Photos on the function to
release the book on Edasseri
by Sri. P. Krishnawarriyar.
പുസ്തക പ്രകാശനം
മഹാകവി അക്കിത്തം
സാഹിദത്യ അക്കാദമി സെക്രറ്റരി
ആര്‍. ഗോപാലകൃഷ്ണനു നല്‍കിക്കൊണ്ട് നിര്‍വ്വഹിക്കുന്നു.
മഹാകവി അക്കിത്തം
പി. കൃഷ്ണവാരിയര്‍
മാസ്റ്ററെ പൊന്നാട അണിയിക്കുന്നു.
പുസ്തകപ്രകാശനം
മഹാകവി അക്കിത്തം
ആര്‍. ഗോപാലകൃഷ്ണന്‍.
മഹാകവി അക്കിത്തം
സംസാരിക്കുന്നു.
ഡോ. പി.വി. കൃഷ്ണന്‍ നായര്‍
സംസാരിക്കുന്നു.
ഇ.ഹരികുമാര്‍, ഡോ. പി.വി.
കൃഷ്ണന്‍ നായര്‍
ഇ. ഹരികുമാര്‍
 സംസാരിക്കുന്നു.
ആര്‍. ഗോപാലൃഷ്ണന്‍
സംസാരിക്കുന്നു.
പി. കൃഷ്ണപാരിയരും പത്നിയും
മഹാകവി അക്കിത്തത്തോടൊപ്പം.
സഭാവാസികള്‍
സഭാവാസികള്‍
പി. കൃഷ്ണവാരിയര്‍
അനുസ്മരണ സമ്മേളനത്തില്‍
ഇടശ്ശേരി സ്മാരക സമിതി സെക്രറ്റരി
ഇ. മാധവന്‍ സംസാരിക്കുന്നു.
അനുസ്മരണ ചടങ്ങില്‍
 അദ്ധ്യക്ഷനായ
മഹാകവി അക്കിത്തം
പ്രസംഗിക്കുന്നു.
അനുസ്മരണ ചടങ്ങില്‍
പങ്കെടുത്തവര്‍
പൊന്നാനിയില്‍ വച്ചു
നടന്ന പുസ്തക പ്രകാശനം.
 
Edasseri Anusmaranam and
Award Presenting Ceremony 2011

ഈ പുസ്തകത്തിന്‍റെ ഡൗണ്‍ലോഡ് ചെയ്യാന്‍പാകമായ
PDF ഫയലിന് ഇവിടെ അമര്‍ത്തുക, 215 KB only

ഇടശ്ശേരി

കവിതയും ജീവിതവും

പഠനം

2011

പി. കൃഷ്ണവാരിയർ

(1029 - 2012)

 

 

പി. കൃഷ്ണവാരിയർ

പുൽപ്പറ്റ വാരിയത്ത് കുഞ്ചി വാരസ്യാരുടേയും ആത്രശ്ശേരി കൃഷ്ണവാരിയരുടേയും മകനായി 1929 ഒക്ടോബർ 18-ന് ജനിച്ചു. പൊന്നാനി എ.വി. ഹൈസ്‌കൂൾ ഹെഡ്മാസ്റ്ററായി ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചു.

സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ, സ്‌കൗട്ട് പ്രസ്ഥാനം എന്നിവയിൽ പ്രവർത്തിച്ചു.

പൊന്നാനി താലൂക്ക് ഗ്രന്ഥശാല യൂണിയൻ ആദ്യകാല പ്രസിഡണ്ട്, രണ്ടു ദശാബ്ദക്കാലം ഇടശ്ശേരി സ്മാരക സമിതി സെക്രട്ടറി, വള്ളത്തോൾ വിദ്യാപീഠ കോളേജ് പ്രിൻസിപ്പാൾ, ഗുരുവായൂർ ദേവസ്വം മാസിക 'ഭക്തപ്രിയ'യുടെ എഡിറ്റോറിയൽ മെമ്പറും മാനേജരും, കൃഷ്ണപ്പണിക്കർ വായനശാല പ്രസിഡണ്ട് എന്നീ നിലകളിൽ പൊന്നാനിയുടെ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ മേഖലകളിൽ സജീവ സാന്നിദ്ധ്യം.

ഭാര്യ : കമലാദേവി,

മക്കൾ : സുരേഷ്, സുഷമ, സുധ, സുകുമാർ

വിലാസം :

സുകൃതം, 15th സ്ട്രീറ്റ്

ഹരിനഗർ

പൂങ്കുന്നം, തൃശ്ശൂർ

ഫോൺ. 0487 2388211

  Mrs. Kamaladevi Krishnawarriyar

We are thankful to the family of Sri P. Krishnawarriyar on whom the copyright of this book rests,
for allowing us to post this book on Edasseri website.
Commercial use of any part of this book without written permission is strictly prohibited.

 

അവതാരിക

മഹാകവി അക്കിത്തം

 

ഇംഗ്ലീഷ് സാഹിത്യത്തിൽ ഒരനശ്വരബന്ധമാണ് ഡോ. ജോൺസണും ബോസ്‌വെല്ലും തമ്മിലുണ്ടായിരുന്നത്. തൽഫലമായി ജോൺസന്‍റെ കൃതികളഭ്യസിക്കാൻ അനുവാചകർക്കു കൂടുതൽ എളുപ്പമായി. മലയാളത്തിൽ അത്തരത്തിലുള്ള ഒരു ബന്ധമാണ് മഹാകവി ഇടശ്ശേരിയുമായി പൊന്നാനി എ.വി. ഹൈസ്‌കൂളിലെ ഹെഡ്മാസ്റ്ററായിരുന്ന പി. കൃഷ്ണവാരിയർക്കുണ്ടായിത്തീർന്നത്. ചുരുങ്ങിയത് കാൽനൂറ്റാണ്ടു ഇടശ്ശേരി എന്ന മനുഷ്യനേയും കവിയേയും ഒരേസമയത്ത് പഠിച്ചു കൊണ്ടിരുന്ന അദ്ദേഹത്തിനു മനസ്സിലായത് ഇടശ്ശേരിയുടെ ജീവിതവുമായി അദ്ദേഹത്തിന്‍റെ കവിതയ്ക്ക് ഉണ്ടായിരുന്ന ബന്ധം അനന്യസാധാരണമായിരുന്നു എന്നാണ്. ഈ വസ്തുത ആദ്യം തന്നെ തിരിച്ചറിയാൻ സാധിച്ചതിന്‍റെ ഫലമായി സ്വയം ഡയറി എഴുതാനാരംഭിച്ച ഒരാൾക്കല്ലാതെ എന്‍റെ മുമ്പിലിരിക്കുന്ന ''ഇടശ്ശേരി - കവിതയും ജീവിതവും'' എന്ന പുസ്തകം രചിക്കാനാവില്ല! ഇതുപോലെ മറ്റൊരുദാഹരണം എന്‍റെ വിനീതമായ അനുഭവത്തിലും അറിവിലും മലയാളത്തിലുണ്ടായിട്ടില്ല.

ഇടശ്ശേരിയുടെ

''ഇക്കയർ പണിയും സോദരിമാരുടെ
ദു:ഖം പാടി നടപ്പൂ ഞാൻ
''

എന്ന വരികളിലൂടെയാണ് കൃഷ്ണവാരിയർ അദ്ദേഹത്തിന്‍റെ കവിതയുടെ അന്തർഭാവത്തിലേയ്ക്കു പ്രവേശിച്ചത്. ഒരിക്കൽ ഇടശ്ശേരി പറഞ്ഞു, ''താൻ മരിച്ചിട്ടു ഇരുപത്തിയഞ്ചു കൊല്ലം കഴിഞ്ഞാലേ അനുവാചകർ തന്‍റെ കവിതയുടെ പരമസത്തയിലേക്ക് പ്രവേശിക്കുകയുള്ളു എന്ന്.'' അങ്ങനെ അദ്ദേഹം പറഞ്ഞത് എന്തുകൊണ്ടാണ്?" കൃഷ്ണവാരിയർ ചിന്തിച്ചു. ''ജീവിതം എന്നത് ജീവികളും പ്രപഞ്ചവും തമ്മിലുള്ള പാരസ്പര്യമാണ്. അതിന്‍റെ തുടിപ്പുകൾ കവിത, കഥ, ഗീതം, നൃത്തം എന്നിവയിൽ മാത്രമല്ല, ഓരോരുത്തരും ചെയ്യുന്ന കർമ്മങ്ങളിലൊട്ടാകെ പുനഃസൃഷ്ടിക്കപ്പെടുന്നു'' എന്ന ഇടശ്ശേരിയുടെ ദർശനം അദ്ദേഹത്തിന്‍റെ കൃതികളിലൂടെ അനുഭവിച്ചറിഞ്ഞതിന്‍റെ ഫലമായി കൃഷ്ണവാരിയർ മനസ്സിൽ കുറിച്ചിട്ട ഡയറിയുടെ ഫലമായിട്ടാണ് മലയാളത്തിലെ അനന്യസാധാരണ ജീവചരിത്രമായ ഈ ഗ്രന്ഥം രൂപംപ്രാപിച്ചത്. ഇതിന് അവതാരിക എഴുതുക എന്നത് ചില്ലറ പണിയല്ല. ഞാനതിനു പരിശ്രമിക്കുന്നത് എന്‍റെ അഹന്തകൊണ്ടല്ല. എനിക്ക് ഇടശ്ശേരിയോടുള്ള കടപ്പാടുകൊണ്ടു മാത്രമാണ്. ചുരുങ്ങിയത് എഴുപതുകൊല്ലം പരിചയിച്ചിട്ടും എനിക്കു മനസ്സിലായി എന്നു പറയാൻ ധൈര്യമില്ലാത്തതാണ് ഇടശ്ശേരിയുടെ കവിത. ഞാൻ ഇടശ്ശേരി കവിതയിൽ നിന്നു മനസ്സിലാക്കിയത്, കവിത എന്ന് ഇടശ്ശേരി വിചാരിക്കുന്നത് മനുഷ്യഭാവങ്ങളുടെ സൗന്ദര്യമാണ് എന്നാണ്. ആ സൗന്ദര്യത്തിലാണ് പ്രപഞ്ചസത്യത്തിന്‍റെ പൂർണ്ണത അദ്ദേഹം കണ്ടെത്തിയത്. പൂർണ്ണതയാണല്ലോ, പരമസത്യമായ ദൈവികത! അതിനുവേണ്ടി സ്വന്തം ഞാനെന്ന ഭാവത്തിന്‍റെ നശ്വരത അംഗീകരിക്കലാണ് അദ്ദേഹം ഓരോ കൃതിയിലൂടേയും സാധിച്ചത്. അതിനുവേണ്ടി മഹാത്മജിയുടെ ബലത്തോടെ സ്വന്തം അഹങ്കാരത്തെ പറിച്ചകറ്റാനുള്ള ധീരതയെ ക്രൂരത എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

അവനവനോടുള്ള ആ ക്രൂരത കാരണം അദ്ദേഹത്തിന്‍റെ കവിത, മലയാളത്തിലെ അത്യപൂർവ്വം കവിതകളെന്നപോലെ സൂക്ഷ്മവും തീക്ഷ്ണവും ആയി. കുമാരനാശാന്‍റെ കവിതയുമായി ഇടശ്ശേരിയുടെ കവിതയ്ക്ക് സാദൃശ്യമൊന്നുമില്ലെങ്കിലും ഈ സൂക്ഷ്മതയും തീക്ഷ്ണതയും പലപ്പോഴും അനുവാചകന്‍റെ ബദ്ധപ്പാടിനെ തടഞ്ഞു നിർത്തുന്നു രണ്ടിലും.

എന്നെ സംബന്ധിച്ചു പറഞ്ഞാൽ അഹംഭാവവും ആത്മാഭിമാനവും രണ്ടാണെന്നു മനസ്സിലാക്കിത്തന്നത് ഇടശ്ശേരിക്കവിതയാണ്. അഹങ്കാരം എന്നു പറയുന്നത് പരമാത്മാവിനെ ജീവാത്മാവ് വെല്ലുവിളിക്കലാണ്. ആത്മാഭിമാനം എന്നുപറയുന്നത്, ജീവാത്മാവുതന്നെയാണ് പരമാത്മാവിന്‍റെ പ്രത്യക്ഷീഭാവം എന്നു മനസ്സിലാക്കലാണ്.

ഇവിടെ ഉദ്ധരിക്കേണ്ട രണ്ടു വരി ഇടശ്ശേരിക്കവിതയിലുണ്ട്.

കുനിഞ്ഞെങ്കിലൊരു പുലാവില പെറുക്കാൻ
കുടിച്ചിട്ടു
ണ്ടൊരു കിണ്ണം കൊഴുത്ത കഞ്ഞി

ഇതുകൊണ്ടായിരിക്കാം ഇടശ്ശേരിയുടെ കവിതയ്ക്ക് അദ്ദേഹത്തിന്‍റെ വ്യക്തി സത്തയുമായുള്ള ബന്ധം പറഞ്ഞറിയിക്കാൻ ആവില്ല എന്നു വന്നത്. അവ തമ്മിലുള്ള അഭിന്നത അദ്ദേഹത്തെ ആദ്യം കാണുമ്പോൾ തന്നെ നമുക്കനുഭവിച്ചറിയാൻ സാധിക്കുന്നു. കൃഷ്ണവാരിയർ പറയുന്നു. ''പരിചയപ്പെടുന്നവരെയൊക്കെ തന്നിലേക്ക് അടുപ്പിക്കുവാനുള്ള ഒരു കാന്തിക വ്യക്തിത്വം ഇടശ്ശേരിക്കുണ്ടായിരുന്നു.'' എനിക്കതിനെപ്പറ്റി തോന്നിയിട്ടുള്ളത്. 'ദൈവികത' എന്നാണ്. അരവിന്ദമഹർഷി അതിമാനുഷൻ (Superman) എന്നു വിശേഷിപ്പിച്ചിട്ടുളളത് ഈ സത്യസന്ധതയെ ആയിരിക്കണം. ഞാൻ ചെറുപ്പത്തിൽ പഠിച്ച വേദത്തിലെ രണ്ടു വരി ഇടശ്ശേരിയെ കാണുമ്പോഴൊക്കെ എനിക്ക് ഓർമ്മ വന്നിരുന്നു എന്നു ഞാനിപ്പോൾ പറയുന്നില്ല. ആ വരികളെ ഞാൻ ശരിക്കും നോക്കിക്കണ്ടത് അടുത്തകാലത്തു മാത്രമാണ്.

''സത്യനോത്തഭിതാ ഭൂമി
സൂര്യേണോത്തഭിതാദ്യൗ
''

''ഭൂമിയെ പ്രകാശമാനമാക്കിയത് സത്യമാണ്, ദ്യോവിനെ പ്രകാശമാനമാക്കിയത് സൂര്യനും'', ഈ വരികൾ ഇടശ്ശേരി ശ്രദ്ധിച്ചിട്ടുണ്ട് എന്നോ, ശ്രദ്ധിച്ചിട്ടില്ല എന്നോ ഞാനിവിടെ വ്യഞ്ജിപ്പിക്കുന്നില്ല. പക്ഷെ, ഭൂമിയെ തേജോമയമാക്കിയത് മനുഷ്യൻ കണ്ടുപിടിച്ച സത്യമാണ് എന്ന് ഇടശ്ശേരിക്കറിയാമായിരുന്നു. അറിയില്ലായിരുന്നെങ്കിൽ 'മർത്ത്യൻ സുന്ദരനാണ്' എന്ന് അദ്ദേഹം എഴുതുമായിരുന്നില്ല. തന്‍റെ കാവ്യജീവിതത്തിന്‍റെ ആരംഭത്തിൽ തന്നെ ഇതു മനസ്സിലാക്കാൻ കഴിഞ്ഞു എന്നത് ചില്ലറകാര്യമല്ല. ഇടശ്ശേരി പൊതു സ്വത്തായിരുന്നു എന്ന് എഴുതിക്കൊണ്ട് ഈ അത്യസാധാരണമായ ജീവചരിത്രം അവസാനിപ്പിക്കാൻ കഴിഞ്ഞ കൃഷ്ണവാരിയരും ഇടശ്ശേരിയുടെ വീക്ഷണ വൈപുല്യത്തിന്‍റെ ആഴം മനസ്സിലാക്കത്തക്ക പൊക്കമുള്ള ആളായി എന്നതിലാണ് എന്‍റെ ആശ്വാസം.

മലയാളത്തിലെ സുപ്രസിദ്ധ കളരിയായിരുന്നുവല്ലോ കൊടുങ്ങല്ലൂർ കളരി. അതുപോലെ ഒന്നാണ് പിൽക്കാലത്തുണ്ടായിത്തീർന്ന പൊന്നാനി കളരിയും എന്നു ഈ ഗ്രന്ഥം വെളിപ്പെടുത്തുന്നു.

''ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവിൽ
ഉണ്ടായൊരിണ്ടൽ ബത മിണ്ടാവതല്ല മമ
''

എന്ന ദർശനമാണ്, ആ ദർശനത്തിന്‍റെ ഉദാത്തതയാണ് പൊന്നാനി കളരിയെ എന്നും താങ്ങി നിർത്തിയത്.

അതിന്‍റെ പിറകിൽ വേദത്തിലെ സത്യദർശനത്തെ കണ്ടെത്താവുന്നതാണ്. അക്കാരണത്താലാണ് മുമ്പ് കടവനാട് കുട്ടികൃഷ്ണൻ മരിച്ചപ്പോൾ എം.കെ. സാനു പറഞ്ഞത്. പൊന്നാനി സാഹിത്യത്തിൽ ഒരു ധാർമ്മികതയുടെ സാന്നിദ്ധ്യമുണ്ട് എന്ന്. ആ ധാർമ്മികത ഈ ജീവചരിത്രത്തിന്‍റെ പുറകിലും നമുക്ക് കണ്ടെത്താവുന്നതാണ്.

ഞാനീ കൃതിക്കും ഗ്രന്ഥകാരനും സർവ്വഭാവുകങ്ങളും ആശംസിക്കുന്നു.

 

 

ഉള്ളടക്കം

 

1. കാവ്യലോകത്തേയ്‌ക്കൊരു നാട്ടുവഴി...

2. ''സാധാരണക്കാരൻ ...

3. സരളജീവിതം, സമുന്നതചിന്ത ...

4. നിളയെന്ന നിത്യകാമുകി ...

5. പോയട്രി ക്ലാസ് ...

6. നാടകാവതരണത്തിന്‍റെ നാട്ടുവിശേഷങ്ങൾ ...

7. പൊന്നാനിത്താലൂക്ക് കേന്ദ്രകലാസമിതി ...

8. തലസ്ഥാനത്തേയ്ക്ക് ഒരു യാത്ര ...

9. കവിതകളുടെ അമൃതവർഷം ...

10. സാധിതമാകാത്ത സ്വപ്‌നം ...

11. ഷഷ്ടിപൂർത്തി ...

12. വീണ്ടും വഴുപ്പൻപാറപോലോളത്തിരക്കിൽ ...

13. കടമില്ലിപ്പോൾ ...

14. ഒരു മോഹം ബാക്കി ...

15. ചില കവിതകളുടെ ഉറവ് ...

16. യാത്രാമൊഴികൾ ...

17. 1974 ഒക്ടോബർ 16 ...

18. ഇടശ്ശേരിക്കുടുംബം ...

അനുബന്ധം

ഇടശ്ശേരി സ്മാരകസമിതി ...

