോരിത്തരിക്കുകയും ചെയ്യുന്ന പൂതം പൂക്കളുടെ സുരഭിലമായ അന്തരീക്ഷത്തിലേക്കാണ് രംഗപ്രവേശം ചെയ്യുന്നത്. ഇക്കിളിയും കോരിത്തരിപ്പും എന്തിന്റെ ചിഹ്നങ്ങളാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അമ്മയുടെ അരികില്‍നിന്നും പള്ളിക്കൂടത്തിലേക്ക് നടന്നകലുന്ന ഉണ്ണി പറയന്റെ മണ്ടകത്തില്‍ എത്തുന്നതോടെ അവിടം പൂക്കളുടെ കേളീരംഗമായിത്തീരുന്നു. ചെത്തിപ്പൂക്കള്‍ ചിരിക്കുന്നതും ഉങ്ങും പുന്നയും പൂത്തുനില്ക്കുന്നതും കണ്ടുകൊണ്ടാണ് ഉണ്ണി മണ്ടകത്തിലേക്കു കയറിവരുന്നത്. ആറ്റിലൊലിച്ചെത്തു മാമ്പലപ്പൂപോലെ ഒഴുകിനടക്കുന്നു ഉണ്ണി. പൂതം അതു കണ്ടുനില്ക്കുന്നത് പൂത്ത മരത്തിന്റെ ചോട്ടില്‍. ഉണ്ണിയെ പൂതം അഭിസംബോധന ചെയ്യുന്നത് പൂങ്കരളേ എന്ന്. പൂതത്തെ ഉണ്ണി വിളിയ്ക്കുന്നത് പൂത്തമരച്ചോട്ടിലിരുന്നൊളിനെയ്യും പെണ്‍കൊടി എന്നാണ്. എഴുതിപ്പഠിക്കാന്‍ പൂതം സമര്‍പ്പിക്കുന്നത് ചെറുമുല്ലപ്പൂമുന. ഒരുമിച്ചിരിക്കാന്‍ ക്ഷണിയ്ക്കുന്നത് പൂന്തണലിലേയ്ക്ക്. അവരുടെ കേളിയാകട്ടെ പൂമാല കോര്‍ത്തു രസിക്കലും. പൂക്കളുടെ കലാപത്തിനിടയില്‍ പൂതം എന്ന വാക്കിനു വിശുദ്ധിയുള്ളത് എന്നൊരു അധികാര്‍ഥം വന്നു ചേരുന്നതുപോലെ തോന്നും. ഉണ്ണിയെ തിരഞ്ഞെത്തിയ നങ്ങേലിയുടെ മുന്നില്‍ പൂതം പാറക്കെട്ടിന്റെ മേല്‍മൂടി തുറക്കുന്നതുപോലും കൈതപ്പൂ പറിച്ചുനീക്കുന്നതുപോലെയാണ്. (പൂതത്തിന്റെ പൂക്കളെ നങ്ങേലി മറികടക്കുന്നത് മറ്റൊരു പൂവുകൊണ്ടാണ്, പുലരിച്ചെന്താമര പോലെ ചോരയിറ്റുന്ന സ്വന്തം കണ്ണുകള്‍കൊണ്ട്.) ഉണ്ണിയ്ക്കും പൂതത്തിനുമിടയിലെ പൂക്കളുടെ വിന്യാസം ഒരു പശ്ചാത്തലഭംഗി മാത്രമല്ല, അതിനുമപ്പുറം പൂക്കള്‍കൊണ്ട് എളുപ്പത്തില്‍ സൂചിപ്പിക്കാവുന്ന ഒരു മനോഭാവത്തെ പ്രകടമാക്കുക കൂടിയാണ്. അമ്പിളിപ്പൂങ്കല മെയ്യിലണിയുന്ന പൂതത്തിന് ഉണ്ണിയുടെ വരവ് ആടിക്കുഴഞ്ഞെത്തുമമ്പിളിക്കലപോലെയാണ് തോന്നുന്നത്. ചെപ്പിണച്ചെമ്മണിക്കുത്തുമുലകളില്‍ പൂമാല അണിയുന്നവളാണ് പൂതം. ഉണ്ണിയോടൊത്ത് അവളുടെ കേളികളിലൊന്ന് പൂമാലകോര്‍ക്കലാണ്. മാറിലും മെയ്യിലുമണിയാനുള്ള ആമ്പലപ്പൂവും അമ്പിളിക്കലയുമായാണ് ഉണ്ണിയെ ആദ്യകാഴ്ചയില്‍ത്തന്നെ പൂതം അറിയുന്നത്. 