 

കാവ്യലോകത്തേയ്‌ക്കൊരു നാട്ടുവഴി

 

ശൈശവം മുതലേ കവിത എനിക്കൊരു സാന്ത്വനമായിരുന്നു. എല്ലാവർക്കും അതങ്ങനെത്തന്നെയായിരുന്നിരിക്കണം. അതായിരിക്കാം താരാട്ടു പാട്ടുകൾക്ക് ഏതു ദേശത്തും ഏതു ഭാഷയിലും ഇത്ര പ്രചാരമുണ്ടാവാനുള്ള ഹേതു. അർത്ഥം മനസ്സിലേശുന്നില്ലെങ്കിലും കവിതയുടെ താളം ശിശുക്കളുടെ അന്തഃകരണങ്ങളിൽ ചില ആരോഗ്യകരമായ ചലനങ്ങൾ സൃഷ്ടിക്കുന്നുണ്ടാവും. അബോധമനസ്സിലുണ്ടാകുന്ന അത്തരം തരംഗങ്ങളായിരിക്കും വളരുന്തോറും അവരുടെ ബോധമണ്ഡലത്തെ കവിതയിലേക്ക് അടുപ്പിക്കുന്നതും .

ഔപചാരിക വിദ്യാഭ്യാസം തുടങ്ങുന്നതിനുമുമ്പുതന്നെ താരാട്ടുകളായും ഈശ്വരസ്തുതികളായും കവിത നമ്മിലേക്ക് പ്രവേശിക്കുന്നു. വിദ്യാലയങ്ങളിൽ നാം കവിതയുമായി ആദ്യം ബന്ധപ്പെടുന്നത് ആംഗ്യപ്പാട്ടുകൾ വഴിയാണ്. കവിത ഉറക്കെ ചൊല്ലുകയും അതുൾക്കൊള്ളുന്ന ആശയം ശരീരഭാഷയിലുടെ വ്യാഖ്യാനിക്കുകയും ചെയ്യുക എന്നതാണ് കാവ്യാനുശീലനത്തിന്‍റെ

ആദ്യപടി. ആംഗ്യപ്പാട്ടുകൾ ഈ ധർമ്മമാണ് നിറവേറ്റുന്നത്. ഇതു നിഷ്ഠയോടെ ചെയ്യുന്നത് യഥാർത്ഥ വിദ്യാഭ്യാസത്തിന്റെ അടിത്തറയാകുന്നു. ബൗദ്ധികവും, വികാരപരവും അവയവപരവുമായ വളർച്ച എന്നതാണല്ലോ വിദ്യാഭ്യാസത്തിന്റെ നിയതമായ ലക്ഷ്യം. വിദ്യാഭ്യാസം മൂന്നു H കളുടെ (Headl, Heart, Hand)) നേരായ രീതിയിലുള്ള വികസനമാണ് എന്നു പറയുന്നത് അതുകൊണ്ടാണ്.

 
രാമ നോക്കുകീ മാവിന്മേൽ മാങ്ങ
കേമമായ് പഴുത്തുനില്പതെത്ര ഭംഗിയിൽ
?

 

എന്നു തുടങ്ങുന്ന പാട്ട് ആംഗ്യസമേതം ഞങ്ങൾ രസിച്ചുചൊല്ലിയിരുന്നത് ഞാനിപ്പോഴും ഓർമ്മിക്കുന്നു. അതു ചൊല്ലിയിരുന്ന രാമനേയും, ഗോവിന്ദനേയും എന്‍റെ മുന്നിൽ ഞാനിപ്പോഴും കാണുന്നു. ആ മാവും അതിന്മേൽ പഴുത്തുനിൽക്കുന്ന മാങ്ങകളും എന്‍റെ സ്മൃതിയിൽ മധുരം നിറയ്ക്കുന്നു.

അവബോധനത്തിനു പദ്യങ്ങളെ മാധ്യമമാക്കുക എന്നതു ഗുരുകുല വിദ്യാഭ്യാസം നിലവിൽ വന്ന കാലത്തേ നാം ശീലിച്ചുപോന്നതാണ്. ഒരുപക്ഷേ, അതിനുമെത്രയോ മുമ്പുതന്നെ ഈ സാധ്യത മനുഷ്യൻ കണ്ടറിഞ്ഞിട്ടുണ്ടായിരിക്കും. അതുകൊണ്ടു പദ്യങ്ങൾ ഹൃദിസ്ഥമാക്കുക എന്നത് അദ്ധ്യയനത്തിന്‍റെ പ്രധാനഭാഗമായി. പദ്യങ്ങളിൽ അദ്ധ്യയന വിഷയങ്ങൾ വിവരിക്കുന്നതോടൊപ്പം കാവ്യാംശം നിലനിർത്തുന്നതിലും അന്നത്തെ ആചാര്യന്മാർ ശ്രദ്ധിച്ചു. നൂറ്റാണ്ടുകൾക്കു മുമ്പു രചിച്ച 'അഷ്ടാംഗഹൃദയം' എന്ന വൈദ്യശാസ്ത്രഗ്രന്ഥത്തിൽ കാലുകളുടെ ചലനശേഷിയെ ബാധിക്കുന്ന രോഗത്തിനുള്ള ചികിത്സാക്രമം വിവരിക്കുന്നതു 'ദ്രുതവിളംബിത' വൃത്തത്തിലാണെന്നതു ശ്രദ്ധിക്കുക. അങ്ങനെ കവിത നമ്മുടെ നിത്യജീവിതത്തിന്നു പ്രാണവായുവായി.

ആംഗ്യപ്പാട്ടുകളുടെ ലോകത്തുനിന്ന് പണ്ടത്തെ കുട്ടികൾ പ്രവേശിച്ചിരുന്നതു മഹാകവി കുഞ്ചൻനമ്പ്യാരുടെ 'ശ്രീകൃഷ്ണചരിതം' മണിപ്രവാളത്തിലേയ്ക്കായിരുന്നു. ഈ പുസ്തകത്തിലെ ഓരോ സർഗ്ഗം മൂന്നാം ക്ലാസിലും നാലാം ക്ലാസിലും നിർബന്ധമായും പഠിക്കേണ്ടതുണ്ടായിരുന്നു.

 

ഉഴക്കു ചോർകൊണ്ടാരു വാസരാന്തം
കഴിക്കുമഞ്ചാറു ജനങ്ങളിപ്പോൾ
കിഴക്കുദിക്കും പൊഴുതാത്മജന്മാർ
കഴൽക്കുകെട്ടിക്കരയുന്നു കാന്താ.

 

എന്നിങ്ങനെയുള്ള വരികളിൽ സ്വന്തം അനുഭവങ്ങളുടെ കാവ്യഛായ മനസ്സിൽ സൃഷ്ടിക്കുന്ന അലകൾ അവർ കണ്ടു. അവ അവരെ അലോസരപ്പെടുത്തുകയും സാന്ത്വനപ്പെടുത്തുകയും ചെയ്തു. അതോടൊപ്പം സുഭാഷിതമാല എന്ന മറ്റൊരു ചെറിയ കാവ്യഗ്രന്ഥവും പഠിക്കാനുണ്ടായിരുന്നു.

 

മെല്ലെ മെല്ലെപഠിച്ചിട്ടു
വിദ്വാനാകാൻ ശ്രമിക്കണം
പർവ്വതാഗ്രത്തിലാരാനും
ഓടിക്കേറാൻ ശ്രമിക്കുമോ
?

 

ഇത്തരം സാരോപദേശങ്ങളോടൊപ്പം കവിതയും അവരുടെ മനസ്സിലേക്കു അനായാസം കടന്നുകയറി.

ഈ പടവുകൾ ചവിട്ടിക്കയറുമ്പോൾ മറ്റുപല കവിതകളുടേയും രചനകളിലെ തുടിപ്പുകൾ എന്‍റെ മനസ്സ് ഉൾക്കൊണ്ടു. ഒരു സമാന്തരവിദ്യാഭ്യാസ പ്രവർത്തനമെന്നോണം അദ്ധ്യാത്മരാമായണം, മഹാഭാരതം, മഹാഭാഗവതം എന്നീ ഗ്രന്ഥങ്ങൾ എന്‍റെ മുത്തശ്ശിമാരെ വായിച്ചു കേൾപ്പിക്കാനുള്ള നിയോഗം വന്നു ചേർന്നതും വലിയൊരനുഗ്രഹമായി. കവിതയിലേക്കു മാത്രമല്ല ജീവിതത്തിലേക്കും കണ്ണും മനസ്സും തുറന്നുപിടിക്കാൻ ഈ നിയോഗം സഹായകമായി. അന്നു കാവ്യരംഗത്തു നിറഞ്ഞുനിന്നിരുന്ന കവിത്രയം, ജി. ശങ്കരക്കുറുപ്പ്, ബാലാമണിയമ്മ എന്നിവരൊക്കെ എന്നെ വളരെ സ്വാധീനിച്ചു. മഹാകവി വള്ളത്തോൾ പ്രത്യേകിച്ചും. വ്യവസ്ഥിതികളോടു കലഹിക്കാൻ ബാലമനസ്സുകൾക്ക് ജന്മനായുള്ള അഭിനിവേശത്തിന്നു നേർവഴി തുറന്നുകൊടുക്കുന്ന മഹാകവി വള്ളത്തോളിന്‍റെ ദേശാഭിമാന പ്രദ്യോതമായ കവിതകൾ എനിക്കന്നൊക്കെ ഒരാവേശമായിരുന്നു.

ആയിടെയാണ് മഹാകവി ജി. ശങ്കരക്കുറുപ്പിന്‍റെ 'പശ്ചാത്താപം' എന്ന കവിത എന്നെ പിടിച്ചുലച്ചത്. കവിതയ്ക്ക് ഇത്രമാത്രം ഹൃദയദ്രവീകരണ ശക്തിയുണ്ടെന്ന് അനുഭവബോധ്യം വന്നതും അപ്പോഴാണ്. വാടിയ മുഖവുമായി അടുത്തിരിക്കുന്ന കുട്ടിയെ തന്‍റെ മടിയിൽ ചേർത്തു പിടിച്ചു അവന്‍റെ മനോരാജ്യം എന്തെന്ന് അമ്മ അന്വേഷിക്കുന്നു. പാതവക്കത്ത് പൈദാഹവിവശനായ അന്ധനായ വൃദ്ധൻ 'ചില്ലിക്കാശിന്'-ലോകർതന്നനുകമ്പാമൃതത്തുള്ളിക്ക്-പാത്രം വച്ച് ഇരിക്കുന്നു. കുട്ടി വെറും നേരമ്പോക്കിന് ഒരു കല്ലെടുത്ത് ആ മൺകലത്തിലിട്ടു. കലം രണ്ടായി പിളർന്നു

''ചൊല്ലിനാൻ വൃദ്ധൻ നെഞ്ചു പൊടിഞ്ഞു നരകത്തിൽ
കല്ലറയ്ക്കടിക്കല്ലുപാകുന്ന മൂഢാത്മാവേ
,
മച്ചിത്തം പിളർക്കുവതെന്തതിൻ ശകലത്താൽ
മേൽച്ചുമർ വയ്ക്കാനാവാം
, നിനക്കു നന്നാവട്ടെ''
അമ്മ മകനെ ആശ്വസിപ്പിക്കുന്നു.
''പൈതലേ നീ താണുപോയ് പാതാളദേശത്തോളം.
കൈതരും പശ്ചാത്താപം
, കേറുവാനതിൽ നിന്നും''

 ഇത് എന്‍റെ ജീവിതത്തിൽ നിന്നു ചീന്തിയെടുത്ത ഒരേടാണ്. വക്കിൽ പുരണ്ടിരിക്കുന്ന രക്തം എന്നെ വല്ലാതെ അലട്ടി. അമാവാസിനാൾ തിരുനാവായിൽ കുളിച്ചുതൊഴാൻ പോകുന്ന ഞാൻ വഴിയോരത്ത് പാത്രം വച്ചു ദൂരെ മാറിനിന്നു ഭിക്ഷക്കായി കേഴുന്ന നായാടികളെ കബളിപ്പിക്കാനായി അവരുടെ പാത്രത്തിൽ നാണയങ്ങളെന്ന വ്യാജേന കല്ലുകളിടുക പതിവായിരുന്നു. ആളുകൾ നീങ്ങിയാൽ അവർ ഓടിവന്നു പാത്രത്തിൽ കല്ലുകണ്ടു നിരാശരായി ശാപവാക്കുകൾ ഉച്ചരിച്ചു തിരികെ പോകുന്നതു കാണാനുള്ള ക്രൂരമായ രസം. ധർമ്മാധർമ്മ ചിന്തകൾക്ക് മനസ്സിൽ ഇടം ലഭിക്കാത്ത പ്രായമായിരുന്നു അപ്പോൾ.

 

ഞാനിട്ട കല്ലെൻ ഹൃദയത്തിലാണു വീണത്; ശക്തി-
ഹീനനാമെനിക്കതു ദുർഭരം മഹാഭാരം.

 

എന്ന വരികൾ എന്റെ മനസ്സിൽ അനേകനാൾ പ്രതിദ്ധ്വനിച്ചുകൊണ്ടിരുന്നു. കവിത ജീവിതത്തെ സ്പർശിക്കുന്നതെങ്ങനെയെന്നു ഞാനപ്പോൾ തിരിച്ചറിഞ്ഞു.

ചങ്ങമ്പുഴക്കവിതകൾ എനിക്കൊരാവേശമായത് എറണാകുളത്ത് മഹാരാജാസ് കോളേജിൽ ഇന്റർമീഡിയറ്റ് ക്ലാസ്സിൽ ചേർന്നപ്പോഴാണ്. ഇന്ത്യൻ സ്വാതന്ത്ര്യം എന്ന മഹാമോഹം കയ്യെത്താവുന്ന ദൂരത്തെത്തിയ സന്ദർഭമായിരുന്നു അത്. നാടെങ്ങും തുടിച്ചു നിന്നിരുന്ന ആ ആവേശവും പേറിയാണ് ഞാൻ കോളേജിലെത്തിയത്. പക്ഷെ അവിടത്തെ അന്തരീക്ഷം വ്യത്യസ്തമായിരുന്നു. ഉന്മേഷത്തിന്‍റെ അലകൾക്കുപകരം അവിടെ മഴക്കാറു മൂടി നിൽക്കുകയായിരുന്നു. കോളേജിലെ ഒരു പൂർവ്വ വിദ്യാർത്ഥി കൂടിയായിരുന്ന മഹാകവി ചങ്ങമ്പുഴ രോഗാതുരനായി ഇടപ്പിള്ളിയിലെ സ്വഗൃഹത്തിൽ കിടക്കുന്നു. ആ കവിയെക്കുറിച്ചും അദ്ദേഹത്തിന്‍റെ കവിതകളെക്കുറിച്ചുമുള്ള സംഭാഷണങ്ങളായിരുന്നു എവിടെയും. സ്വാഭാവികമായും എന്‍റെ മനസ്സും അതിവേഗം ആ അന്തരീക്ഷം ഒപ്പിയെടുത്തു. ചങ്ങമ്പുഴയുടെ കവിതകൾ പലതും എനിക്കു ഹൃദിസ്ഥമായി. അദ്ദേഹത്തിന്‍റെ ഗൃഹത്തിലേയ്ക്കുള്ള തീർത്ഥയാത്രാ സംഘങ്ങളിൽ ഞാനും ഉൾപ്പെട്ടു.

 

വേദന, വേദന, ലഹരിപിടിക്കും
വേദന ഞാനിതിൽ മുഴുകട്ടെ.
മുഴുകട്ടെ മമജീവനിൽ നിന്നൊരു
മുരളീമൃദുരവമൊഴുകട്ടെ.

 

എന്നു ചൊല്ലിക്കൊണ്ട് ചങ്ങമ്പുഴ മരണത്തെ എതിരേറ്റു. കോളേജു മുഴുവൻ ദു:ഖം പരത്തിയ ഒരു മരണമായിരുന്നു അത്. കോളേജിൽ ചേർന്ന അനുസ്മരണയോഗത്തിൽ മഹാകവി ജി. ശങ്കരക്കുറുപ്പ് വിതുമ്പിക്കൊണ്ടു പറഞ്ഞ വാക്കുകൾ ഞാനിപ്പോഴും ഓർമ്മിക്കുന്നു. അദ്ദേഹം പറഞ്ഞു. ''ഞാൻ മരിച്ചാൽ എന്നെ അനുസ്മരിക്കുന്ന യോഗത്തിൽ ചങ്ങമ്പുഴ പ്രസംഗിക്കണമെന്നായിരുന്നു എന്‍റെ ആശ. ഞാനിന്നു നാലാമത്തെ അനുസ്മരണ യോഗത്തിലാണ് ചങ്ങമ്പുഴയെക്കുറിച്ചു സംസാരിക്കുന്നത്. ഞങ്ങളാകുന്ന കവികൾ സാധാരണക്കാരന്‍റെ ഹൃദയകവാടത്തിൽ മുട്ടി വിളിക്കുമ്പോൾ ചങ്ങമ്പുഴ അതിന്നുള്ളിലിരുന്നു മന്ത്രിക്കുകയായിരുന്നു.''

ബി.എ. പഠനം മറ്റൊരു കോളേജിലായിരുന്നു. അവിടെ ഹോസ്റ്റലിൽ ഒരു ചെറിയ കാവ്യസദസ്സ് രൂപം കൊണ്ടു. നിത്യവും സന്ധ്യക്കു സഹപാഠികളുടെ ഒരു സംഘം എന്‍റെ മുറിയിൽ വരും. ഞങ്ങൾ ഏതെങ്കിലും ഒരു കവിത വായിക്കും. അതിനെപ്പറ്റി ഒരു ചെറിയ ചർച്ച നടത്തും. കാവ്യോപാസകരായിരുന്നു എല്ലാവരും. വള്ളത്തോളിന്‍റെയോ, ചങ്ങമ്പുഴയുടേയോ കവിതകളായിരിക്കും മിക്കദിനങ്ങളിലും ഞങ്ങളുടെ മുന്നിൽ വരുക. അപൂർവ്വമായി ആശാനും ജി.ശങ്കരക്കുറുപ്പും കടന്നുവന്നുവെന്നും വരും. ഈ സദസ്സിൽ പങ്കെടുത്തിരുന്ന ഒരു സഹപാഠിയിൽ വള്ളത്തോളിന്‍റെ 'പൈശാചയജ്ഞം' എന്ന കവിത വരുത്തിയ പരിണാമം അത്ഭുതകരമായ ഒരു കാര്യമാണ്. കോഴിമാംസമില്ലാതെ ഒരു ദിവസം പോലും ഭക്ഷണം കഴിക്കാൻ വയ്യ എന്ന ശീലത്തിനടിമയായിരുന്നു ആ സുഹൃത്ത്.

 

ഘാതകന്‍റെ കരാളമാം വാളേറ്റ-
സ്സാധുവിൻ തല മെയ്യോടു വേർപെട്ടു
അന്നെടുംഗളം കാഹളമൂതുകി-
ല്ലിനിമേലിൽ നിനക്കായ് പ്രഭാതമേ

എന്നും

ആടിനും ഗതി കോഴിയുടേതുതാ-
നാരു കേൾക്കുമവറ്റിൻ നിലവിളി

 

എന്നുമുള്ള വരികൾ ചൊല്ലുമ്പോൾ അദ്ദേഹം കൈകൾക്കൊണ്ടു മുഖം പൊത്തി തേങ്ങി.

 

''ഭദ്രകുക്കുടകുലാസ്രതർപ്പണാൽ
ഭദ്രകാളി ബഹുദുഷ്ടമർദ്ദിനി
സദ്രസം കരുണ ചെയ്യുമെന്നൊരി-
ക്ഷുദ്രമാന്ത്രികമതം ഭയങ്കരം.
''

 

എന്ന വള്ളത്തോൾ ശ്ലോകവും അനുബന്ധമായി ഞാൻ ചൊല്ലി. പിറ്റേന്നു മുതൽ അദ്ദേഹം മാംസാഹാരം ഉപേക്ഷിച്ചു.

ഒരു ദിവസം ഒരു സുഹൃത്ത് ഇടശ്ശേരിയുടെ 'ചകിരിക്കുഴികൾ' (നവമ്പർ 4, 1950) എന്ന കവിതയുമായാണ് വന്നത്. അതു ചൊല്ലിക്കഴിഞ്ഞപ്പോൾ എന്‍റെ മനസ്സ് ഒരു രാസപ്രവർത്തനത്തിനു വിധേയമായി. കവിതയെപ്പറ്റിയുള്ള എന്‍റെ ധാരണകളെല്ലാം അതു പൊളിച്ചെഴുതി. ലല്ലലം പാടി മയങ്ങിയിരുന്ന എന്‍റെ കാവ്യബോധത്തെ ആ കവിത 'ക്‌ടോം ക്‌ടോം' എന്നു തട്ടിയുണർത്തി. കവിതയിൽ ചിന്തേരിട്ട വാക്കുകളേ ഉപയോഗിക്കാവൂ എന്ന എന്റെ സങ്കല്പം ഇടശ്ശേരി വീതുളിക്കൊണ്ടു ചെത്തി മാച്ചു.

 

''ഇക്കയർ പണിയും സോദരിമാരുടെ
ദു:ഖം പാടി നടപ്പു ഞാൻ
''

 

എന്ന വരികളിൽ മനുഷ്യസ്‌നേഹം തുടിക്കുന്നതു ഞാൻ കണ്ടു. യജ്ഞ വേദികളിൽ മനുഷ്യകഥാനുഗാനം നടത്തുന്ന ഒരു സൂതനായി ഇടശ്ശേരിയെ ഞാൻ വിഭാവനംചെയ്തു. സ്വന്തം ദുഃഖത്തെ പാടി നടക്കുന്നതല്ല യഥാർത്ഥ കവിത എന്നു തിരിച്ചറിഞ്ഞു. ചുരുക്കത്തിൽ കവിതയുടെ ഒരു പുതിയ മുഖം എന്‍റെ മുന്നിൽ തെളിഞ്ഞു വന്നു. അലകടൽ താണ്ടി വരുന്നൊരു കപ്പൽച്ചിറകിനുചേർന്ന ഞരമ്പുകളും ആ കരശില്പവും കണ്ടഭിനന്ദിക്കുന്നതിനൊപ്പം മനുജത നാറിച്ചീയും ചകിരിപ്പടുകുഴിയെക്കൂടി കാണുവാനുള്ള കവിയുടെ ആഹ്വാനം എന്‍റെ ഉള്ളിൽ എവിടെയെല്ലാമോ ചെന്നു കൊണ്ടു. കാണേണ്ടതൊക്കെ കാണാനും അവ കണ്ടില്ലെന്നു നടിക്കുന്നവരുടെ മുന്നിലേക്കെറിഞ്ഞുകൊടുക്കാനുമുള്ള കവിയുടെ വിരുത് എന്നെ അത്ഭുതപ്പെടുത്തി. മാറിക്കൊണ്ടുവരുന്ന കാവ്യഭാഷയുടെ മുൻനിരയിൽ ഇടശ്ശേരിയുടെ തൂലിക വേറിട്ടു നിൽക്കുന്നത് ഉത്സാഹജനകമായ ഒരു കാഴ്ചയായി നിന്നു. 'ഇതാ ഇതിലേ' എന്ന ദിശാസൂചകം ആ തൂലികയിൽ തെളിഞ്ഞു കാണാമായിരുന്നു.

തികച്ചും യാദൃച്ഛികമെന്നു പറയട്ടെ ഒരു മാസത്തിനുശേഷം ഒരു ദിവസം ഉച്ചയൊഴിവിൽ കോളേജ് റീഡിംഗ് റൂമിൽ പത്രം വായിക്കാൻ ചെന്ന ഞാൻ ഡസ്‌കിനു മുകളിൽ ആരോ വായിച്ചു തുറന്നുവെച്ചുപോയ 'മാതൃഭൂമി' ദിനപത്രത്തിന്റെ അഞ്ചാം പേജിലെ ഒരു തലക്കെട്ടാണ് ആദ്യം കണ്ടത്. 'ഞാൻ മരിച്ച് ഇരുപത്തഞ്ചു വർഷമെങ്കിലും കഴിഞ്ഞേ എനിയ്ക്ക് ആസ്ഥാന കവിപ്പട്ടം കിട്ടു - ഇടശ്ശേരി'(ജനുവരി 1951) എന്നായിരുന്നു ആ നീണ്ട തലക്കെട്ട്. ബോംബെയിലെ കേരളസമാജം നൽകിയ ഒരു സ്വീകരണം കഴിഞ്ഞു മടങ്ങുമ്പോൾ മദിരാശി മലയാളി സമാജത്തിലെ ഒരു ചടങ്ങിൽ ആരോ അദ്ദേഹത്തിനു നേരെയെറിഞ്ഞ 'മഹാകവി വള്ളത്തോളിന്നു ശേഷം ആരായിരിക്കും മലയാളത്തിലെ ആസ്ഥാനകവി?' എന്ന ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടിയായിരുന്നു അത്. സാഹിത്യസദസ്സുകളിലും മാധ്യമങ്ങളിലും അന്നു നിറഞ്ഞുനിന്നിരുന്ന ഒരു വിവാദവിഷയമായിരുന്നു അത്. അഭ്യൂഹങ്ങൾ സൃഷ്ടിക്കുകയും വിവാദം കൊഴുപ്പിക്കുകയും ഇന്നത്തേപോലെ അന്നത്തേയും പതിവായിരുന്നു. ചോദ്യകർത്താവിന്‍റെ ഉദ്ദേശ്യം ഇടശ്ശേരിയെ വിവാദത്തിലേക്കു വലിച്ചിഴയ്ക്കുക എന്നതായിരുന്നു. ആ വാൾമുനയിൽ നിന്ന് ഒഴിഞ്ഞു മാറിയ ഇടശ്ശേരിയുടെ മെയ് വഴക്കം അസാധാരണമായിരുന്നു.

അതു മാത്രമല്ല, ആ ഉത്തരത്തിൽ ഇടശ്ശേരി പ്രദർശിപ്പിച്ച ക്രാന്തദർശിത്വവും അസാധാരണമായിരുന്നു. ഇടശ്ശേരി മരിച്ച് ഇരുപത്തഞ്ചു വർഷമായപ്പോഴേയ്ക്കും ഇടശ്ശേരി കൂടുതൽ വായിക്കപ്പെടുകയും വ്യാഖ്യാനിക്കപ്പെടുകയും ചെയ്തു. വരകവികളുടെ കൂട്ടത്തിൽ അദ്ദേഹം സ്ഥിരപ്രതിഷ്ഠ നേടി. റോബർട്ട് ബ്രൗണിങ്ങ് എന്ന ആംഗലകവിയുടെ ജാതകനിയോഗവും ഇതുപോലെതന്നെയായിരുന്നു. ജീവിച്ചിരിക്കുമ്പോൾ അധികമൊന്നുംകൊണ്ടാടപ്പെടാതിരുന്ന ആ കവി മൺമറഞ്ഞതിനുശേഷമാണ് കൂടുതൽ അംഗീകാരവും ആദരവും നേടിയത്. ഇടശ്ശേരിയുടേയും ബ്രൗണിങ്ങിന്റേയും കാവ്യശൈലിക്ക് അസാമാന്യമായ ഇഴപ്പൊരുത്തവുമുണ്ട്.

ആ മദ്ധ്യവേനലവധിക്കാലത്താണ് ഇടശ്ശേരിയെ ഞാനാദ്യമായി കാണുന്നത്. കുറ്റിപ്പുറത്തു സാഹിത്യ പ്രവർത്തകരുടെ ഒരു ക്യാമ്പ് നടക്കുന്നു. സാഹിത്യരസികനായ ഒരു സുഹൃത്തുമൊന്നിച്ച് തോട്ടുവരമ്പത്തുകൂടെയും റെയിലോരത്തുകൂടെയും നടന്നു ക്യാമ്പ് നടക്കുന്ന കുറ്റിപ്പുറം ബോർഡ് ഹയർ എലിമെന്ററി സ്‌കൂളിലെത്തി. ക്യാമ്പ് തുടങ്ങിക്കഴിഞ്ഞിരുന്നു. പിന്നിലെ ഒരു ബഞ്ചിൽ ഞങ്ങൾ സ്ഥലം പിടിച്ചു. ക്യാമ്പംഗങ്ങളായല്ല, വെറും ശ്രോതാക്കളായി. സുഹൃത്ത് എന്‍റെ ചെവിയിൽ മന്ത്രിച്ചു. 'ആകാശത്തേയ്ക്കു ദൃഷ്ടികളുയർത്തി നിന്നുകൊണ്ട് അവിടെനിന്ന് എന്തെല്ലാമോ വലിച്ചെടുത്തു വാക്കുകളാക്കി പ്രസംഗിക്കുന്ന മനുഷ്യനില്ലേ, അദ്ദേഹമാണ് അക്കിത്തം അച്യുതൻ നമ്പൂതിരി. അടുത്ത് കണ്ണുകൾ തന്‍റെ ഉള്ളിലേക്കു വലിച്ച് അവിടെ എന്തോ തിരയുന്ന മട്ടിൽ കസേരയിലിരിക്കുന്ന ആളാണ് ഇടശ്ശേരി'. വൈകുന്നേരം വരെ ആ ക്യാമ്പിലെ നടപടികൾ ശ്രദ്ധിച്ചുകൊണ്ട് ഞങ്ങൾ കഴിച്ചുകൂട്ടി. മടങ്ങുമ്പോൾ ഇടശ്ശേരി അന്നു ക്യാമ്പിൽ ചെയ്ത പ്രസംഗത്തിൽ നിന്നു ഞാൻ ഊറ്റിയെടുത്ത സാരാംശം ഒരു മന്ത്രം കണക്കെ എന്‍റെ മനസ്സ് ഉരുവിട്ടുകൊണ്ടിരുന്നു. ജീവിതം എന്നതു ജീവികളും പ്രപഞ്ചവും തമ്മിലുള്ള പാരസ്പര്യമാണ്. അതിന്‍റെ തുടിപ്പുകൾ കവിത, കഥ, ഗീതം, നൃത്തം എന്നിവയിൽ മാത്രമല്ല ഓരോരുത്തരും ചെയ്യുന്ന കർമ്മത്തിൽപോലും പുനഃസൃഷ്ടിക്കപ്പെടുന്നു. ഇതിനെയാണ് നാം സർഗ്ഗപ്രതിഭ എന്നു പേരിട്ടു വിളിക്കുന്നത്. അധികം താമസിയാതെ 'മാതൃഭൂമി' ആഴ്ചപ്പതിപ്പിൽ അദ്ദേഹത്തിന്റെ 'പെങ്ങൾ' (മെയ് 4, 1952) എന്ന കവിത അച്ചടിച്ചു വന്നത് വായിക്കാനിടയായപ്പോൾ ഇടശ്ശേരിയുടെ ഈ കാഴ്ചപ്പാട് എനിക്കു കൂടുതൽ വിശദമാവുകയും ചെയ്തു.

ഇടശ്ശേരിയുടെ 'കൂട്ടുകൃഷി' (1949) എന്ന നാടകം മലബാർ പ്രദേശത്തെ കലാപ്രേമികളുടെ ഇടയിൽ ഒരു മഹാസംഭവമായിക്കഴിഞ്ഞിരുന്നു. കലാസാഹിത്യ സദസ്സുകളിൽ ആ നാടകവും അതു സംവഹിക്കുന്ന സന്ദേശവും അതിന്‍റെ അവതരണമേന്മയും അതിൽ പങ്കെടുക്കുന്ന കലാകാരന്മാരും പ്രശംസിക്കപ്പെടുന്നത് പതിവായി. പ്രസിദ്ധ കഥാകൃത്ത് പി.സി. കുട്ടികൃഷ്ണൻ, കവി അക്കിത്തം തുടങ്ങിയവരും നാടകത്തിലെ അഭിനേതാക്കളാണെന്നതും അത്ഭുതാദരങ്ങളോടെയാണ് സഹൃദയ സദസ്സുകൾ വാഴ്ത്തിയിരുന്നത്.

back to index

 

''സാധാരണക്കാരൻ

 

ആ അദ്ധ്യയനവർഷാരംഭത്തിൽ (1952 ജൂണിൽ) പൊന്നാനി എ.വി. ഹൈസ്‌കൂളിൽ അദ്ധ്യാപകനായി ഞാൻ ജോലിയിൽ പ്രവേശിച്ചു. മൂന്നാം നാൾ വൈകുന്നേരം എന്‍റെ ഒരു സഹപ്രവർത്തകനോടൊപ്പം സ്‌കൂളിനു മുന്നിൽത്തന്നെയുള്ള പീടികമുകളിൽ പ്രവർത്തിച്ചിരുന്ന കൃഷ്ണപ്പണിക്കർ വായനശാലയിൽ കയറിച്ചെന്നു. വരാന്തയിൽ ഒരു കസേരമേൽ ഇടശ്ശേരി ഇരിക്കുന്നുണ്ടായിരുന്നു. എന്‍റെ സഹപ്രവർത്തകൻ ഇടശ്ശേരിക്കു എന്നെ പരിചയപ്പെടുത്താൻ തുടങ്ങിയപ്പോഴേയ്ക്കും എന്റെ പേരും വീടും നാടും എല്ലാം അദ്ദേഹം ഇങ്ങോട്ടു പറഞ്ഞു. എനിക്കത്ഭുതം തോന്നി. എത്രയോ കാലമായി ഞങ്ങൾ പരിചിതരായിരുന്നു എന്ന മട്ടിലാണ് അദ്ദേഹം പെരുമാറിയത്. ഇത് അദ്ദേഹത്തിന്‍റെ സ്വഭാവത്തിന്‍റെ വൈശിഷ്ട്യമേറിയ ഒരു ഭാഗമാണെന്നു ഞാൻ പിന്നീട് മനസ്സിലാക്കി. പുതുതായി ആരെയെങ്കിലും കാണുമ്പോൾ അവരെപ്പറ്റിയെല്ലാം അറിയാൻ ശ്രമിക്കുക എന്നത് അദ്ദേഹത്തിന്‍റെ സവിശേഷതയാണ്. സാധാരണ മനുഷ്യർ എന്തെങ്കിലും ആവശ്യം സാധിക്കേണ്ടിവരുമ്പോൾ മാത്രമേ മറ്റുള്ളവരെ പരിചയപ്പെടുവാൻ ശ്രമിക്കാറുള്ളു. ഇടശ്ശേരിയുമായുള്ള എന്‍റെ അന്നത്തെ കൂടിക്കാഴ്ച പിന്നീട് ഇരുപത്തിരണ്ടിലധികം കൊല്ലക്കാലം നീണ്ടു നിന്ന ഒരു ബന്ധത്തിന്‍റെ തുടക്കമായി.

കൃഷ്ണപ്പണിക്കർ വായനശാല അക്കാലത്ത് പൊന്നാനിയിലെ സാംസ്‌കാരിക പ്രവർത്തനങ്ങളുടെ സ്രോതസ്സായിരുന്നു. വായനാശീലം വളർത്തുക എന്നതുതന്നെയായിരുന്നു വായനശാലയുടെ മുഖ്യോദ്ദേശ്യം. പത്രങ്ങൾ കൂടാതെ ഒട്ടേറെ ആനുകാലിക പ്രസിദ്ധീകരണങ്ങളും അവിടെ വായനക്കാരെ കാത്തുകിടപ്പുണ്ടാകും. ഇവയിൽ മിക്കതും പ്രസാധകർ ഇടശ്ശേരിക്ക് ഉപചാരപൂർവ്വം അയച്ചുകൊടുക്കുന്നവയാണ്. അംഗങ്ങൾക്കു വായനശാലയിൽ വന്നു പുസ്തകങ്ങൾ എടുത്തുകൊണ്ടുപോകുവാനുള്ള സൗകര്യം കൂടാതെ വായനശാലയിൽ വരാൻ ബുദ്ധിമുട്ടുള്ളവർക്ക് പുസ്തകങ്ങൾ വീടുകളിൽ എത്തിച്ചുകൊടുക്കുന്ന സമ്പ്രദായവും അവിടെ പരീക്ഷിച്ചിരുന്നു. മറ്റ് പ്രവർത്തനങ്ങൾ വയോജന വിദ്യാഭ്യാസം, സാഹിത്യസംവാദങ്ങൾ, നാടകാവതരണം എന്നിങ്ങനെയുള്ള രംഗങ്ങളിലേയ്ക്കും വ്യാപിച്ചു കിടന്നു. ഉത്സാഹവും അർപ്പണബോധവും കൈമുതലായുള്ള നല്ലൊരു സംഘം പ്രവർത്തകരായിരുന്നു വായനശാലയുടെ മൂലധനം. നാടിന്‍റെ നവോത്ഥാനരംഗത്തും വായനശാലാ പ്രവർത്തകർ ഊർജ്ജസ്വലതയോടെ കർമ്മനിരതരായി. ഇതിനെല്ലാം അവർക്കു വീറും വീര്യവും നൽകിയത് ഇടശ്ശേരിയുടെ നേതൃത്വമായിരുന്നു. ആ ഒഴുക്കിലെ ഒരു പോളയാകാൻ കഴിഞ്ഞത് ഒരു ഭാഗ്യമായി ഞാൻ കരുതുന്നു.

പരിചയപ്പെടുന്നവരെയൊക്കെ തന്നിലേക്ക് അടുപ്പിക്കുവാനുള്ള ഒരു കാന്തികവ്യക്തിത്വം ഇടശ്ശേരിക്കുണ്ടായിരുന്നു. ലാളിത്യം, നിർഭയത്വം, സമചിത്തത, സഹജീവിസ്‌നേഹം, പരക്ലേശവിവേകം, മാനുഷ്യം, നിസ്വാർത്ഥത, ദാക്ഷിണ്യം എന്നീ മൂല്യങ്ങളിൽ അധിഷ്ഠിതമായിരുന്നു അദ്ദേഹത്തിന്‍റെ ജീവിതം. താനുമായി ബന്ധപ്പെടുന്നവരിലേക്ക് ഈ മൂല്യങ്ങൾ പ്രസരിപ്പിക്കുന്ന ഒരു അമാനുഷിക പ്രഭാവം അദ്ദേഹത്തിനുണ്ടായിരുന്നു. ഇതായിരിക്കാം വായനശാലാ പ്രവർത്തകർ ഒരേ കുടുംബാംഗങ്ങളെപോലെ കഴിയാനിടയായതിന്‍റെ പ്രേരകശക്തി.

ഒരു വൈകുന്നേരം വായനശാലയിൽ ചെന്നപ്പോൾ ഇടശ്ശേരിയുടെ കൂടെ ചിരിച്ചുകൊണ്ടിരിക്കുന്ന മറ്റൊരാളെക്കൂടി കണ്ടു. ഇടശ്ശേരി ഞങ്ങളെ പരിചയപ്പെടുത്തി. ശ്രീ. ടി. ഗോപാലക്കുറുപ്പ് എന്ന അതുല്യനടനായിരുന്നു അദ്ദേഹം. മുഖവുരയൊന്നും കൂടാതെ അദ്ദേഹം എന്നോട് ആദ്യം ചോദി ച്ചത് 'കൂട്ടുകൃഷി' എന്ന നാടകകൃതി ഇംഗ്ലീഷിലേക്കു തർജ്ജമ ചെയ്യാമോ എന്നാണ്. അത് പ്രയാസമാണെന്നു ഞാൻ പറഞ്ഞു. അതിലെ ഗ്രാമീണ ഭാഷയും ഗ്രാമീണാന്തരീക്ഷവുമെല്ലാം ബലികൊടുത്തേ അങ്ങനെ ചെയ്യാനാവൂ. അപ്പോൾ മൂലകൃതിയുടെ ഒരു നിഴലേ നമുക്കു ലഭിക്കുകയുള്ളു. എന്‍റെ അഭിപ്രായം അദ്ദേഹത്തിന്നിഷ്ടപ്പെട്ടുവെന്നു തോന്നി.