പൊന്നുങ്കുടം എന്നും പൂവന്‍പഴം എന്നുമുള്ള വിശേഷണങ്ങള്‍ വേറെ കിടക്കുന്നു. പൊന്നുങ്കുടത്തിന് ഏതു സന്ദര്‍ഭത്തിലേക്കും പ്രവേശനമനുവദിക്കാവുന്നത്രയും അര്‍ഥപരിധി ഉണ്ടെങ്കിലും, പൂവന്‍പഴം അങ്ങനെയല്ല. പൂവന്‍പഴം എന്ന രൂപകം കാഴ്ചയുടെ മാത്രമല്ല രുചിയുടെയും ഗന്ധത്തിന്റെയും കൊതിയുടെയും പൊരുളുകള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. കാരൂരിന്റെ ഒരു ചെറുകഥയില്‍ ആ ചിഹ്നം അതിന്റെ പ്രതാപം മുഴുവന്‍ വെളിപ്പെടുത്തുന്നുണ്ടല്ലോ. മാംസനിബദ്ധമായ ഒരു സൗന്ദര്യസങ്കല്പത്തിന്റെ പ്രതീകമാണത്. പൂവന്‍പഴം പോലുണ്ണിയുമായ് പൂമാല കോര്‍ത്തു എന്ന് കവിതയില്‍ രണ്ടാമതും തെളിയുന്നുണ്ട് അത്.
കണ്ണും കാതുമുറച്ചുകഴിഞ്ഞ ഉണ്ണി അമ്മയുടെ ചൊല്പടിയില്‍നിന്നും പുറത്തുപോകുന്നതോടെ പുതിയ കാഴ്ചകളുടെ ലോകം അവനു തുറന്നുകിട്ടുന്നു. കന്നും പൈക്കളും മേയുന്നു, ചെത്തിപ്പൂവുകള്‍ എത്തിനോക്കി ചിരിക്കുന്നു, ആട്ടിന്‍പറ്റം തുള്ളിക്കളിക്കുന്നു, വണ്ടുകള്‍ പാറിക്കളിക്കുന്നു. സ്വതന്ത്രമനോഗതിയുടെ പ്രത്യക്ഷപ്പെടലുകളാണ് എല്ലാം. കണ്ടു എന്ന ക്രിയാപദം നാലുതവണ ഉപയോഗിച്ചുകൊണ്ടാണ് കവി കാഴ്ചയുടെ പുതുമ ആലേഖനം ചെയ്യുന്നത്. പുറംലോകത്ത് ആദ്യം കാണുന്ന മനുഷ്യരൂപം പെണ്‍കിടാവായി മാറിയ പൂതമാണ്; ആദ്യം കേള്‍ക്കുന്ന ശബ്ദമാകട്ടെആ പെണ്‍കിടാവിന്റേതും. പെണ്‍കിടാവ് എന്നാല്‍ പെണ്‍കുഞ്ഞ് എന്നു മാത്രമല്ല കന്യക എന്നുകൂടിയാണ് അര്‍ഥം. നാടോടിപ്പാട്ടുകളില്‍ നായികമാരെ വിളിക്കാനുപയോഗിച്ച പദമാണത്. മാനുഷ്യംകൊഞ്ചല്ലേ പെണ്‍കിടാവേ എന്നും മറ്റും വടക്കന്‍പാട്ടുകളില്‍ സുലഭമായി ഉദാഹരണങ്ങളുണ്ട്. (പൂതപ്പാട്ടിലെ പെണ്‍കിടാവും ഉണ്ണിയോട് സംസാരിക്കുന്നത് കൊഞ്ചിക്കൊഞ്ചിയാണ്.) ഉണ്ണി ആദ്യം കേള്‍ക്കുന്ന മൊഴി ഇപ്രകാരമാണ്: പൊന്നുണ്ണീ, പൂങ്കരളേ! 