ഓണം കഴിഞ്ഞപ്പോൾ വായനശാലയിലെ അംഗങ്ങളുടെ ഒരു പൊതു യോഗം ചേർന്നു. ശ്രീ. പി.സി. കുട്ടികൃഷ്ണനും ആ യോഗത്തിൽ പങ്കെടുത്തു. അന്നാണ് പി.സി.യുമായി ഞാൻ പരിചയപ്പെട്ടത്. അദ്ദേഹത്തിന്‍റെ കഥകൾ പലതും ഞാൻ വായിച്ചിട്ടുണ്ടായിരുന്നു. ഒരു സംഭാഷണ പ്രിയനായിരുന്നു അദ്ദേഹം. നർമം നിറഞ്ഞ ആ സംഭാഷണവും ഇടയ്ക്കിടയ്ക്കുള്ള ആ പൊട്ടിച്ചിരിയും എനിക്കിഷ്ടപ്പെട്ടു.

യോഗം ആരംഭിച്ചു. സാധാരണയുള്ള യോഗച്ചടങ്ങുകൾക്കുശേഷം പി.സി. പറഞ്ഞു. അടുത്തൊരു ദിവസം നമുക്കൊരു സാഹിത്യചർച്ച വേണം. 'സാഹിത്യവും ജീവിതവും' എന്നു തുടങ്ങിയ വലിയ ഭാരപ്പെട്ട വിഷയങ്ങളൊന്നും നാമിപ്പോൾ ചർച്ച ചെയ്യേണ്ട. എന്‍റെ നിർദ്ദേശം, ഇടശ്ശേരിക്കു സമ്മതമാണെങ്കിൽ, നമുക്ക് അദ്ദേഹത്തിന്റെ 'ബുദ്ധനും ഞാനും നരിയും' (1951) എന്ന കവിതയെപ്പറ്റിയാവാം ചർച്ച എന്നാണ്. ആ കവിത പല കവികളുടേയും സാഹിത്യപണ്ഡിതന്മാരുടേയും ഇടയിൽ ഒരു ഇളക്കം സൃഷ്ടിച്ചിട്ടുണ്ട്. ഗോപാലക്കുറുപ്പ് അപ്പോൾ ഇടശ്ശേരിയോടു ചോദിച്ചു. ''എന്താ ഇടശ്ശേരിയുടെ അഭിപ്രായം?'' ഇടശ്ശേരി പറഞ്ഞു. ''എനിക്കു വിസമ്മതമൊന്നുമില്ല. കല്ലേറും പൂച്ചെണ്ടും ഒരുപോലെ സ്വീകരിക്കുന്നത് എനിക്ക് ഇഷ്ടമാണ്.''

ഒക്ടോബർ രണ്ടിനായിരുന്നു ചർച്ചായോഗം. ഗാന്ധിജയന്തിയായതുകൊണ്ട് രാഷ്ട്രപിതാവിനു പ്രണാമമർപ്പിച്ചുകൊണ്ടാണ് യോഗം ആരംഭിച്ചത്. ശ്രീ. വി.റ്റി. ഭട്ടതിരിപ്പാട് അദ്ധ്യക്ഷത വഹിച്ചു. അദ്ദേഹം ഇടശ്ശേരിയുടെ വ്യക്തിത്വത്തിൽ ഊന്നിയാണ് സംസാരിച്ചത്. ഇവിടെ മനുഷ്യനാണ് പ്രധാനം. ആ മനുഷ്യനെ മുൻനിർത്തിയാണ് ഇടശ്ശേരി നാടകങ്ങളും, കവിതകളും രചിക്കുന്നത്. അവ മനുഷ്യനുള്ള കാലത്തോളം നിലനിൽക്കുകയും ചെയ്യും എന്ന് അദ്ദേഹം പൊതുവായി പറഞ്ഞു. ചർച്ച ഉദ്ഘാടനം ചെയ്തുകൊണ്ട് അക്കിത്തം പ്രസംഗിച്ചു. ഇടശ്ശേരിയും താനുമായുള്ള ഗുരുശിഷ്യ ബന്ധത്തിൽ നിന്ന് തുടങ്ങി കാളിദാസൻ, ഭവഭൂതി, ഭാരവി മുതലായ സംസ്‌കൃത കവികളുടെ കാവ്യരചനാവൈഭവം സ്പർശിച്ച് അദ്ദേഹം ഇടശ്ശേരിക്കവിതകളുടെ സാങ്കേതികത്തികവും ദാർശനിക മേന്മയും സോദാഹരണം എടുത്തുകാട്ടി. അദ്ദേഹം ചെയ്ത പ്രസംഗം വളരെ സാരവത്തായിരുന്നു. പി.സി. കുട്ടികൃഷ്ണൻ രണ്ടു കാര്യങ്ങളാണ് ഊന്നിപ്പറഞ്ഞത്. ഒന്ന് ഇടശ്ശേരിക്കവിതകളിലെ നാടകീയത, ''അരിയില്ല, തിരിയില്ല ദുരിതമാണെന്നാലും നരിതിന്നാൻ നന്നോ മനുഷ്യന്മാരെ!'' എന്ന അത്ഭുതപ്രസ്താവം വായനക്കാരിലുണ്ടാക്കുന്ന ഉൽകണ്ഠ താൻ പറയാൻ പോകുന്ന കഥയ്ക്ക് എത്രയെത്ര കാതുകളാണ് തുറക്കാനിടയാക്കുന്നത്! അതുപോലെ മനുഷ്യനെ മരണത്തിൽ നിന്ന് രക്ഷിക്കുവാൻ വേണ്ടി വിശ്വാസപ്രമാണങ്ങൾ മാറ്റിവയ്‌ക്കേണ്ടിവന്നാൽ അതിനുപോലും നാം തയ്യാറാവണമെന്ന ആഹ്വാനമാണ് രണ്ടാമത്തേത്. കടവനാട് കുട്ടികൃഷ്ണനും ഇടശ്ശേരിക്കവിതയിലെ മാനുഷികമുഖത്തെയാണ് എടുത്തുകാട്ടിയത്. പിന്നീട് സംസാരിച്ച ടി. ഗോപാലക്കുറുപ്പ് 'കൂട്ടുകൃഷി' നാടകത്തിന്‍റെ റിഹേഴ്‌സൽ ക്യാമ്പിൽ നടന്ന രസകരമായ അനുഭവങ്ങൾ വിവരിച്ചു. അദ്ദേഹത്തിന്‍റെ പ്രസംഗം കഴിഞ്ഞപ്പോൾ തികച്ചും അപ്രതീക്ഷിതമായി പി.സി. എന്‍റെ പേരു വിളിച്ചു സംസാരിക്കാൻ നിർദ്ദേശിച്ചു. കവിത വായിച്ചിട്ടുണ്ടായിരുന്നു എന്നല്ലാതെ കവിതയെപ്പറ്റി പ്രസംഗിക്കാൻ തക്ക വിശദമായ ഒരു പഠനം ഞാൻ നടത്തിയിട്ടുണ്ടായിരുന്നില്ല എങ്കിലും ഞാൻ പറഞ്ഞു. കുട്ടിക്കാലത്ത് ഞങ്ങളുടെ ഇടയിൽ പ്രചാരം നേടിയ ഒരു ശ്ലോകമുണ്ടായിരുന്നു.

 

പയ്യുകുത്താൻ വരുന്നേരം
പയ്യെപ്പഞ്ചാക്ഷരങ്ങളെ
അയ്യായിരം ജപിച്ചാലും
പയ്യു കുത്താതിരിക്കുമോ
?

 

ഈ ശ്ലോകം ഞങ്ങൾക്കൊരു സമസ്യയായിരുന്നു. യുവതലമുറയിൽ വളർന്നുകൊണ്ടിരിക്കുന്ന യുക്തിബോധമുള്ള ഒരു തത്ത്വചിന്തയിലേക്കുള്ള വഴിമാറലിനു നാന്ദിയായിരുന്നോ അത്? ചെറിയ ക്ലാസ്സിൽ കസാബയാങ്കയുടെ കഥ പഠിക്കുമ്പോൾ സന്ദർഭത്തിനനുസരിച്ചു പെരുമാറാനറിയാത്ത ആ കുട്ടി ഇത്ര വങ്കനായിരുന്നല്ലോ എന്നു ഞങ്ങൾ സങ്കടപ്പെട്ടിട്ടുണ്ട്. ഇതിനെച്ചൊല്ലി അശാന്തമായിരുന്ന ഞങ്ങളുടെ മനസ്സിന് സമാധാനം നൽകുന്ന ഒന്നായാണ് ഞാനീ കവിതയെ കാണുന്നത്. നരി തിന്നാൻ നന്നോ മനുഷ്യന്മാരെ എന്ന ലളിതമായ ചോദ്യത്തിലൂടെ തത്ത്വചിന്തയുടെ പ്രായോഗിക തലങ്ങളിലേക്കുള്ള വലിയ വാതിൽ തുറക്കുകയാണദ്ദേഹം. ഇതു കൂടാതെ കവി തന്‍റെ ജീവിത വീക്ഷണം വ്യക്തമായി ഈ കവിതയിൽ വരച്ചുവച്ചിരിക്കുന്നു. പ്രയാസങ്ങളുണ്ടെങ്കിലും അവയെ അതിജീവിച്ച് നേർവഴി സ്വീകരിക്കുകയാണ് അഭികാമ്യം. പ്രതീകാത്മകമായും ഈ കവിതയെ വ്യാഖ്യാനിക്കാം. ഇതിലെ വക്താവ് സ്‌നേഹം മുതലായ സഹജവികാരങ്ങളുടെ പ്രതീകമാണ്. ഈ വികാരങ്ങളാണ് മനുഷ്യനിൽ ദുര, ബുഭുക്ഷ എന്നിവ സൃഷ്ടിക്കുന്നതും അവനെ തെറ്റുചെയ്യാൻ പ്രേരിപ്പിക്കുന്നതും. ദുരയുടെ, ബുഭുക്ഷയുടെ പ്രതീകമായി നമുക്കു നരിയെ സങ്കല്പിക്കാം. സംയമനത്തിലൂടെയാണ് ഇതിനെ നിഹനിക്കേണ്ടത്. സംയമനത്തിന്‍റെ, മോഹരാഹിത്യത്തിന്‍റെ, പ്രതീകമായി ബുദ്ധപ്രതിമയെ കരുതാം. പക്ഷെ, ഈ വ്യാഖ്യാനത്തെ 'ഇടയുള്ളോർ വാദിപ്പിൻ മാർഗ്ഗവും ലക്ഷ്യവുമിടറിയോ, ഞാനൊന്നു തല ചായ്ക്കട്ടെ', എന്ന പ്രസ്താവം കൊണ്ടു കവിതന്നെ വെട്ടിമാറ്റുന്നു. സദസ്യരിൽ നിന്നു വേറെയും മൂന്നുനാലുപേർ ചർച്ചയിൽ പങ്കുകൊണ്ടു. ഇടശ്ശേരി തന്റെ പ്രതികരണത്തിൽ പറഞ്ഞത് ഇവിടെ പറഞ്ഞുകേട്ടതിനെയൊന്നും താൻ നിഷേധിക്കുന്നില്ല എന്നാണ്. കാരണം കവിത ഗർഭം ധരിക്കുന്നതു കവിയുടെ അന്തഃകരണത്തിലാണെങ്കിലും അതു വളർന്നു വികസിക്കുന്നത്, വികസിക്കേണ്ടത്, അനുവാചകന്റെ മനസ്സിലാണ് എന്നതുതന്നെ. എങ്കിലും താനെഴുതിയതു വളരെപേർ വായിക്കുന്നു എന്നതു തനിക്കു സന്തോഷകരമാണ്. നല്ലൊരുസദസ്സ് ശ്രോതാക്കളായുണ്ടായിരുന്നു. പലരുമായും അന്നു പരിചയപ്പെടാൻ സാധിച്ചു. സ്റ്റേജിൽ നിന്നിറങ്ങി ആദ്യം എന്‍റെ അടുത്തുവന്ന് എന്നെ അഭിനന്ദിച്ചത് കടവനാടു കുട്ടികൃഷ്ണനാണ്. അക്കിത്തം എന്നെ നോക്കി ഒന്നു പുഞ്ചിരിച്ചതേയുള്ളു. പക്ഷെ, ആ പുഞ്ചിരിയിൽ ഞാനൊരു സ്‌നേഹപ്രപഞ്ചം കണ്ടു. വി.ടി പറഞ്ഞു. ''കാണാം, കാണണം'

back to index

 

സരളജീവിതം, സമുന്നതചിന്ത

 

ഇടശ്ശേരിയുടെ കൂടെ നടക്കുമ്പോൾ എന്നെ അത്ഭുതപ്പെടുത്തിയിരുന്നത് അദ്ദേഹത്തിന്‍റെ അപാരമായ പാണ്ഡിത്യവും അപ്രതിമമായ എളിമയുമായിരുന്നു. ഹൈസ്‌കൂൾ ക്ലാസ്സിൽ പഠിച്ച ഒരു ശ്ലോകമാണ് അപ്പോൾ ഓർമ്മ വരിക. ''പാണ്ഡിത്യം വർദ്ധിക്കുന്തോറും വിനയവും വർദ്ധിക്കണം. ഫലവൃക്ഷങ്ങളെ നോക്കൂ. ഫലങ്ങൾ വർദ്ധിക്കുമ്പോൾ അവയുടെ ശിഖരങ്ങൾ താഴുന്നു''. ഇടശ്ശേരിയുടെ പൂർവ്വജന്മങ്ങളിലെന്നോ അദ്ദേഹം തന്നെയായിരിക്കുമോ ഈ ശ്ലോകം രചിച്ചതെന്ന് എന്‍റെ കാല്പനിക മനസ്സിൽ സംശയമുദിക്കും. വെറും എട്ടാം ക്ലാസ്സോടുകൂടി ഔപചാരിക വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ടി വന്ന അദ്ദേഹം എങ്ങനെ സംസ്‌കൃതത്തിലും ഇംഗ്ലീഷിലും ഇത്രമാത്രം വ്യുൽപത്തി നേടി എന്നതായിരുന്നു പിന്നെപ്പിന്നെ എന്നെ അത്ഭുതപ്പെടുത്തിയിരുന്നത്. അനേകം സംസ്‌കൃതശ്ലോകങ്ങൾ അദ്ദേഹം മലയാളത്തിലേക്കു തർജ്ജമചെയ്തിട്ടുണ്ട്. സംഭാഷണങ്ങളിൽ ഇടയ്ക്ക് അദ്ദേഹം ആ ശ്ലോകങ്ങൾ ഉദ്ധരിക്കും. അവയെല്ലാം പ്രസിദ്ധീകരിക്കണമെന്ന് ഞാൻ പറയുമ്പോൾ അദ്ദേഹം ഒന്നു ചിരിക്കും. എന്നിട്ട് പറയും, ''അതൊക്കെ എന്റെ കാവ്യപരിശീലനത്തിന്‍റെ ഭാഗമാണ്. പ്രസിദ്ധപ്പെടുത്താനുള്ള ഗരിമ അവയ്ക്കുണ്ടെന്ന് ഞാൻ കരുതുന്നില്ല.'' ഇടശ്ശേരിയുടെ ഈ ന്യായം അദ്ദേഹത്തെ സംബന്ധിച്ച് ആത്മാർത്ഥതയുള്ളതാണ്. എങ്കിലും മലയാള ഭാഷയ്ക്ക് അതൊരു നഷ്ടം തന്നെ. തന്റെ ഇരുപത്തേഴാം വയസ്സിലെ 'ഘൃണിശരചയപാടിതപടുധ്വാന്തഗജയൂഥൻ' (നിശ) എന്നിങ്ങനെയുള്ള പ്രയോഗങ്ങൾ അദ്ദേഹത്തിന്‍റെ സംസ്‌കൃതപാണ്ഡിത്യം തെളിയിക്കുന്നു. ഇരുപത്തെട്ടാം വയസ്സിലാണ് അദ്ദേഹം "Home They Brought Her Warrior Dead' എന്ന ആംഗലകവിത മലയാളത്തിലേയ്ക്ക് തർജ്ജമ ചെയ്തത്. ആ കവിതയ്ക്ക് അദ്ദേഹം കൊടുത്ത 'നിനക്കുവേണ്ടി' (ഫെബ്രുവരി 12, 1934) എന്ന ശീർഷകം കവിതയുടെ അന്തസ്സത്ത മുഴുവൻ ഉൾക്കൊള്ളുന്നതാണ്. ആൽഫ്രഡ് ലോർഡ് ടെന്നിസന്റെ 'സർഗലഹെഡ്' (ഏപ്രിൽ 15, 1935) ഹെന്റി ലോങ്ങ് ഫെല്ലോയുടെ The Psalm Of Life ജീവിത സങ്കീർത്തനം (സെപ്റ്റമ്പർ 9, 1935) എന്നീ കവിതകളും അദ്ദേഹം വിവർത്തനം ചെയ്തത് ഒരേ കാലത്താണ്. ലോർഡ് ടെന്നിസൻ നിർത്തിയേടത്തുനിന്ന് പിന്നേയും മുന്നോട്ടു കൊണ്ടുപോകുന്നുണ്ട് ഇടശ്ശേരി. കഥാപൂർത്തിക്കുവേണ്ടി അങ്ങനെ ചെയ്യേണ്ടിവന്നു എന്നാണ് അദ്ദേഹത്തിന്റെ ക്ഷമാപണം. ഈ രണ്ടു ഭാഷകളിലും അദ്ദേഹത്തിന്നു വെറും ഭാഷാപരിചയം മാത്രമല്ല ഉണ്ടായിരുന്നത്. ആ ഭാഷകളിലെ സാഹിത്യത്തിലേയ്ക്കും അദ്ദേഹം ആണ്ടിറങ്ങിച്ചെന്നിരുന്നു. കാളിദാസകൃതികളും ഷേക്‌സ്പിയർ നാടകങ്ങളും അദ്ദേഹത്തിന്‍റെ ചിന്താമണ്ഡലത്തെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. (കാളിദാസ കവിത ഇടശ്ശേരിയിൽ വരുത്തിയിട്ടുള്ള സ്വാധീനം വെളിവാക്കുന്ന ചില സന്ദർഭങ്ങൾ മഹാകവി അക്കിത്തം ഒരിക്കൽ തന്‍റെ പ്രസംഗത്തിന്നു വിഷയമാക്കുകയുണ്ടായി. എറണാകുളത്തുവച്ച് ഇടശ്ശേരിയുടെ സമ്പൂർണ്ണ കവിതാസമാഹാരത്തിന്‍റെ രണ്ടാം പതിപ്പു പ്രകാശനം ചെയ്യുന്ന ചടങ്ങിൽ അദ്ധ്യക്ഷ പ്രസംഗം ചെയ്യുമ്പോഴാണ് അത്. ഇടശ്ശേരി സ്മാരക സമിതി 2004-ൽ പ്രസിദ്ധീകരിച്ച ഇടശ്ശേരി സ്മരണികയിൽ ആ പ്രസംഗത്തിന്‍റെ പ്രസക്ത ഭാഗം കാണാം.

സംസ്‌കൃതത്തിലെ ചില ബാലപാഠങ്ങൾ പ്രൈമറി വിദ്യാഭ്യാസകാലത്തുതന്നെ തന്‍റെ ചില അദ്ധ്യാപകരിൽ നിന്ന് അദ്ദേഹത്തിന് നേടാൻ സാധിച്ചിരുന്നു. പിന്നീട് ആലപ്പുഴവാസക്കാലത്തു തന്‍റെ സുഹൃത്തും കവിയുമായിരുന്ന മാഞ്ഞൂർ പരമേശ്വരൻ പിള്ളയിൽ നിന്നു കൂടുതൽ അറിവു നേടാൻ കഴിഞ്ഞു. പൊന്നാനിയിൽ താമസമാക്കിയതിനു ശേഷം (1931) കുട്ടികൃഷ്ണമാരാരാണ് അദ്ദേഹത്തെ സംസ്‌കൃതസാഹിത്യത്തിന്‍റെ ഈടുവയ്പിലേക്ക് കൂട്ടികൊണ്ടുപോയത്. മാരാർ അക്കാലത്ത് കേരളകലാമണ്ഡലത്തിലെ സംസ്‌കൃതാദ്ധ്യാപകൻ എന്ന പദവിയൊഴിഞ്ഞ് പൊന്നാനിയിൽ താമസിക്കുകയായിരുന്നു.

 

ജന്മദവാസനയാകിയ ചെണ്ടയു-
മേറ്റി നടന്നോരെന്നെ
അമ്മാരാരുടെ കൈവിരുതല്ലോ
മേളമടിക്കാറാക്കി

 

എന്ന് ഈ ബന്ധത്തെ 'ഗുരുസ്മരണ' എന്ന കവിതയിൽ ഇടശ്ശേരി ആദരവോടെ അനുസ്മരിക്കുന്നു. 'ന്‍റെ കവിത' എന്ന പ്രബന്ധത്തിൽ കുട്ടികൃഷ്ണമാരാർ തന്‍റെ കവിതയെ എങ്ങനെ കരുത്തുറ്റതാക്കാൻ ശ്രമിച്ചു എന്നും അദ്ദേഹം വിവരിക്കുന്നുണ്ട്.

ഇംഗ്ലീഷ് സാഹിത്യത്തിലേയ്ക്ക് അദ്ദേഹത്തെ നയിച്ചത് പൊന്നാനി ബാസൽ മിഷൻ ഹയർ എലിമെന്ററി സ്‌കൂളിലെ ഹെഡ്മാസ്റ്ററായിരുന്ന ഇ.പി. സുമിത്രനും നാലാപ്പാട്ടു നാരായണമേനോനുമായിരുന്നു. പ്രതിഭാ സമ്പന്നരുടെ സഹായവും സഹവർത്തിത്വവും കൊണ്ടു മാത്രം ഒരാൾക്കും ഉയരങ്ങളിലെത്താൻ സാധിച്ചെന്നുവരില്ല. അതിനു സ്വന്തമായ ശ്രമവും സാധനയും വേണം. ഇത് ഇടശ്ശേരിക്കു വേണ്ടുവോളമുണ്ടായിരുന്നു. അസാമാന്യമായ ബുദ്ധിശക്തിയും. ഒരിക്കൽ കേൾക്കുകയോ, കാണുകയോ, അനുഭവിക്കുകയോ ചെയ്ത ഏതു കാര്യവും അദ്ദേഹത്തിന് ഏതവസരത്തിലും ഓർക്കാൻ കഴിയും. ജീവിതത്തിൽ അവ പ്രായോഗികമാക്കാനും സാധിക്കും.

എങ്കിലും, താനൊരു അപണ്ഡിതനാണ് എന്നാണ് ഇടശ്ശേരി സ്വയം വിലയിരുത്തുക. 'പാണ്ഡിത്യമില്ല. സംസ്‌കൃതം പഠിച്ചിട്ടില്ല. മലയാളഭാഷയുടെ ഗ്രന്ഥപാഠങ്ങൾ പോലും വായിച്ചിട്ടുമില്ല. ചുരുങ്ങിയത് വിദ്വാൻ പരീക്ഷയെങ്കിലും പാസ്സാവാതെ ഒരാൾക്കും കവിയാകാൻ വയ്യ എന്നാണ് ഞാൻ മനസ്സിലാക്കിയിരുന്നത്' (ഇടശ്ശേരിയുടെ പ്രബന്ധങ്ങൾ) എന്നാണ് ഇടശ്ശേരി തന്നെപ്പറ്റി പറയുന്നത്. 'ഈ മന്ദപ്രജ്ഞന്‍റേതാം പൂജകൾ കൈക്കൊണ്ടാലും' എന്ന് 'ഹനുമൽസേവ തുഞ്ചൻ പറമ്പിൽ' എന്ന കവിതയിൽ അദ്ദേഹം പറയുന്നു. വേറേയും സന്ദർഭങ്ങളിൽ ഈ 'മന്ദപ്രജ്ഞ' പ്രയോഗം കാണാം. താൻ ചെയ്യുന്ന പ്രവൃത്തികൾ വളരെ മഹത്തരമാണ് എന്ന ദുരഭിമാനവും അദ്ദേഹത്തിനില്ല. 'പാപകർമ്മത്തിൻ തഴമ്പുറ്റൊരെൻ കയ്യാലങ്ങേപ്പാദങ്ങൾ ശുശ്രൂഷിക്കാനുജ്ഞ തരേണമേ' എന്നാണ് അദ്ദേഹം ഹനുമാനോട് അഭ്യർത്ഥിക്കുന്നത് . ഇത് അപകർഷതാബോധത്തിനോ അതിവിനയത്തിനോ തെളിവുകളായി കരുതേണ്ട.

 

ഉണ്ടായിരിക്കാമെനിക്കെന്റേതാം കുറവുകൾ;
ഉണ്ടാവില്ലെങ്കിലതാണാക്ഷേപാർഹം.

                                                               
(മാവിൻചോട്ടിലെ നാടകം)

 

എന്ന് അദ്ദേഹം പറയുന്നു. താൻ വെറും സാധാരണ മനുഷ്യനാണ്. നാടൻ കൃഷിക്കാരന്‍റെ ചേരിയിൽ നിൽക്കാനാണാഗ്രഹിക്കുന്നത് എന്നതിന്‍റെ തെളിവുകൾ മാത്രമാണിതെല്ലാം.

തുഞ്ചത്തെഴുത്തച്ഛൻ ജനിച്ചില്ലായിരുന്നെങ്കിൽ, അദ്ദേഹം അദ്ധ്യാത്മരാമായണം, മഹാഭാരതം, മഹാഭാഗവതം എന്നീ മഹാഗ്രന്ഥങ്ങൾ രചിച്ചിട്ടില്ലായിരുന്നെങ്കിൽ താൻ ഏതെങ്കിലും ജന്മിഗൃഹത്തിൽ കന്നുകാലി മേയ്ക്കലുമായി ജീവിക്കേണ്ടി വന്നേനെയെന്നു ഇടശ്ശേരി പറയാറുണ്ടായിരുന്നു. ശൂദ്രജാതിക്കു അറിവിന്‍റെ മേഖല നിഷിദ്ധമായിരുന്ന കാലത്ത് ആചാരത്തെ വെല്ലുവിളിച്ച ഒരു വിപ്ലവ കവിയായിരുന്നു തുഞ്ചത്താചാര്യൻ. 'തുഞ്ചന്‍റെ ചക്കിൽ എത്ര ആടും?' എന്ന ബ്രാഹ്മണ്യഗർവ്വത്തിന്റെ പരിഹാസത്തെ 'ആറും നാലും ആടും' എന്ന മറുവചനംകൊണ്ട് വായ്ത്തല മടക്കിയ അദ്ദേഹം അതു തന്‍റെ കാവ്യങ്ങളിലൂടെ തെളിയിക്കുകയും ചെയ്തു. അതു അദ്ദേഹത്തിന്‍റെ പല പിൻമുറക്കാരുടേയും മേധാശക്തിക്കു വളമായി. അതിനുള്ള കൃതജ്ഞതാവചനമാണ് ഇടശ്ശേരിയുടെ 'പ്രണാമം' എന്ന കവിത. അതു മാത്രമല്ല, തന്നെ ഒരു ഇടയനായി സങ്കല്പിച്ചുകൊണ്ടു 'ബിംബിസാരന്‍റെ ഇടയൻ' എന്ന ഒരു മനോഹര കവിത പിൽക്കാലത്തു രചിക്കാനും ഈ ചിന്ത കരുവായി. തുഞ്ചത്താചാര്യരോടുള്ള ഈ അനുപമമായ ഭക്തിയും കടപ്പാടും ഇടശ്ശേരി ജീവിതത്തിലുടനീളം പുലർത്തിപ്പോന്നു. 'ആദിപത്മം', 'ഹനുമൽസേവ തുഞ്ചൻപറമ്പിൽ' എന്നീ കവിതകളൊക്കെ ആചാര്യനുള്ള അക്ഷരപൂജയാണ്. മരിക്കുന്നതിനു രണ്ടു വർഷം മുമ്പെഴുതിയ 'ആചാര്യപാദങ്ങളിൽ' എന്ന കവിതയിൽ ക്ഷമാപണത്തിന്‍റെ താന്തസ്വരം കേൾക്കാം.

 

അവിടുന്നോതിയ മഹാതത്ത്വങ്ങൾതൻ
പൊരുളിവരുടെ ചെവിയിലെത്തിക്കാ-
നപണ്ഡിതനെന്റെ ചിലമ്പിക്കുമൊച്ച-
യപര്യാപ്തം
, ഗുരോ, ഭവൽപ്പദങ്ങളിൽ
പതിഞ്ഞ പൂമ്പൊടി ശിരസ്സിനാൽ വഹി-
ച്ചടിയനർത്ഥിപ്പൂ വലിയൊരു വരം.

 

അർത്ഥിക്കുന്ന വരമോ? ഈ മഹാവിയസ്സിൽ പതിഞ്ഞിരിക്കുന്ന മഹാഭക്തോത്തമന്‍റെ ഹുങ്കാരത്തിന്‍റെ പ്രതിദ്ധ്വനി ഈ ഇളം തലമുറയുടെ കവിതയിൽ ആര്യമൊഴിയ്ക്കടഞ്ഞതാമവരുടെ തന്നെ ചെവിതുറക്കുമാറനുരണനാർത്ഥമനുഗ്രഹിച്ചാലുമനശ്വരനാദപ്പൊരുളറിവോനേ എന്നാണ്. ആ മഹാഭക്തോത്തമൻ തന്‍റെ നെഞ്ചുകീറി ഹൃദയത്തിലിരിക്കുന്ന ശ്രീരാമസ്വാമിയെ മറ്റുള്ളവർക്ക് കാണിച്ചുകൊടുക്കുകയും ഇടശ്ശേരിയുടെ നെഞ്ചുകീറി ആ ഇളം ഹൃദയത്തിൽ കുട്ടിക്കാലത്തേ കുടിയേറുകയും ചെയ്ത ഹനുമാൻതന്നെ.

ഇടശ്ശേരി ജനിച്ചതും ജീവിച്ചതും ഒരു പരിവർത്തന കാലഘട്ടത്തിലാണ്. ആ കാലം അന്നത്തെ കുടുംബജീവിതത്തിലും സമൂഹജീവിതത്തിലും വിട്ടേച്ചുപോയ ആശകളും ആശങ്കകളും ഇല്ലാവയ്യായ്മകളും അദ്ദേഹത്തിന്‍റെ കൃതികളിൽ നിന്ന് ഇന്നത്തെ തലമുറയ്ക്ക് വായിച്ചെടുക്കുവാൻ കഴിയും. അവ ഇത്രയും തീവ്രമായി അനുഭവിക്കുകയും രേഖപ്പെടുത്തുകയും ചെയ്ത മറ്റു കവികൾ ഉണ്ടോ എന്നു സംശയമാണ്. തകരുന്ന നാലുകെട്ടുകൾ, തേർവാഴ്ച നടത്തുന്ന ദാരിദ്ര്യദു:ഖം, അംഗവൈകല്യം കൊണ്ടുള്ള വിന, സ്വാതന്ത്ര്യപ്രസ്ഥാനത്തിന്‍റെ വീറും വെളിച്ചവും, ചുറ്റുപാടും അനാഥമായിക്കിടക്കുന്ന ജനജീവിതം, മുനകൂർപ്പിച്ചുനിൽക്കുന്ന സാമൂഹിക പ്രശ്‌നങ്ങൾ, വികസനത്തിന്‍റെ പ്രഭാതശോഭ-ആഹ്ലാദം-ഉൽകണ്ഠ, രാഷ്ട്രത്തിന്‍റെ ഭാവിയെക്കുറിച്ചുള്ള സ്വപ്‌നങ്ങൾ, തത്ത്വശാസ്ത്രത്തിന്‍റെ പ്രയോഗക്ഷമത, ജീവിതത്തിന്‍റെ കലയും ശാസ്ത്രവും എന്നിങ്ങനെ എപ്പേർപ്പെട്ട കാര്യങ്ങൾ ഇടശ്ശേരിക്കവിത നമ്മുടെ മുമ്പിൽ അനാവരണം ചെയ്യുന്നു. ചുരുക്കത്തിൽ അതു കേരളത്തിന്‍റെ സാമൂഹിക ചരിത്രമാണ്. ഇന്ത്യയുടെ സാമൂഹിക ചരിത്രത്തിലേക്കു തുറക്കുന്ന വാതിലുമാണ്. കൃതിയിലൂടെ കർത്താവിനെ അറിയുക, കർത്താവിന്റെ ജീവിതത്തിലൂടെ കൃതിയിലേക്കു പ്രവേ ശിക്കുക- ഇങ്ങനെ അനുവാചകരുടെ മുമ്പിൽ രണ്ടുണ്ട് മാർഗ്ഗങ്ങൾ. ഇടശ്ശേരികൃതികളെപ്പറ്റി അറിയാൻ ഏറ്റവും നല്ല പഠനസഹായി അദ്ദേഹത്തിന്റെ ജീവിതം തന്നെയാണ്. ജീവിതത്തിൽ താൻ ആചരിക്കാത്തതൊന്നും അദ്ദേഹം കവിതയിൽ പറഞ്ഞുവച്ചിട്ടില്ല. കവിതയിൽ പറഞ്ഞതെല്ലാം അദ്ദേഹം ജീവിതത്തിൽ ആചരിച്ചിട്ടുമുണ്ട്. ചുരുക്കിപ്പറഞ്ഞാൽ ഇടശ്ശേരിക്കൃതികളുടെയെല്ലാം വേരുകൾ അദ്ദേഹത്തിന്‍റെ ജീവിതത്തിൽ പറ്റിച്ചേർന്നു കിടപ്പുണ്ട്.

back to index 

നിളയെന്ന നിത്യകാമുകി

 

'ഈ പുഴ എനിക്കൊരു നിത്യകാമുകിയാണ്' ഇടശ്ശേരി പറഞ്ഞു. കടത്തുതോണിയിൽ പുഴമുറിച്ചു കടക്കുകയായിരുന്നു ഞങ്ങൾ. അന്നു കുറ്റിപ്പുറം പാലത്തിന്‍റെ പണി പൂർത്തിയായിരുന്നില്ല.

യാദൃച്ഛികമായാണ് ഞങ്ങളന്നു കുറ്റിപ്പുറം കടവത്ത് കണ്ടുമുട്ടിയത്. കുറ്റിപ്പുറത്തുനിന്ന് ഏഴ് കിലോമീറ്റർ അകലെയുള്ള തറവാട്ടുവീട്ടിൽ വാരാന്തം ചെലവഴിച്ചു മടങ്ങുകയായിരുന്നു ഞാൻ. ദീനക്കിടക്കയിൽ ഉള്ള ഒരു കുടുംബാംഗത്തെ ആശ്വസിപ്പിച്ചു മടങ്ങുകയായിരുന്നു ഇടശ്ശേരി.

ഇടശ്ശേരിയുടെ കഥാകഥനത്തിൽ കാതുനട്ട് വേറെയും അഞ്ചാറുപേർ തോണിയിലുണ്ട്. അതിനു താളമിട്ടുകൊണ്ട് ഊന്നുകോൽ വെള്ളത്തിൽ പതിക്കുന്നുണ്ട്. പോക്കുവെയിൽ പുഴയെ മനോഹരിയാക്കുന്നു. ഈ പുഴവക്കത്ത് വളർന്ന ഒരു കുട്ടിക്കു പുഴയെങ്ങനെ കാമുകിയല്ലാതാവും!

'കുട്ടിക്കാലത്ത് ഞാൻ ഏറെ സമയം ഈ പുഴവക്കത്തിരുന്ന് സ്വപ്‌നം കണ്ടു ചെലവഴിച്ചിട്ടുണ്ട്.' ഇടശ്ശേരി തുടർന്നു. 'തകർന്നുകൊണ്ടിരിക്കുന്ന ഒരു തറവാട്ടിലെ സന്തതിയായി പിറക്കുക. പട്ടിണിയാണ് സ്ഥിരം കൂട്ട്. ജീവിതത്തിൽ ആശ്വാസം നൽകിയിരുന്നത് രണ്ട് സന്ദർഭങ്ങളായിരുന്നു. ഈ പുഴവക്കത്തിരുന്ന് സ്വപ്‌നം കാണലായിരുന്നു, ഒന്ന്. മറ്റൊന്നു നിലവിളക്കു കൊളുത്തി വച്ച് അതിനുമുന്നിലിരുന്ന് അമ്മയോ ജ്യേഷ്ഠത്തിയോ രാമായണം വായിക്കുന്നതു കേൾക്കുകയും. വർഷക്കാലത്ത് പുഴ നിറഞ്ഞൊഴുകുമ്പോൾ ലങ്കയിലേയ്ക്ക് സമുദ്രം ചാടിക്കടന്ന ഹനുമാൻ മനസ്സിൽ വരും. ഹനുമാനെപ്പോലെ ഈ പുഴയുടെ അക്കരയ്ക്കു ചാടിക്കടക്കാൻ കഴിഞ്ഞെങ്കിൽ എന്നു മോഹിക്കും. വേനൽക്കാലത്ത് ശോഷിച്ച പുഴയുടെ മണൽപ്പരപ്പിൽ കാറ്റ് വരച്ചുവച്ച ചിത്രങ്ങൾ നോക്കി അത്ഭുതംകൂറും.' ചിരിച്ചകലുന്ന ഓളങ്ങളെ നോക്കി ഇടശ്ശേരി പറഞ്ഞു.

എന്നാൽ ഇടശ്ശേരിയുടെ ആദ്യകാല രചനകളിലൊന്നും ഈ കാമുകി പരാമൃഷ്ടമാകുന്നതേയില്ല. പട്ടിണിയും നിലനിൽപ്പും അന്തഃകരണത്തെ പീഡിപ്പിച്ചുകൊണ്ടിരുന്ന യുവത്വാഗമവേളയിലും അദ്ദേഹത്തിനു കവിതാകാമിനി കൂട്ടായുണ്ടായിരുന്നു. ജീവിതോപായം തേടി ആലപ്പുഴയിലും കോഴിക്കോട്ടും ചെലവിട്ട കാലത്തും അദ്ദേഹം കനമുള്ള കവിതകൾ രചിച്ചു. ഭാരതപ്പുഴ അക്കാലത്തൊന്നും കവിതാവിഷയമായിട്ടില്ല. അതിനുകാരണം ഭാരതപ്പുഴ അദ്ദേഹത്തിന്‍റെ ഭാവനയിൽ എത്തിനോക്കാത്തതാവാൻ തരമില്ല. പോരാത്തതിനു വിപ്രലംഭാവസ്ഥയും. കവിതാവാസനയുള്ള ഏതൊരാളേയും ഒരു സന്ദേശകാവ്യം രചിക്കാൻ പ്രേരിപ്പിക്കുന്ന അന്തരീക്ഷം. അദ്ദേഹം എപ്പോഴും പറയാറുള്ള അക്ഷരനിന്ദയോടുള്ള ഭയമായിരിക്കണം ഇതിനു തടയിട്ടത്. വളരുന്ന എഴുത്തുകാർക്ക് അദ്ദേഹം നൽകാറുള്ള ഉപദേശം പുതുതായി എന്തെങ്കിലും പറയാനുണ്ടെങ്കിലേ എഴുതാവു എന്നായിരുന്നു. മുറ്റള്ളവർ പറഞ്ഞു വച്ച കാര്യങ്ങൾ രൂപാന്തരം വരുത്തി വീണ്ടും വീണ്ടും പറയുന്നത് അക്ഷരനിന്ദയാണ്.