ഓലയും എഴുത്താണിയും വലിച്ചെറിയുന്ന ഉണ്ണിയ്ക്ക് പൂതം മറ്റൊരു ഓലയും എഴുത്താണിയും നിര്‍ദ്ദേശിക്കുന്നുണ്ട്. വണ്ടോടിന്റെ (വണ്ടിന്റെ മസൃണമായ പുറംതോടിന്റെ) വടിവിലുള്ള നീലക്കല്ലോലയും മാന്തളിരും ചെറുമുല്ലപ്പൂമുനയും. മാന്തളിരില്‍ ചെറുമുല്ലപ്പൂമുന കൊണ്ട് എഴുതാമെന്നാണ് പൂതത്തിന്റെ ക്ഷണം. ആ എഴുത്ത് പള്ളിക്കൂടത്തില്‍നിന്നും പഠിക്കുന്ന എഴുത്തല്ല. കൈയിലുള്ള ഓലയും എഴുത്താണിയും കളഞ്ഞാല്‍ ഗുരുനാഥന്‍ കലഹിയ്ക്കുമെന്നു വിസമ്മതം പറഞ്ഞ ഉണ്ണിയെ ചഞ്ചലനാക്കുന്നവിധത്തില്‍ പ്രലോഭനത്തിന്റെ ചില കതിരുകള്‍ ആ എഴുത്തിലുണ്ട്. ഇക്കിളിപ്പെടുത്തുന്ന ഗൂഢഭാഷയില്‍ കാര്യം പറയുന്ന കാമനയുടെ സ്വഭാവമാണത്. വിവക്ഷ പൂര്‍ണ്ണമായും തിരിച്ചറിയപ്പെടാത്തിടത്തോളം നിര്‍ദ്ദോഷമായി അഭിനയിക്കുന്ന ഇത്തരം ചൊല്ലുകള്‍ പ്രണയത്തിന്റെയോ രതിയുടെയോ അന്തരീക്ഷത്തില്‍ എല്ലായിടത്തും, എല്ലായ്‌പോഴും കാണാം. കാറ്റായും തീയായും നരിയായും പുലിയായും വേഷംമാറാന്‍ കഴിവുള്ള പൂതം ഒരു ഓമനപ്പെണ്‍കിടാവിന്റെ വേഷത്തില്‍തന്നെ വന്നത് ആ ഗൂഢഭാഷയെ വിളംബരംചെയ്യാനാണ്. പൂതത്തിന്റെ താല്പര്യം ലൈംഗിക അതിഭാവനയുടെ രൂപകചിത്രമായി പുറത്തുവരികയാണ് ഈ സന്ദര്‍ഭത്തില്‍.
അസാധാരണമായ അന്തരീക്ഷത്തില്‍ ഉണരുന്ന പ്രചോദനം തന്നെയാണ് അതിനുപിറകില്‍. അടിക്കടി ആവര്‍ത്തിക്കുന്ന കാമനയുടെ പൂര്‍ത്തീകരണം ആ കുന്നിന്‍ചെരുവില്‍ മറ്റൊരുവിധത്തില്‍ അവസരോചിതമായി രൂപാന്തരപ്പെടുന്നു. പൂതം അതുവരെ അനുവര്‍ത്തിച്ചുപോന്ന ക്രീഡകളില്‍, കൈയില്‍കിട്ടിയ അപരിചിതശരീരങ്ങളോടുള്ള പ്രതികരണമായി രൂപംകൊണ്ട പരപീഡനം എന്ന നിരന്തരാനുഭവത്തെ മറികടക്കാനാണ് യാദൃച്ഛികതയെ ഇത്തവണ ഉപയോഗപ്പെടുത്തുന്നത്. പീഡനമല്ല, മേളനമാണ് പൂതത്തിന്റെ ലക്ഷ്യം. ഉണ്ണിയോടുള്ള കുശലോക്തികൾ മുഴുവന്‍ മൃദുചിത്രങ്ങളായി മാറുന്നത് അതുകൊണ്ടാണ്. പൂതത്തിനു സങ്കല്പിക്കാവുന്ന വിചിത്രഭാവനയുടെ പാരമ്യമാണ് സമാഗമനിമിഷങ്ങളില്‍ ഓമനപ്പെണ്‍കിടാവായി മാറുകഎന്നത്. അത് ഒരു ഒളിച്ചുകളിയാണ്; ഒളിയേറിയ കളിയുമാണ്. ഉണ്ണിയുമായി അമ്മ തിരിച്ചുപോകുന്നിടത്ത് പൂതം ആ ഒളിച്ചുകളി മറ്റൊരുവിധത്തില്‍ തുടര്‍ന്ന് അവനെ വാരിയെടുക്കുന്നതും പുണരുന്നതും അവന്റെ മൂര്‍ദ്ധാവില്‍ ചുംബിക്കുന്നതും കാണാം. അമ്മയുടെ മുമ്പില്‍ തന്റെ ഉണ്മ വെളിപ്പെടുത്താതിരിക്കാന്‍ പൂതം കാണിക്കുന്ന നാട്യമാണത്. അതു നന്നായി മനസ്സിലായതുകൊണ്ടാണ് വീടിന്റെ അടയാളം പറയാതെ അമ്മ മറഞ്ഞുകളഞ്ഞത്. ഒന്നിലേറെതവണ മുഴങ്ങുന്ന ഒളിനെയ്യും പെണ്‍കൊടിയേ എന്ന ഉണ്ണിയുടെ പ്രത്യഭിവാദനം അവളിലെ ഒളി തിരിച്ചറിഞ്ഞുകൊണ്ടാണല്ലോ; അതിന്റെ നാനാര്‍ഥസാധ്യതയില്‍. സംശയം വേണ്ട, ഒരു പിലാവില പെറുക്കാന്‍ കുനിഞ്ഞിട്ടുണ്ടെങ്കില്‍ ഇടശ്ശേരി ഒരുകിണ്ണം കഞ്ഞി കുടിച്ചിരിയ്ക്കും.
കിടപ്പറയുടെ കിളിവാതില്‍ തുറന്ന് വഴിയാത്രക്കാരനെ സാകൂതം ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന ഒരു സ്ത്രീചിത്രം പൂതപ്പാട്ടിലുണ്ട്. പാറക്കെട്ടിന്റെ കൊച്ചുപിളര്‍പ്പിലെ/ക്കിളിവാതിലപ്പോള്‍ തുറന്നു പൂതം. കിളിവാതിലിലൂടെ അവള്‍കാണുന്ന ദൃശ്യമാണ് കോരിത്തരിപ്പിക്കുന്ന, ഇക്കിളിയുണ്ടാക്കുന്ന ഉണ്ണി. ഏതു പൂതത്തെയും മനുഷ്യനാക്കുന്ന ഒന്നിനുവേണ്ടി വിജനതയില്‍, പൂന്തണലില്‍, ചെറുകാറ്റത്ത് അവള്‍ ഉണ്ണിയോടൊത്ത് ഇരുന്നു. അവരുടെ കേളികളുടെ നൈരന്തര്യത്തെയും ചലനാത്മകതയെയും ഇല്ലാതാക്കുന്ന മരവിപ്പിന്റെ ഒരു നിമിഷം അമ്മയുടെ വരവോടെ പൂതപ്പാട്ടില്‍ ഉണ്ടാവുന്നുണ്ട്. നീറ്റില്‍ കളിയ്ക്കും പരല്‍മീനെല്ലാം/ നീളവേ നിശ്ചലം നിന്നുപോയി എന്നും പൂട്ടിമറിച്ചിട്ട മണ്ണടരില്‍/ പുതിയ നെടുവീര്‍പ്പുയര്‍ന്നുപോയിഎന്നും ആ നിമിഷത്തെ കവിതയില്‍ ആലേഖനംചെയ്തിട്ടുണ്ട്. അമ്മയുടെ ദുഃഖത്തോടുള്ള പ്രകൃതിയുടെ പ്രതികരണങ്ങള്‍ എന്ന നിലയില്‍ മാത്രമല്ല അവയുടെ സാധുത; പൂതത്തിന്റെ മനോവ്യാപാരങ്ങള്‍ എന്നനിലയില്‍ കൂടിയാണ്. 