കടത്തു തോണിയിൽ ഇരുന്ന് പുഴയുടെ നെഞ്ചത്തുതൊട്ട് തന്റെ പ്രേമം പ്രഖ്യാപിച്ചതിനു മുമ്പും പിമ്പുമായി ഇടശ്ശേരി നിളാ നദിയെ പ്രമേയമാക്കി അഞ്ചു കവിതകൾ രചിച്ചിട്ടുണ്ട്. ഒറ്റക്കവിതയിലും ഒരു കാമുകന്‍റെ അനുരാഗവൈവശ്യം വർണനാ വിഷയമാകുന്നില്ല. അഞ്ചു വ്യത്യസ്ത സന്ദർഭങ്ങളെയാണ് കവി അവയിൽ പൊലിപ്പിക്കുന്നത്. ഓരോ സന്ദർഭത്തിലും മനുഷ്യൻ നേരിടുന്ന ആത്യന്തിക പ്രശ്‌നത്തെപ്പറ്റിയുള്ള വിചാരമാണ് കവിയെ ഭരിക്കുന്നത്.

പൊന്നാനിയിൽ ജീവിതമുറപ്പിച്ചതിനുശേഷം തന്‍റെ മുപ്പതാം വയസ്സിൽ രചിച്ചതാണ് ഭാരതപ്പുഴയെപ്പറ്റിയുള്ള ആദ്യകവിത. 'ഭാരതപ്പുഴ' (ജൂൺ 15, 1936) എന്നു തന്നെയാണ് ശീർഷകം. വർഷക്കാലത്തെ പുഴയുടെ രൗദ്രതയും വേനൽക്കാലത്തെ ചേതോഹാരിതയും വർണിക്കപ്പെടുന്നുണ്ട്. എന്നാൽ ഈ കവിത രചിച്ച കാലത്തെ ആവശ്യവും ആവേശവുമായിരുന്ന ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിനു കരുത്തേകാൻ യുവതലമുറയോടുള്ള ആഹ്വാനമാണ് മുഖ്യമായും കവിത ഉൾക്കൊള്ളുന്നത്. കടുത്ത പോരാട്ടം കൈകൊട്ടി വിളിക്കുമ്പോൾ പുഴയോരത്ത് മണൽത്തിട്ടിലെ പച്ചപ്പുൽവിരിയിൽ മേയുന്ന ഹരിണപോതങ്ങളാവാൻ ആർക്കെങ്ങനെ കഴിയും. ഹരിണങ്ങളാകാതെ ഹരികളാവുക എന്ന് കവി യുവാക്കളെ ഉൽബോധിപ്പിക്കുന്നു. കൂലം കുത്തിപ്പായുന്ന പുഴയുടെ സർഗ്ഗശക്തി ജനങ്ങളിൽ ആവേശിച്ച് അടിമത്തം നിഷ്‌ക്കാസനം ചെയ്യപ്പെടട്ടെ എന്നു കവി ആഗ്രഹിക്കുന്നു.

ഭാരതപ്പുഴയുടെ തീരത്തിരുന്നു സ്വപ്‌നം നെയ്തിരുന്ന പട്ടിണിക്കാരൻ ബാലൻ സുഖഭോഗങ്ങൾക്കല്ലാ കടമകൾക്കാണ് പ്രാധാന്യം നൽകേണ്ടതെന്ന പാഠം ഭാരതപ്പുഴയിൽ നിന്ന് അന്നേ പഠിച്ചിരുന്നുവോ? നിളക്കവിതകളിലെ രണ്ടാമത്തേതാണ് 'ആറ്റുവക്കത്ത്' (നവമ്പർ 16, 1936) എന്ന കവിത. കാമുകൻ ചമയുമ്പോൾ അച്ഛനായിപ്പോകുന്നതിനെപ്പറ്റി സ്വല്പം ആവലാതിയോടെ പറയുന്നതാണ് ഈ കവിത.

പുഴയെപ്പറ്റി ഇന്നോളം നാം വായിച്ചതിൽ ഏറ്റവും സാരവത്തായ കവിത ഇടശ്ശേരിയുടെ 'കുറ്റിപ്പുറം പാലം' (ഫെബ്രുവരി 21, 1954) എന്ന കവിതയായിരിക്കും. ഇന്ത്യൻ സ്വാതന്ത്ര്യം യാഥാർത്ഥ്യമായിക്കഴിഞ്ഞതിനുശേഷമാണ് കവി ഈ കവിത രചിക്കുന്നത്. കാലത്തിന് ഏറെ മാറ്റം വന്നിരിക്കുന്നു. പുതിയൊരിന്ത്യയെ കെട്ടിപ്പടുക്കുക എന്നതാണിപ്പോൾ ജനതയുടെ മുന്നിലുള്ള ലക്ഷ്യം. മാറ്റം അനിവാര്യമാണ്. അതിലുള്ള ആഹ്ലാദം ഒരു വശത്ത്. അതിന് പഴമകൾ ബലിയാടാകേണ്ടിവരുമോ എന്ന ആശങ്ക മറുവശത്ത്. ഈ കവിതയ്ക്ക് എഴുതിയ മുന്നുരയിൽ ഇതദ്ദേഹം വ്യക്തമാക്കുന്നുണ്ട്. 'കുട്ടിക്കാലം മുതലേ സുപരിചിതമാണ് കുറ്റിപ്പുറം കടവ്. അതിനു മേലെ ഒരു പാലം വന്നു. ആ പാലത്തിനു മേലൂടെ നടന്നു പുഴ കടന്നപ്പോഴുണ്ടായ അത്ഭുതവും ആഹ്ലാദവും വിമ്മിഷ്ടവും കൂടിക്കലർന്നതാണ് ഈ കവിത'. പുഴയ്ക്കക്കരെ ചാടിക്കടക്കാനുള്ള കവിയുടെ ബാല്യകാലമോഹം മറ്റൊരുവിധത്തിൽ ഇപ്പോൾ സാധിതമാവുകയാണ്. അഭിമാനപൂർവ്വമാണ് കവി പാലത്തിന്മേൽ ഏറി നിൽക്കുന്നത്. പ്രകൃതിയുടെ മീതെ മർത്ത്യൻ നേടുന്ന വിജയം മാത്രമല്ല കവിയിൽ ഈ അഭിമാനം സൃഷ്ടിക്കുന്നത്. 'പൊന്മയും, കുരുവിയും കൊക്കുമന്നു പൊങ്ങിപ്പറന്ന വിതാനത്തിങ്കൽ' ഏറി നിൽക്കാൻ കഴിയു ന്നതിലുള്ള അഭിമാനം. മനസ്സിൽ ചുരമാന്തിക്കിടന്നിരുന്ന അതൃപ്തമോഹം സാധിച്ചതിലുള്ള അഭിമാനം. ഇതൊക്കെ കവിയെ ആഹ്ലാദവാനാക്കുന്നു. അതിനുമപ്പുറത്തേക്ക് കവിമനസ്സ് പ്രയാണം നടത്തുമ്പോഴാണ് വിമ്മിഷ്ടത്തിനു കാരണമുണ്ടാവുന്നത്. പുതുലോകത്തിനു തീർത്തൊരുമ്മറപ്പടിയാകുന്ന പാലത്തിന്മേൽ നിൽക്കുമ്പോൾ ശാസ്ത്രപുരോഗതി മനുഷ്യനു സമ്മാനിക്കുന്ന നന്മയോടൊപ്പം അതു വിട്ടേച്ചുപോകുന്ന തിന്മയും ആ മനസ്സിനെ മഥിക്കുന്നു. വരാൻ പോകുന്ന മൂന്ന് ആപത്തുകളെയാണ് കവി ഭയപ്പെടുന്നത്. പിറവി തൊട്ടേ തന്റെ കൂട്ടുകാരിയായ മധുരിമ തൂകിടും ഗ്രാമലക്ഷ്മി അകലേയ്ക്കകലേയ്ക്കലുകയാണ്, അവസാനയാത്ര പറയുകയാണ്. വാസ്തവത്തിൽ ഇടശ്ശേരി ഈ പുഴയിൽ കണ്ട നിത്യകാമുകി പുഴയിൽ നിന്ന് താമരമലരിൽ ഉയർന്നുവന്ന ഈ ഗ്രാമലക്ഷ്മിയായിരിക്കണം. ഈ കാമുകിയുമായുള്ളള വേർപാട് ദു:ഖകരം തന്നെ. അതോടൊപ്പം ഈ കാമുകിയുടെ ആത്മാവാകുന്ന പേരാറ് ആകുലമാമൊരഴുക്കുചാലായ് മാറിപ്പോകുമോ, കേരളത്തിന്‍റെ വൈവിദ്ധ്യപൂർണ്ണമായ സാംസ്‌കാരികപ്പൊലിമ തട്ടിനിരപ്പാക്കപ്പെടുമോ, കേരളം ഒരൊറ്റ നഗരമായി മാറുമോ എന്നിവയാണ് രണ്ടാമത്തെ ആപത്ത്. മൂന്നാമത്തേത്  'ഇവിടെച്ചുമരുകളുയരുക യായിടയറ്റിടവും വലവു,മെങ്ങും' എന്നതാണ്. ശാന്തമായ സമൂഹജീവിതത്തിനു ഏറ്റവും വലിയ വിപത്താണ് ഈ ചുമരുകൾ. കേരളഗ്രാമത്തിലെ സമൂഹജീവിതത്തിനു നൈതിക മൂല്യങ്ങൾ നെയ്‌തെടുക്കുന്ന ഒരന്തർധാരയുണ്ടായിരുന്നു. മനുഷ്യർ മനുഷ്യർക്കിടയിൽത്തന്നെ പണിതീർത്ത ജാതീയവും മതപരവുമായ ചുമരുകൾ അങ്ങോട്ടുമിങ്ങോട്ടും ചാടിക്കടക്കാവുന്ന വരമ്പുകളെങ്കിലുമായി മാറ്റിയത് ഈ ഗ്രാമസമൂഹങ്ങളാണ്. ഗ്രാമീണജീവിതം അവസാനിക്കുന്നിടത്ത് അണുകുടുംബങ്ങൾ രൂപം കൊള്ളുകയായി. ജീവിതം മത്സരത്തിന്റേയും ചേരിതിരിവിന്റേയും രംഗമായി മാറുകയായി. 'അണയുകയല്ലോ ചിലതു വേറെ' എന്ന കവിയുടെ ക്രാന്തദർശിത്വം നമുക്കൊരു ചൂണ്ടുപലകയാണ്. പരിസ്ഥിതി പ്രശ്‌നത്തെ ഗൗരവപൂർവ്വം നമ്മുടെ മുമ്പിൽ അവതരിപ്പിക്കുന്ന ആദ്യത്തെ മലയാളകവിത ഇതായിരിക്കും. 'ഒരു കവിത ആഹ്ലാദത്തിൽ ആരംഭിക്കുന്നു, ആലോചനയിൽ അവസാനിക്കുന്നു' (A poem begins in delight and ends in wisdom) ഫ്രോസ്റ്റിന്‍റെ (Frost) നിരീക്ഷണത്തിനു ഒരു ദൃഷ്ടാന്തം കൂടിയാണ് ഈ കവിത.

'വധു' (1959) എന്ന നാലാമത്തെ നിളക്കവിതയിൽ തേക്കുപുഞ്ചപ്പണികൊണ്ടുണങ്ങിത്തേഞ്ഞ തുലാം പോലൊടിഞ്ഞു തൂങ്ങി നിൽക്കുന്ന കർഷകൻ പുഴയെ സ്‌നുഷയായി സമാദരിക്കാൻ കാത്തുനിൽക്കുന്ന ചിത്രം നമ്മുടെ മുമ്പിൽ പ്രദർശിപ്പിക്കപ്പെടുന്നു.

പുഴയോടുള്ള മൃദുലവികാരങ്ങളെല്ലാം വെടിഞ്ഞ് രോഷാകുലനായി പുഴയെ ഭർത്സിക്കുന്ന ഒരു കർഷകക്കാരണവരുടെ മനോഭാവമാണ് 'കുടം നിറക്കൂ കൂടെ വരൂ' (ഒക്ടോബർ 18, 1960) എന്ന കവിതവഴി ഇടശ്ശേരിയിൽ കാണുക. വിശദീകരണം ആവശ്യപ്പെടുന്ന വ്യതിയാനമാണിത്. ഈ കവിതയ്ക്ക് എഴുതിയ മുഖക്കുറിപ്പിൽ കവി തന്നെ അതു വിശദീകരിക്കുന്നുണ്ട്. കോടതിനടപടികളുമായി അദ്ദേഹത്തിന്‍റെ ബന്ധം മാത്രമാവില്ല ഇങ്ങനെയൊരു വിശദീകരണക്കുറിപ്പ് ആവശ്യമാണെന്നു അദ്ദേഹത്തിനു ബോധ്യപ്പെടുവാൻ കാരണം. അദ്ദേഹത്തിന്‍റെ ഉള്ളിൽ എന്നും കുടികൊള്ളുന്ന ഗ്രാമീണ കർഷകൻ ആയിരിക്കണം അദ്ദേഹത്തിനു ഇതിനു പ്രചോദനം നൽകിയത്. വർഷക്കാലത്ത് വെള്ളം പൊങ്ങിയും വേനൽക്കാലത്ത് വരണ്ടുണങ്ങിയും പുഴ കൃഷിക്കാരനെ ദരിദ്രനാക്കുന്നു. കടം പേറി കുടിയൊഴിയേണ്ടിവരുന്ന കൃഷിക്കാരന്‍റെ വേദന കവിയിൽ ആത്മതാപം (emphathy) ഉണർത്തുന്നു. അത് കവിയെ അരിശം കൊള്ളിക്കുന്നു. കണ്ണചുവത്തി കൂലം കുത്തി വരുന്ന പുഴ കർഷകദ്രോഹത്തിൽ കുടിലൻ ജന്മിയേയും കടത്തിവെട്ടുന്നു. എന്നിട്ടും പുഴ നിസ്സംഗതയോടെയൊഴുകി ഉപ്പലമാലയിലിടചേരാൻ കൊതിക്കുന്നതിലാണ് കവിക്ക് അരിശം വർദ്ധിക്കുന്നത്. 'കാണും നീയാണുങ്ങളെ' എന്നു കവി പുഴയ്ക്ക് താക്കീതു നൽകുന്നു. പുഴയുടെ ഉത്ഭവസ്ഥാനത്ത് ഇപ്പോൾ ഒരണക്കെട്ടു നിർമ്മിക്കപ്പെട്ടിട്ടുണ്ട്. 'ഉപ്പലമാലയിലിട ചേരാനിനിയോർപ്പതു വെറുതെ വിഡ്ഢിത്ത'മാണെന്നു കവി പുഴയെ ഓർമ്മിപ്പിക്കുന്നത് അതുകൊണ്ടാണ്. പുഴയിലെ വെള്ളം വെറുതെയൊഴുകിപ്പോകാനിനി കൃഷിക്കാരനനുവദിക്കില്ല. ഇനിമേൽ ഉഴുന്നവർക്കാണ് ഉഭയം. അതുകൊണ്ടു കുടം നിറച്ചു കൂടെ വന്നു കൃഷിക്കാരനെ സേവിക്കുകയേ പുഴയ്ക്ക് ചെയ്യാനുള്ളു. സാംസ്‌കാരിക കേരളത്തിനു ഭാരതപ്പുഴ നൽകിയ ഈടുവെയ്പ്പുകൾ ഓർമ്മിക്കുന്നതോടൊപ്പം കൃഷിയാണ് ജീവനോപാധി എന്നത് അടിവരയിട്ടു പറയുകയാണ് കവി.

ഭാരതപ്പുഴയോടുള്ള തന്‍റെ നിതാന്ത ബന്ധം മൂലം ഇടശ്ശേരിയുടെ മനസ്സിൽപെറ്റുവീണ രണ്ടു സങ്കൽപശക്തികളെ അദ്ദേഹം എങ്ങനെ വളർത്തുന്നുവെന്നതും നമ്മുടെ അന്വേഷണം ആവശ്യപ്പെടുന്നുണ്ട്. ഒന്നു ഹനുമാനാണ്. മറ്റേത് കാറ്റും. പിതൃപുത്രബന്ധമുള്ള രണ്ടു ശക്തികൾ. ഇടശ്ശേരിയുടെ ഇഷ്ടദേവതയാണ് ഹനുമാൻ. അവതാര പുരുഷന്മാരിൽ ശ്രീകൃഷ്ണനും ഇതിഹാസപാത്രങ്ങളിൽ ഹനുമാനും ജനനായകന്മാരിൽ മഹാത്മാഗാന്ധിയുമാണ് അദ്ദേഹത്തിന്‍റെ ആദർശപുരുഷന്മാർ. 'നീലക്കരിമ്പേ നിൻതണ്ടാണരോഗനിവനുത്തമം' എന്നു കൃഷ്ണനോടും 'എൻ ദുര ചിരഞ്ജീവിയാകുവാനല്ലോ, കനിഞ്ഞെങ്കൽ ചേർത്താലും ഗുരോ സേവന മന്ത്രാക്ഷരം' എന്നു ഹനുമാനോടും അർത്ഥിക്കുന്ന ഇടശ്ശേരി മഹാത്മജിയോടു വരങ്ങളൊന്നും ആവശ്യപ്പെടുന്നില്ല. ഗാന്ധിജിയെപ്പറ്റി ഒരു കവിത പോലും അദ്ദേഹം രചിച്ചിട്ടില്ല. കസ്തൂർബാ ഗാന്ധിയെപ്പറ്റി 'നമ്മളുടെ അമ്മ' എന്നൊരു കവിത രചിച്ചിട്ടുണ്ട്. മഹാത്മജിയേയും അതിൽ ആനുഷംഗികമായി അനുസ്മരിക്കുന്നുണ്ടെന്നുമാത്രം. 'ഗാന്ധിജി എനിക്ക് എന്തു തന്നു'? എന്ന ഒരു ലേഖനം അദ്ദേഹം എഴുതിയിട്ടുണ്ട്. അതിൽ അദ്ദേഹം 'ഗാന്ധിജി എന്ന വ്യക്തിയെ ചിത്രീകരിച്ചില്ല; എങ്കിലും ഗാന്ധിജിയെ സ്മരിച്ചുകൊണ്ടല്ലാതെ സാഹിത്യത്തിൽ ഒരു വരിപോലും ഇന്നുവരെ ഞാനെഴുതിയിട്ടില്ല' എന്നും 'ജീവിതത്തെക്കുറിച്ചു സാരമായി ചിന്തിച്ചവരിൽ എനിക്കു പരിചിതൻ മഹാത്മജി മാത്രമാണ്. അതുകൊണ്ട് എന്‍റെ ജീവിതത്തിൽ വളർച്ച എന്ന് വിശേഷിപ്പിക്കാവുന്ന വല്ല പരിവർത്തനവു മുണ്ടായിട്ടുണ്ടെങ്കിൽ അതിനുള്ള പ്രേരണ മറ്റൊരാചാര്യനിൽ നിന്നാവാൻ വയ്യ' എന്നും പറയുന്നുണ്ട്. തുഞ്ചത്താചാര്യൻ തന്‍റെ ജീവിതത്തിനുണ്ടാക്കിയ ലക്ഷ്യബോധം മറന്നുകൊണ്ടല്ല അദ്ദേഹം ഇങ്ങനെ പറയുന്നത്. ലക്ഷ്യത്തിലെത്താനുള്ള മാർഗ്ഗം തുറന്നുതന്നതു മഹാത്മജിയാണെന്നത് ഇടയ്ക്കിടയ്ക്ക് ഇടശ്ശേരി തന്നെത്തന്നെ ഓർമ്മപ്പെടുത്തുകയാണ്.