ആ നിശ്ചലതയെ തകര്‍ക്കുന്ന ദ്രുതചലനമായാണ് പൂതം അമ്മയെ നേരിടുന്നത്. ഓടിയ്ക്കാന്‍ നോക്കി, കാറ്റിന്‍ ചുഴലിയായി, കാട്ടുതീയായി, നരിയുടെയും പുലിയുടെയും കുതിപ്പായി. അമ്പിളിപ്പൂങ്കലയായി പൂതം സങ്കല്പിച്ച ഉണ്ണിയെ തന്റെകണ്ണുകള്‍ക്കുമുമ്പില്‍തിങ്കളൊളിപ്പൂപ്പുഞ്ചിരിയായി അമ്മ വീണ്ടെടുത്തു. പൂതത്തിന്റെ പൊന്നുണ്ണി വീണ്ടും അമ്മയുടെ പൊന്നുണ്ണിയായി. (അഞ്ചിതശോഭം പൊന്നുണ്ണി എന്നാണു പ്രയോഗം, അഞ്ചിതത്തിനു ഭംഗിയുള്ളത് എന്നു മാത്രമല്ല പൊയ്‌പോയത് എന്നും അര്‍ഥമുണ്ട്. ഒന്ന് അമ്മയൂടെ കാഴ്ചപ്പാടിലും മറ്റൊന്ന് പൂതത്തിന്റെ കാഴ്ചപ്പാടിലുമാണ്.) പൂതത്തെ നേരത്തെ കോരിത്തരിപ്പിച്ച ആ സാന്നിധ്യം അമ്മയെ ഇപ്പോള്‍ കുളിര്‍പ്പിച്ചു. അമ്മ തിരികെ നേടിയതു മാത്രമല്ല പൂതത്തിനു എന്നേക്കുമായി നഷ്ടപ്പെട്ടതുകൂടിയാണ് ഉണ്ണി. ഉണ്ണിയെ അമ്മയ്ക്കുവിട്ടുകൊടുക്കുന്ന ഘട്ടത്തില്‍ തുറുകണ്ണുള്ള വിചിത്രരൂപമായി പൂതം തന്റെ ആദിമസ്വത്വത്തിലേക്ക് തിരിച്ചുപോകാന്‍ശ്രമിച്ചു. പക്ഷേ, അവള്‍ അപ്പോഴേക്കും ഒരു കാര്യം പഠിച്ചുകഴിഞ്ഞു: കരയുക എന്ന മാനുഷികമായ വികാരപ്രകടനം. വിമലീകരണത്തിന്റെ വഴിയാണ് കരച്ചിലിന്റെ വഴി. അതുവഴിപൂതം ശരിക്കും പൂതമായി. ഇനി അവള്‍ക്ക് വഞ്ചനയുടെയോ ഹിംസയുടെയോ വഴിയില്ല, പൂതത്തിന് എപ്പോഴും വ്യസനാണ്.