ഹനുമാൻ സമുദ്രം ചാടിക്കടന്നതും ലങ്ക ചുട്ടെരിച്ചതും ത്രികൂടാചലം കയ്യിലെടുത്ത് ആകാശമാർഗ്ഗത്തൂടെ ലങ്കയിലേക്കു കുതിച്ചതും മറ്റുമായ 'സ്വർഗംഗാപ്രപാതാനുവർത്തിയാം വൃത്താന്തങ്ങൾ' കിളിച്ചുണ്ടിൽ നിന്നു കേട്ട് മറ്റെല്ലാ കുട്ടികളിലുമെന്നപോലെ ബാലനായ ഇടശ്ശേരിയിലും അത്ഭുതം നാമ്പിട്ടിട്ടുണ്ടാവാം. എന്നാൽ ഹനുമാൻ ഇടശ്ശേരിയുടെ ഹൃദയത്തിൽ കുടിപ്പാർപ്പായത് അതുകൊണ്ടല്ല. സ്വന്തം ബലത്തെക്കുറിച്ചു തികച്ചും ബോധവാനായിരുന്ന ഹനുമാന് ആ ബലത്തെ അടക്കിവയ്ക്കാനുള്ള ബലവും കരഗതമായിരുന്നു എന്നതുകൊണ്ടാണ് അത്. മനോബലം ആർജ്ജിച്ചിട്ടില്ലാത്ത ആരും പൊട്ടിത്തെറിക്കുമായിരുന്ന സന്ദർഭത്തിൽ ഹനുമാൻ തികഞ്ഞ സംയമനം പാലിച്ചു എന്നതാണ് ഇടശ്ശേരിയെ ഹനുമദ്ഭക്തനാക്കിയത്. ആ സന്ദർഭത്തെ അദ്ദേഹം ഇങ്ങനെ വിവരിക്കുന്നു.

 അധർമ്മപരിശുഷ്‌ക്കം ലങ്കതന്നോലപ്പുറ-
ത്തരക്കൻ നിക്ഷേപിച്ച ചെങ്കനൽപ്പൊരിപോലെ
പാനവുമശനവും വിട്ടു കണ്ണീരും പൊഴി-
ച്ചാനനം കുനിച്ചിരിക്കുന്നൊരസ്സംശുദ്ധിയെ
തീണ്ടുവാനണയുന്നു നിന്റെ കൺമുമ്പിൽത്തന്നെ
തിക്തപാപമായ് തിണ്ടാടുന്നൊരു കാമാവേഗം
ഇടിത്തീപോലപ്പാപമൂർദ്ധ്‌നി വീഴാതെബ്ഭവാ-
നടക്കം കൈക്കൊണ്ടല്ലോ
, ശിംശപശാഖാഗ്രത്തിൽ
രാമാസ്ത്രത്തിനുവെച്ച നൈവേദ്യമെന്നോ
, ഹാഹ,
രാക്ഷസരാജാവിനെ സ്വാദുനോക്കാതെ വിട്ടു!
യമിതേന്ദ്രിയ
, സ്വന്തം ബലത്തെ സ്വയം തള്ളും
ബലമേ
, ഭവാൻ കൈക്കൊണ്ടാലുമെൻ പ്രണാമങ്ങൾ.

 

കാറ്റിന്‍റെ ചൈതന്യമാണ് പുഴക്കരയിൽ നിൽക്കുമ്പോൾ ഇടശ്ശേരിയെ ആവേശിച്ച രണ്ടാമത്തെ ചാരുത. എല്ലാ പ്രകൃതി പ്രതിഭാസങ്ങൾക്കുമുള്ളതുപോലെ കാറ്റിനുമുണ്ട് രണ്ടു ഭാവങ്ങൾ. ദൈവീകവും ആസുരവും. ഇളം കാറ്റ് ജൈവലോകത്തിനു പ്രകൃതി നൽകുന്ന സുഖകരമായ തലോടലാണ്. കൊടുങ്കാറ്റിലും കാറ്റിന്നു സ്വായത്തമായുള്ള സർഗ്ഗചൈതന്യം നാം കാണാതെ പോകുന്നു. സാധാരണ മനുഷ്യൻ കാണാതെ പോകുന്നതിനെ അവരുടെ കൺവെട്ടത്ത് കൊണ്ടുവരുന്നവരാണല്ലോ കവികൾ. ഷെല്ലിയുടെ 'ഓഡ് ടു ദ് വെസ്റ്റ് വിൻഡ്' (Od To The West Wind) അത്തരത്തിൽപ്പെട്ട ഒരു കവിതയാണ്. ആ ഗണത്തിൽപെടുന്ന കവിയാണ് ഇടശ്ശേരിയും.

 

മെല്ലെച്ചിന്തുക പൂമ്പൊടി കാറ്റേ...
ഫുല്ലമലർക്കുല ചായുമ്പോൾ

                                               
- പൂത്തമാവിനെപ്പറ്റി (1955)

 

എന്ന് അദ്ദേഹം പറയുന്നത് ഉപദേശമായോ അഭ്യർത്ഥനയായോ അല്ല. കാറ്റ് ചെയ്യുന്ന സൽക്കർമ്മത്തെ വാഴ്ത്തുക മാത്രമാണ്. ഈ വാഴ്ത്തൽ വീണ്ടും 'കാറ്റും വെളിച്ചവും' (ഡിസംബർ 9, 1959) എന്ന കവിതയിലും കാണാം.

 

എല്ലാമെല്ലാം പൊക്കിയെടുത്തു
പറന്നണയുന്ന കൊടുങ്കാറ്റേ
, നീ
ഫുല്ലമലർക്കുലകൾക്കു സരാഗ-
പരാഗമണച്ചിടുമെന്നാരോർത്തു

 

'ചൂരലിന്റെ മുന്നിൽ' (ജനുവരി 27, 1957) എന്ന കവിതയിലെ

പാഞ്ഞുപോം കൊടുങ്കാറ്റേ, വരൂ നീ, നിന്നെത്തരു-
പാളിയിൽ നൃത്തംവെയ്ക്കാനിവിടെ പഠിപ്പിക്കാം.

 

എന്ന വരികൾ ഒരു വിദ്യാലയം എന്തായിരിക്കണം എന്ന നിരീക്ഷണത്തോടൊപ്പം കൊടുങ്കാറ്റിൽ ലീനമായിരിക്കുന്ന സർഗ്ഗപ്രതിഭയുടെ തിരിച്ചറിവുകൂടിയാണ്. കൊടുങ്കാറ്റിന്‍റെ സ്വാഭാവികത പ്രകൃതി നശീകരണമാണ്. അതിന് ഒരു താളമിട്ടുകൊടുത്താൽ അത് ഒരു കലാരൂപമായി മാറും. ഉള്ളിൽ തിളച്ചുപൊങ്ങുന്ന ഉഗ്രമായ കോപത്തെ ശിവൻ താണ്ഡവനൃത്തമാക്കി മാറ്റുന്നതുപോലെ. 'കൊടുങ്കാറ്റ്' (ഫെബ്രുവരി 6, 1933) എന്ന ശീർഷകത്തോടെതന്നെ ഇടശ്ശേരിയുടെ മറ്റൊരു കവിതയുണ്ട്. കൊടുങ്കാറ്റ് തന്‍റെ സ്വഭാവം നമ്മോട് വ്യക്തമാക്കുകയാണ്.

 

ഭൂ മരുവാക്കാൻ പോരും കയ്യൂക്കുണ്ടെനിക്കെന്നാ
ലോമനമൃണാളിയാൽ പ്രണയം ബന്ധിക്കുമ്പോൾ
ഞാനതിൻ ചൊൽപ്പടിക്കു നിൽക്കാറുണ്ടെന്നുള്ളതു
മാനമാ
, ണവമാനമല്ലെനിക്കെല്ലാം കൊണ്ടും.

...........................................................................................

...........................................................................................

സംശയം ലേശം വേണ്ടാ പാവങ്ങളുടെ തപ്ത-
നിശ്വാസമത്രേ ലോകം വിറപ്പിച്ചീടുന്ന ഞാൻ
ഒറ്റ നാഴിക മതിയതിനീ ദുഷ്പ്രഭുത്വ-
ക്കോട്ടയെത്തട്ടിത്തകർത്തീടുവാനെക്കാലത്തും

 

സൃഷ്ടിപരതയെയാണ് കവി കാണേണ്ടതും വാഴ്‌ത്തേണ്ടതും എന്നത് ചെറുപ്പത്തിൽത്തന്നെ ഇടശ്ശേരിയിൽ വേരൂന്നിയ വിശ്വാസമായിരുന്നു.

back to index

 

പോയിറ്റ്രി ക്ലാസ്സ്

 

ഇടശ്ശേരിക്ക് ഇംഗ്ലീഷ് കവിതകൾ വായിച്ചു കേൾക്കാൻ മോഹം. ഇംഗ്ലീഷ് കവിതകളിലെ രചനാരീതിയേക്കാളേറെ അവയിലെ കാവ്യബിംബങ്ങ(imageries)ളെയാണ് അദ്ദേഹം കൂടുതൽ ഇഷ്ടപ്പെട്ടത്. വൈകുന്നേരം കോടതിയിൽ നിന്ന് മടങ്ങുമ്പോൾ അദ്ദേഹം സ്‌കൂളിൽ വന്നു. ബാഡ്മിന്റൻ കളിക്കുകയായിരുന്ന ഞാൻ ബാറ്റ്, കളി കണ്ടു നിന്നിരുന്ന ഒരു വിദ്യാർത്ഥിക്ക് കൈമാറി അദ്ദേഹത്തിനടുത്തേയ്ക്കു ചെന്നു. ''വൈകുന്നേരം കുറച്ചുനേരം നമുക്കീ മാവിൽചുവട്ടിലിരുന്നു ചില ഇംഗ്ലീഷ് കവിതകൾ വായിച്ചാലോ?'' അദ്ദേഹം ചോദിച്ചു. ''വൈകുന്നേരത്തെ കളി കഴിഞ്ഞു മതി. അഞ്ചര മുതൽ ആറരവരെ ഒരു മണിക്കൂർ'' അദ്ദേഹം തുടർന്നു പറഞ്ഞു. ഞാൻ സമ്മതിച്ചു. ''ആവാം, നാളെത്തന്നെ തുടങ്ങാം. താത്പര്യമുള്ളവരെല്ലാം വരട്ടെ.''

പക്ഷെ താത്പര്യമുള്ളവർ നന്നേ കുറവായിരുന്നു. ഇടശ്ശേരിയുടെ കൂടെ ഗോപാലക്കുറുപ്പുണ്ടാവും. അവരെ കൂടാതെ എന്‍റെ രണ്ടു സഹപ്രവർത്തകരും അടങ്ങിയ ഒരു ചെറിയ ആസ്വാദകസംഘം. ചില ദിവസങ്ങളിൽ ഹെഡ്മാസ്റ്റർ ശ്രീ ശേഖരവാരിയരും പങ്കെടുക്കും. അദ്ദേഹമതിനു 'പോയിറ്റ്രീ ക്ലാസ്സ്' എന്നു പേരിട്ടു. ഇടശ്ശേരിക്കു അസൗകര്യമുള്ള ദിവസങ്ങളിൽ കവിതാവായന മുടങ്ങും. കവിതാവായന എന്ന പേരു തന്നെയാണ് അതിന് അന്വർത്ഥം. കവിത വായിക്കുക മാത്രമേ എനിക്കു ചെയ്യേണ്ടതുള്ളു. വ്യാഖ്യാനിക്കുകയൊന്നും വേണ്ട. ചിലപ്പോൾ ചില ഭാഗങ്ങൾ വീണ്ടും വായിക്കാൻ ആരെങ്കിലും ആവശ്യപ്പെട്ടെന്നു വരും. ചില വരികൾ കേൾക്കുമ്പോൾ അവയ്ക്കു സമാനമായ സ്വന്തം വരികൾ ഇടശ്ശേരി ചൊല്ലും. പൊതുവെ രസകരമായ ഒരനുഭവമായിരുന്നു അത്. ഒരു ദിവസം മിൽറ്റന്‍റെ 'ഓൺ ഹിസ് ബ്ലൈൻഡ്‌നസ്സ്' (On His Blindness)എന്ന കവിതയാണ് ഞാൻ വായിച്ചത്. അതുകേട്ടു കഴിഞ്ഞപ്പോൾ ഇടശ്ശേരി പറഞ്ഞു, 'എനിക്കുണ്ടായിരുന്ന ഒരു അംഗവൈകല്യത്തെപ്പറ്റി ഒരു കവിത ഞാൻ രചിച്ചിട്ടുണ്ട്. നാളെ നമുക്കതു വായിക്കാം'.

പിറ്റേന്ന് ഇടശ്ശേരിയുടെ കൂടെ ഗോപാലക്കുറുപ്പിനെ കൂടാതെ കടവനാടു കുട്ടികൃഷ്ണനും ഉണ്ടായിരുന്നു. ശിപായി കുഞ്ഞിരാമൻ മൂന്നു ബഞ്ചുകൾ മാവിൻചുവട്ടിൽ കൊണ്ടുവന്നിട്ടു. ഹെഡ്മാസ്റ്റർ ശ്രീ. ശേഖരവാരിയരും വന്നു. കടവനാട് കുട്ടികൃഷ്ണൻ അദ്ദേഹത്തിന്‍റെ പ്രിയ ശിഷ്യനാണ്. അദ്ദേഹത്തിന്‍റെ ക്ലാസ്സുകളിലിരുന്ന് ഇംഗ്ലീഷ് ഗ്രാമർ കമ്പോട് കമ്പ് പഠിച്ചതിന്‍റെ നേട്ടം വലിയ അഭിമാനത്തോടെ കടവനാട് പലപ്പോഴും പറയാറുണ്ട്. ഇടശ്ശേരി തന്‍റെ ജുബയുടെ ഇടത്തെ പോക്കറ്റിൽ നിന്ന് കടലാസെടുത്ത്, ''രണ്ടു മാസം മുമ്പ് എഴുതി വച്ചതാണ്. കേട്ടോളു'' എന്ന മുഖവുരയോടെ വായന തുടങ്ങി. 'മറ്റേ മുണ്ട്' (1954) എന്ന കവിത. ഇളംകാറ്റിൽ മാവിലകൾ തീർത്ത മർമരം ഇടശ്ശേരിയുടെ വായനയ്ക്കു ശ്രുതി മീട്ടി.

 

സാമർത്ഥ്യമോടെ പെരുമാറി ഞാൻ കലാ-
സീമയിലോളമുയർത്തി ഇല്ലായ്മയെ

 

എന്ന കല്പന എന്നിൽ ആശ്ചര്യമുളവാക്കി. മിൽട്ടന്‍റെ ഭാവനാലോകത്തുനിന്നും വളരെ വളരെ ഉയരെ ഇടശ്ശേരി വിഹരിക്കുന്നു.

 

ഇപ്പഴഞ്ചേലയെപ്പോൽ കലാസൗഭാഗ്യ
മേല്പാനിരിക്കയോ നീയുമെൻ ചേതനേ

 

എന്നു ചൊല്ലി ഇടശ്ശേരി നിർത്തിയപ്പോൾ കടവനാട് കുട്ടികൃഷ്ണൻ എഴുന്നേറ്റ് ഇടശ്ശേരിയുടെ കാൽ തൊട്ടു വന്ദിച്ചുകൊണ്ടു പറഞ്ഞു. 'ഉള്ളു നിറഞ്ഞു.'

 

മറ്റു പലപ്രവർത്തനരംഗത്തും ഇടശ്ശേരിയുടെ സാന്നിദ്ധ്യം അനിവാര്യമായി വന്നതുകൊണ്ട് മാവിൻചുവട്ടിലെ ഈ കാവ്യോപാസന പിന്നെ തുടരുകയുണ്ടായില്ല.

back to index

 

നാടകാവതരണത്തിന്‍റെ നാട്ടുവിശേഷങ്ങൾ

 

പൊന്നാനി കേന്ദ്രകലാസമിതിയുടെ പ്രവർത്തനങ്ങളും നാടകാവതരണങ്ങളും മറ്റുമായി സാംസ്‌കാരിക രംഗത്ത് വസന്തം വിരിഞ്ഞ നാളുകളായിരുന്നു അന്നു പൊന്നാനിയിൽ. മലബാറിന്‍റെ പല ഭാഗത്തും 'കൂട്ടുകൃഷി' വിജയപൂർവ്വം അവതരിപ്പിച്ചതിന്‍റെ ഹാങ്ങ്ഓവറിലായിരുന്നു വായനശാലാംഗങ്ങൾ. ഈ നാടകസംഘവുമായുള്ള യാത്രയിലെ ഒരനുഭവം ആധാരമാക്കി 'സങ്കല്പത്തിലെ പെൺകിടാവ്' (1951) എന്ന ഒരു കവിത ഇടശ്ശേരിയുടെ ഭാവനയിൽ വിരിഞ്ഞു. അതിനിടയാക്കിയ സാഹചര്യം മഹാകവി അക്കിത്തം ഒരു കത്തിൽ ഇങ്ങനെ വിവരിക്കുന്നു.

'തലക്കശ്ശേരി പാടത്ത് നാടകം കഴിഞ്ഞ് അരങ്ങിൽ എല്ലാവരും വീണുറങ്ങിയതിന്‍റെ പിറ്റേന്നു രാവിലെ തലക്കശ്ശേരി പാടത്തെ കലുങ്കിൽ ഇരുന്നു ഞാൻ 'പുത്തൻകലവും അരിവാളും' എന്ന കവിത ചൊല്ലിയപ്പോൾ ചില മുസ്ലീം ബാലികമാർ (നാടക സംഘത്തോടൊപ്പം) അതുകേട്ടു നിന്നു. ആ  നിമിഷത്തെ പിന്നീടു ശാശ്വതീകരിക്കുകയാൽ ഉണ്ടായ കവിതയാണത്'.

'കൂട്ടുകൃഷി' എന്ന നാടകം കാണാൻ കഴിഞ്ഞതു തനിക്ക് എത്രമാത്രം ഹൃദ്യമായ ഒരനുഭവമായിരുന്നു എന്ന് പ്രൊഫ. ജോസഫ് മുണ്ടശ്ശേരി ഒരുപ്രബന്ധത്തിൽ വിവരിക്കുന്നുണ്ട്. എവിടെയും ഒരു മണിക്കൂർ പോലും തികച്ചിരിക്കാൻ കഴിയാത്ത തന്നെ പൊന്നാനിയിലെ സ്‌കൂൾ മൈതാനത്ത് മൂന്നു മണിക്കൂർ എല്ലാം മറന്നു പിടിച്ചിരുത്തി ആ നാടകം എന്നാണ് അദ്ദേഹം ആ പ്രബന്ധത്തിന്‍റെ തുടക്കത്തിൽ പ്രസ്താവിക്കുന്നത്.

'കൂട്ടുകൃഷി'യുടെ ജൈത്രയാത്രയ്ക്കുശേഷം കൃഷ്ണപ്പണിക്കർ വായനാശാല നാടകാവതരണരംഗത്തു നടത്തിയ ഒരു പരീക്ഷണത്തെപ്പറ്റി 'ഗ്രാമനാടകവേദി' (ഒക്ടോബർ 4, 1953) എന്ന പ്രബന്ധത്തിൽ ഇടശ്ശേരി ഇങ്ങനെ പറയുന്നു.