ആണ്ടുതോറും ഉണ്ണിയ്ക്ക് കുതുകം ചേര്‍ക്കാന്‍ തന്റെ വീട്ടിലേക്ക് വരണമെന്നു പൂതത്തെ ക്ഷണിച്ചുകൊണ്ടാണ് നങ്ങേലി പറയന്റെകുന്നില്‍നിന്നും നിഷ്ക്രമിക്കുന്നത്. ഉത്സാഹം, സന്തോഷം എന്നിങ്ങനെ മാത്രമല്ല, ചിലത് കാണാനും അനുഭവിക്കാനുമുള്ള കാത്തിരിപ്പ്  എന്നുകൂടിയാണ് കുതുകത്തിന്റെ അര്‍ഥം. പൂതത്തെ കാണുക എന്നത് ഉണ്ണിയ്ക്ക് സന്തോഷമുണ്ടാക്കുന്ന കാര്യമാണെന്നു അമ്മയ്ക്കറിയാം. വാഗ്ദാനം അത്തരമൊരു സന്ദര്‍ഭത്തെ അതിവേഗം അവസാനിപ്പിക്കാനുള്ള തന്ത്രംകൂടിയാണ്. ഇപ്പോള്‍ ഉണ്ണി എന്റെ കൂടെ വരട്ടെ, ബാക്കിയൊക്കെ പിന്നീട് ആലോചിയ്ക്കാം എന്നു പറയുന്ന നാട്ടുമധ്യസ്ഥതയുടെ മൂര്‍ധന്യമാണത്. പാപത്തെ ഇല്ലാതാക്കുന്നത് എന്ന കുതുകത്തിന്റെ ധാത്വര്‍ഥം മുഖവിലയ്‌ക്കെടുത്താല്‍ ഉണ്ണിയില്‍ നങ്ങേലി കാണുന്ന പാപമെന്ത് എന്ന് ആരായേണ്ടിവരും. ഞങ്ങടെ വീട്ടിനു മംഗളമേകാന്‍ എന്നു നങ്ങേലി പറയുന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. നാട്ടിനു മംഗളമേകുന്ന ദേവതാസങ്കല്പമല്ല പൂതപ്പാട്ടില്‍ അതുവരെ പ്രത്യക്ഷപ്പെട്ട പൂതം. മനുഷ്യരെ കൊല്ലുകയും ചോരകുടിക്കുകയും ചെയ്യുന്ന ആ നീചസങ്കല്പം തങ്ങള്‍ക്ക് മംഗളം കൊണ്ടുവരുമെന്ന് നങ്ങേലി വിചാരിയ്ക്കാന്‍ ഒരു വഴിയുമില്ല. 
ഞങ്ങള്‍ക്കഞ്ചിതസൗഖ്യമുദിക്കാന്‍ കൂടിയാണ് നങ്ങേലിയുടെ ക്ഷണം. ഉണ്ണിയെ തട്ടിക്കൊണ്ടുപോയ പൊട്ടപ്പൂതം ഇനി വരുന്നത് സുഖവും കൊണ്ടായിരിക്കും എന്ന് നങ്ങേലി വിശ്വസിക്കും എന്നു കരുതാനുമാവില്ല. വാസ്തവത്തില്‍, ഈ ഭാഷണം മുഴുവന്‍ ഒരു രക്ഷപ്പെടലാണ്. പൂതത്തിനു നേരിയ പ്രതീക്ഷ ബാക്കിവെച്ച് തല്ക്കാലം രക്ഷപ്പെടുന്ന അതിജീവനതന്ത്രം. അങ്ങനെയൊരു ഭാഷണംസാധ്യമാക്കുമാറ് എന്തോ ഒരു അസാധാരണത അവിടെയുണ്ട്. അത് പൂതത്തിന്റെ ദയനീയാവസ്ഥ മാത്രമല്ല, പൂതത്തില്‍നിന്നും ഉണ്ണിയെ വേര്‍പിരിയ്ക്കുന്നതിന്റെ ശരിതെറ്റുകള്‍ സംബന്ധിച്ച അബോധമായ സംഘട്ടനം കൂടിയാണ്. 
അമ്മ എന്ന നിലയില്‍ നങ്ങേലി നൂറുശതമാനവും ശരിയായ കൃത്യമാണു ചെയ്യുന്നതെങ്കില്‍ ഈ അതിഭാഷണത്തിനു പ്രസക്തിയേയില്ല. അമ്മ എന്ന ചുമതല ഒരു ഭാഗത്തുനിന്നു താന്‍ നിര്‍വഹിക്കുമ്പോള്‍ മറ്റെന്തോ ചുമതല പൂതം ഉണ്ണിയില്‍ നിര്‍വഹിക്കുന്നുണ്ട് എന്ന ബോധ്യമാണ് പ്രകൃതത്തില്‍ അര്‍ഥരഹിതമായ ഈ വരികളുടെ അര്‍ഥം. ആ ചുമതലയെ പിളര്‍ക്കുന്നതിന്റെ നഷ്ടപരിഹാരമാണ്, ഒരിക്കലും പാലിക്കില്ലെങ്കിലും, ആര്‍ദ്രഹൃദന്തരയായി നടത്തുന്ന ആ വാഗ്ദാനം. താപത്തില്‍നിന്നും ശാപത്തിലേക്കു വളര്‍ന്ന് പൂതത്തെ തോല്പിച്ച നങ്ങേലി ഒരു ആന്റിക്ലൈമാക്സില്‍ ആര്‍ദ്രഹൃദന്തരയായി! അങ്ങനെയൊന്നു നടക്കണമെങ്കില്‍ വീണ്ടുവിചാരം എന്ന മനോഭാവം നങ്ങേലിയില്‍ ശക്തമായിക്കാണണം. ഉണ്ണിയെ തട്ടിക്കൊണ്ടുപോയ പൂതത്തിന്റെയല്ല, ഉണ്ണിയെ പരിഗ്രഹിക്കാനാഗ്രഹിച്ച പൂതത്തിന്റെ മുന്നിലാണ് നങ്ങേലിയുടെ അസാധാരണമായ ഒത്തുതീര്‍പ്പുവ്യവസ്ഥകള്‍. അതില്ലെങ്കിലും പൂതം ഉണ്ണിയെ വിട്ടുകൊടുക്കുമായിരുന്നു, കാരണം അവള്‍ നങ്ങേലിയുടെ ശാപത്തെ ഭയക്കുന്നു. പുതിയ ഒരു അനുഭവത്തിന്റെ മുന്നില്‍ ഓമനപ്പെണ്‍കിടാവായി മാറുന്നതുവരെ അത്ര നീചമായി ദിനരാത്രങ്ങള്‍ കഴിച്ചുപോന്ന ആ സാങ്കേതികതേജസ്സ് ഏതു ശാപത്തെയാവും ഇത്രയധികം ഭയന്നിട്ടുണ്ടാവുക എന്ന് ആലോചിച്ചുനോക്കാവുന്നതാണ്. തിട്ടമതാര്‍ക്കറിയാം!
ഒരു അസത്തുസ്ത്രീയുടെ പിടിയില്‍ നിന്നും മകനെ വീണ്ടെടുക്കുന്ന അമ്മയുടെ ചിത്രം പൂതപ്പാട്ടിന്റെ അന്തര്‍ഘടനയിലുണ്ട്. ആ കാഴ്ച അബോധത്തിലേക്ക് വലിച്ചെറിഞ്ഞുകൊണ്ടാണ് പൂതപ്പാട്ട് വായനക്കാരിലേക്ക് പ്രവേശിക്കുന്നത്. നിറവേറപ്പെടാതെപോയ ഒരു കാമനയെ മുന്‍നിര്‍ത്തി ഒരു പൂതം അനുഭവിച്ച ജന്മദീര്‍ഘമായ സങ്കടമാണ് പൂതപ്പാട്ടിന്റെ കാതൽ.