'ഒരർദ്ധനഗരവും അർദ്ധഗ്രാമവുമായ പൊന്നാനിയിൽ വച്ചാണ് ഈ പരീക്ഷണം നടത്തിയത്. കൃഷ്ണപ്പണിക്കർ വായനശാല ആറു നാടകങ്ങൾ ടിക്കറ്റു വച്ചു നടത്തുവാൻ തീർച്ചപ്പെടുത്തി. നാടകം ജീവിതവൃത്തിയായി സ്വീകരിച്ച ഒരൊറ്റ നടനും ഉണ്ടായിരുന്നില്ല. ഇന്നാട്ടിലെ ബഹുജനങ്ങൾക്ക് നിത്യപരിചിതരും അതുകൊണ്ട് ആകർഷകത്വം കുറഞ്ഞവരുമായിരുന്നു നടന്മാർ. സ്ത്രീവേഷം കെട്ടുവാൻ ഓരൊറ്റ സ്ത്രീയും മുന്നോട്ടു വരാത്തതുകൊണ്ട് പുരുഷന്മാരുടെ ഘർഘരകണ്ഠങ്ങൾ തന്നെ താലിയും മാലയും കെട്ടേണ്ടിവന്നു. അവരുടെ പ്രസിദ്ധീകരണയന്ത്രം സാക്ഷാൽ ശനിദേവനെപ്പോലെ പംഗുവുമായിരുന്നു. ഇതെല്ലാമായിട്ടും ആ പരീക്ഷണം വിജയകരമായിരുന്നെന്നു തെളിഞ്ഞു.'

ആ പരീക്ഷണത്തിന്‍റെ ആരംഭത്തെക്കുറിച്ച് ഒരു യഥാർത്ഥ വിവരണം ഇവിടെ കുറിക്കുന്നു.

കൃഷ്ണപ്പണിക്കർ വായനശാലയിലെ ഒരു സായാഹ്നം. എ.വി. ഹൈസ്‌കൂളിലെ മലയാളം അദ്ധ്യാപകനായിരുന്ന പദ്മനാഭപ്പണിക്കരും ഞാനും വായനശാലയിലേയ്ക്കുള്ള കോണിപ്പടികൾ മെല്ലെ ചവിട്ടിക്കയറി. പണിക്കർ മാസ്റ്റർക്ക് ഇടശ്ശേരിയെക്കണ്ട് എന്തോ പറയാനുണ്ട്.

വായനശാലയിൽ ആളുകൾ എത്തിത്തുടങ്ങുന്നതേയുള്ളു. ഇടശ്ശേരി നേരത്തെ എത്തിയിട്ടുണ്ട്. കൂട്ടത്തിൽ പി.സി. കുട്ടികൃഷ്ണനുമുണ്ട്. പി.സി. അന്ന് ഉറൂബായി മാറിക്കഴിഞ്ഞിട്ടില്ല. വായനശാലയിലെ അംഗങ്ങൾക്ക് അദ്ദേഹം പി.സി.യേട്ടനാണ്. എല്ലാ മാസവും ഒന്നോ രണ്ടോ തവണ അദ്ദേഹം വായനശാലയിൽ വരും. ആ ദിവസങ്ങളിൽ എന്തു തിരക്കുണ്ടെങ്കിലും അതെല്ലാം മാറ്റിവെച്ച് എല്ലാ അംഗങ്ങളും വായനശാലയിലെത്തും. അദ്ദേഹത്തിന്‍റെ നർമ്മഭാഷണം വീണ്ടും അദ്ദേഹം വായനശാലയിൽ വരുന്നതുവരെ അവിടെ അകത്തളങ്ങളിൽ മുഴങ്ങി നിൽക്കും.

പണിക്കർ മാസ്റ്റരുടെ കയ്യിൽ അന്നത്തെ 'മാതൃഭൂമി' പത്രമുണ്ട്. സ്‌കൂളിൽ വച്ചു പത്രം വായിക്കാൻ അദ്ദേഹത്തിന്നു സമയം കിട്ടാറില്ല. ദിവസവും വൈകുന്നേരം പത്രം വീട്ടിൽ കൊണ്ടുപോയി വായിച്ച് പിറ്റേന്നു രാവിലെ ടീച്ചേഴ്‌സ് അസ്സോസ്സിയേഷൻ സെക്രട്ടറിയെ അതു കൃത്യമായി തിരിച്ചേൽപ്പിക്കും. അതാണദ്ദേഹത്തിന്‍റെ പതിവ്. പി.സി. ആ പത്രം ചോദിച്ചു. വാങ്ങി. പത്രത്തിന്‍റെ ആദ്യതാളിൽത്തന്നെ ഷൊർണ്ണൂരിൽ തീവണ്ടി തട്ടി മരിച്ച ഒരജ്ഞാതന്റെ ചിത്രം കൊടുത്തിട്ടുണ്ട്. പി.സി. കുറച്ചുനേരം ആ ചിത്രം ശ്രദ്ധിച്ചു നോക്കി. പത്രം ഇടശ്ശേരിയുടെ അടുത്തേക്കു നീക്കി വെച്ചു ചോദിച്ചു. 'ഈ പടം എന്‍റേതല്ലേ? ഞാനല്ലേ ഈ മരിച്ചു കിടക്കുന്നത'? ഇടശ്ശേരി ആ ചിത്രം നോക്കി ആത്മഗതമെന്നോണം പറഞ്ഞു. 'ഒരു ഭാര്യയും കുഞ്ഞുങ്ങളും ചിലപ്പോൾ ഒരമ്മയും ഈ മനുഷ്യനെക്കാത്ത് എവിടെയോ ഇരിക്കുന്നുണ്ടാവും'. പത്രം തിരിച്ചെടുത്തുകൊണ്ട് പണിക്കർ മാസ്റ്റർ പറഞ്ഞു. ''അതിലെ അടിക്കുറിപ്പൊന്നു ശ്രദ്ധിച്ചില്ലല്ലോ? ''തീവണ്ടിതട്ടി മരിച്ച അജ്ഞാത ശവം''  "മരിച്ച ശവം'' എന്നു പറഞ്ഞു മാസ്റ്ററൊന്നു അമർത്തി മുളി. ''ഈ മാഷന്മാരുടെ ഒരു കണ്ണേയ്'' എന്നു പറഞ്ഞു പി.സി. പൊട്ടിച്ചിരിച്ചു. ആ ചിരിയുടെ മാറ്റൊലി എന്ന പോലെ വികസിച്ച മുഖവുമായി റ്റി. ഗോപാലക്കുറുപ്പ് കോണി കയറി വന്നു.

പത്തു മിനിറ്റിനകം വായനശാല ആളുകളെ കൊണ്ടു നിറഞ്ഞു. അംഗങ്ങളും അംഗങ്ങളല്ലാത്ത ചിലരും അക്കൂട്ടത്തിലുണ്ടായിരുന്നു. 'കൂട്ടുകൃഷി'ക്കുശേഷം മറ്റൊരു നാടകം അരങ്ങേറുന്നതിനെപ്പറ്റി ആലോചിക്കുവാനാണ് അന്ന് എല്ലാവരും എത്തിയിട്ടുള്ളത്. പതിവു യോഗനടപടികൾക്കു ശേഷം പി.സി. പറഞ്ഞു ''നമുക്കു പൊന്നാനിയിലൊരു നാടക സംസ്‌കാരം വളർത്തിയെടുക്കണം. അതിന് എനിക്കു തോന്നുന്ന മാർഗ്ഗം ഓരോ മാസവും നമ്മളിവിടെ ഒരു നാടകം അവതരിപ്പിക്കുക എന്നതാണ്.''

''ആവാം. നാടകം എഴുതേണ്ട ചുമതല ഇടശ്ശേരിയും പി.സി.യും ഏൽക്കണം'' ഗോപാലക്കുറുപ്പ് ഇടപെട്ടു പറഞ്ഞു.

''നിർദ്ദേശം നന്ന്. പരിഗണിക്കാം'' എന്നു ഇടശ്ശേരി. കലാപ്രവർത്തനങ്ങൾ വായനശാലയിലെ സാധാരണ പ്രവർത്തനങ്ങൾക്കു തടസ്സമാവരുത്. വായനശാലയുടെ കീഴിൽ ഒരു കലാവിഭാഗം പ്രത്യേകമായുണ്ടാകണം. എന്നിങ്ങനെയുള്ള അഭിപ്രായങ്ങൾ അംഗങ്ങളിൽ നിന്നുയർന്നു വന്നു. കലാവിഭാഗത്തിന്റെ പേരിനെക്കുറിച്ചായി പിന്നെ ചർച്ച. 'കൃഷ്ണപ്പണിക്കർ വായനശാലാ കലാവിഭാഗം' അതു വായിലൊതുങ്ങാത്ത പേരാണ് എന്നു രാമൻ മാസ്റ്റർ. അപ്പോൾ മുറിയുടെ ജനാലപ്പടിയിൽ നിന്നു ദേവസ്സിമാസ്റ്റർ വിളിച്ചു പറഞ്ഞു 'കൃപാ പ്രൊഡക്ഷൻസ്' എന്നായാലോ.' അസ്സൽ പേര്... എല്ലാവർക്കും സന്തോഷം.

എന്നാൽ ഇനി അടുത്ത് അവതരിപ്പിക്കേണ്ട നാടകം ഏതെന്ന് ആലോചിക്കാം എന്നായി ഗോപാലക്കുറുപ്പ്. അംഗങ്ങൾക്ക് അവർ നല്ല വായനക്കാരാണെന്നു പ്രകടിപ്പിക്കാനൊരവസരം. പല നാടകങ്ങളുടേയും പേരുകൾ പലരും വിളിച്ചുപറഞ്ഞു. ഒടുവിൽ വള്ളത്തോൾ ബാലചന്ദ്രമേനോൻ എഴുന്നേറ്റ് പതിവുപോലെ വളരെ ശാന്തമായി പറഞ്ഞു. ''എം. ഗോവിന്ദന്റെ 'നീ മനുഷ്യനെ കൊല്ലരുത്' എന്നതാവട്ടെ അടുത്ത നാടകം. അത് അഭിനയിച്ചു ഫലിപ്പിക്കുക അത്ര എളുപ്പമല്ല. എങ്കിലും ആ വെല്ലുവിളി നാം ഏറ്റെടുക്കുക തന്നെ വേണം.'' ആ നിർദ്ദേശം സർവ്വസമ്മതമായി അംഗീകരിക്കപ്പെട്ടു. നടന്മാരെ തെരഞ്ഞെടുക്കാനും അടുത്ത ദിവസം തന്നെ റിഹേഴ്‌സൽ തുടങ്ങാനും ഗോപാലക്കുറുപ്പിനെ ചുമതലപ്പെടുത്തി.

പിറ്റേന്നു വൈകുന്നേരം പൊന്നാനി മിഷ്യൻ സ്‌കൂളിൽ വായനശാലാപ്രവർത്തകർ എല്ലാവരും നേരത്തേ എത്തി. ഏതെല്ലാം വേഷങ്ങളിൽ ആർക്കെല്ലാമാണ് നറുക്ക് വീഴുക എന്ന ഉൽകണ്ഠ എല്ലാവരുടെ മുഖത്തുമുണ്ടായിരുന്നു. ഗോപാലക്കുറുപ്പും ഇടശ്ശേരിയും ഒരുമിച്ചാണ് വന്നത്. എല്ലാവരും കുറുപ്പിന്‍റെ ചുറ്റും കൂടി. അദ്ദേഹം പറഞ്ഞു, ''ഞാൻ കഥാപാത്രങ്ങളുടേയും നടന്മാരുടേയും ലിസ്റ്റും കൊണ്ടല്ല വന്നിട്ടുള്ളത്'' നമുക്ക് ഇവിടെ ഇരുന്ന് ഈ നാടകം ഒന്നു വായിക്കാം. അപ്പോൾ ഓരോ കഥാപാത്രത്തേയും അവതരിപ്പിക്കാൻ പറ്റിയ നടന്മാരെ നിർദ്ദേശിക്കുകയുമാവാം. ''അതേറ്റെടുക്കുന്ന നടന് ആ കഥാപാത്രത്തെ ശരിക്കും അവതരിപ്പിക്കാൻ കഴിയും എന്ന ആത്മധൈര്യമുണ്ടായിരിക്കണം'' അതോടെ എല്ലാവരും അടുത്ത ബഞ്ചുകളിൽ ഇരിപ്പായി.

ഇടശ്ശേരിയുടെ നിർദ്ദേശമനുസരിച്ച് വായന തുടങ്ങിയതു ഞാനാണ്. നാടകത്തിലെ പാത്രങ്ങൾക്കുണ്ടാവേണ്ട സ്വരവ്യത്യാസങ്ങൾ അനുകരിച്ചുകൊണ്ട് വായിക്കാൻ ഞാൻ ശ്രമിച്ചു. നടന്മാരെ നിശ്ചയിക്കാൻ മൂന്നു ദിവസം വേണ്ടി വന്നു. നാലാം ദിവസം മുതൽ തകൃതിയായി റിഹേഴ്‌സൽ തുടങ്ങി. സന്ധ്യയ്ക്ക് ഏഴുമണിക്ക് പെട്രോമാക്‌സ് എത്തും. ആ ചുമതല മഹാൻ കൃത്യമായി നിർവ്വഹിക്കും. വായനശാലയിലെ ഏതു പ്രവർത്തനത്തിന്‍റേയും മുൻ നിരയിലുള്ള ആളാണ് മഹാൻ. അയാളുടെ ശരിയായ പേരെന്തെന്നോ, നാടെവിടെയാണെന്നോ ആർക്കുമറിഞ്ഞുകൂടാ. വായനശാലയുടെ വരാന്തയിലാണ് കുടികിടപ്പ്. അയാൾക്കു മഹാൻ എന്നു പേരിട്ടത് ഇടശ്ശേരിയാണ്.

രാത്രി ഏഴുമണി മുതൽ പത്തര മണിവരെയാണ് റിഹേഴ്‌സൽ. ഒഴിവു ദിവസങ്ങളിൽ പകൽ മുഴുവനും. ഒരാഴ്ച കഴിഞ്ഞപ്പോഴേയ്ക്കും എല്ലാവരും അവരവരുടെ സംഭാഷണം ശരിക്കും പഠിച്ചു. നാടകത്തിൽ റിക്രൂട്ടിങ്ങ് ഓഫീസറുടെ ഭാഗം അഭിനയിച്ചിരുന്നത് എ. മാധവനാണ്. അദ്ദേഹം നല്ല നടനാണ്. അതിലും നല്ല മേയ്ക്കപ്പ് ആർട്ടിസ്റ്റും. റിക്രൂട്ടിങ്ങ് ഓഫീസറുടെ ഭാഗം മാധവൻ തരക്കേടില്ലാതെ അഭിനയിച്ചിരുന്നു. തന്‍റെ ജ്യേഷ്ഠൻ പട്ടാളത്തിലായിരുന്നതുകൊണ്ട് ഒരു പട്ടാളക്കാരന്‍റെ എടുപ്പും ഭാവവും മാധവൻ വശമാക്കിയിരുന്നു. പക്ഷെ, മാധവന് ആത്മവിശ്വാസം പോരാ. അഞ്ചാം ദിവസം മാധവൻ റിഹേഴ്‌സലിനു വന്നത് എഛ്.ആർ. വാരിയർ എന്ന ആജാനുബാഹുവിനേയും കൂട്ടികൊണ്ടാണ്. അദ്ദേഹം പട്ടാളത്തിൽ സേവനം അനുഷ്ഠിച്ച ആളാണ്. അന്നു റിക്രൂട്ടിങ്ങ് ഓഫീസറുടെ ഭാഗം അഭിനയിച്ചത് എഛ്.ആർ. വാരിയരായിരുന്നു. സംഭാഷണമൊന്നും അദ്ദേഹം പഠിച്ചിട്ടില്ലാത്തതുകൊണ്ട് അതു കേട്ടു പറയുകയായിരുന്നു. പക്ഷെ, അന്നത്തെ റിഹേഴ്‌സൽ അവസാനിച്ചപ്പോഴേയ്ക്കും അദ്ദേഹം എല്ലാവരേയും കയ്യിലെടുത്തു കഴിഞ്ഞിരുന്നു. ഞാൻ മാധവനോടു സ്വകാര്യമായി പറഞ്ഞു. 'നാടക ദിവസം എഛ്.ആർ. മുങ്ങിയാൽ പകരക്കാരനായി മാധവൻ തന്നെ വേണ്ടിവരും. അതു കൊണ്ട് അദ്ദേഹം ചെയ്യുന്നതൊക്കെ നോക്കിപ്പഠിച്ചോളു'.

റിഹേഴ്‌സൽ എട്ടു ദിവസം പിന്നിട്ടു. എട്ടുദിവസവും മുടന്തിയാണു നീങ്ങിയത്. പൂർണ്ണമായ ഒരു റിഹേഴ്‌സൽ ഒരു ദിവസവും നടന്നില്ല. നടന്മാരിൽ ആരെങ്കിലും ചിലരൊക്കെ മുടങ്ങും. എട്ടാം ദിവസം റിഹേഴ്‌സൽ കഴിഞ്ഞപ്പോൾ ഇടശ്ശേരി പറഞ്ഞു. ''നാളെ ആരും മുടങ്ങരുത്. പി.സി.വരും. ഇന്നു വന്നിട്ടില്ലാത്തവരേയും വിവരമറിയിക്കണം''.

പി.സി. വന്നു. അഭിനേതാക്കളെല്ലാം വലിയ ഉത്സാഹത്തിലാണ്. എല്ലാവരും വേണ്ട ഗൃഹപാഠം ചെയ്താണ് വന്നിട്ടുള്ളത്. പി.സി.യുടെ മുമ്പിൽ ഒന്നു വിലസാമെന്ന ആത്മവിശ്വാസമാണ് എല്ലാവരുടെ മുഖത്തും. പി.സി.യുടെ അഭിനന്ദനം നേടുക എന്നതു സ്വല്പം ബുദ്ധിമുട്ടുള്ള കാര്യമാണല്ലോ.

റിഹേഴ്‌സൽ തുടങ്ങി. ആദ്യത്തെ രംഗം വളരെ നന്നായി അവതരിപ്പിച്ചു. ഓരോ നടനും പതിവിൽ കൂടുതൽ തിളങ്ങി. പക്ഷെ, രണ്ടാം രംഗം തുടങ്ങും മുമ്പ് പി.സി. പറഞ്ഞു ''വരട്ടെ. ഇത് ഇങ്ങനെ പോയാൽ രംഗത്തു കെട്ട കോഴിമുട്ട വന്നു നിറയും''. ഇടശ്ശേരിയും ഗോപാലക്കുറുപ്പും പരസ്പരം നോക്കി. ഞങ്ങളുടെയെല്ലാം മനസ്സ് ഇടിഞ്ഞു. പി.സി. തുടർന്നു. ''അഭിനയം തീരെ മോശമാണ് എന്നല്ല ഇപ്പറഞ്ഞതിനർത്ഥം. സംഭാഷണം നന്നാവുന്നുണ്ട്. സ്വരഭേദമൊക്കെ ഒത്തുകിട്ടിയിട്ടുണ്ട്. റേഡിയോ നാടകമാണെങ്കിൽ കേമമാവും. പക്ഷെ, ഒരു ദൃശ്യാനുഭവം സൃഷ്ടിക്കലാണല്ലോ നാടകത്തിന്റെ ലക്ഷ്യം. പ്രേക്ഷകർ കൂടുതലായും ശ്രദ്ധിക്കുക ശരീര ചലനങ്ങളിലാണ്. ഓരോ നടനും സ്റ്റേജിൽ എവിടെനിൽക്കണം, ശരീരം എങ്ങനെ ചലിപ്പിക്കണം, കൈ എങ്ങനെ എത്രത്തോളം പൊക്കണം എന്നിവയൊക്കെ ചിട്ടപ്പെടുത്തേണ്ടതുണ്ട്. മുഖഭാവം ഇപ്പോഴത്തേതുതന്നെ മതി. ഗോപാലക്കുറുപ്പ് അതു കേമമാക്കിയിട്ടുണ്ട്. നാം സാധാരണ സംസാരിക്കുമ്പോൾ ഉണ്ടാകുന്ന അംഗചലനങ്ങൾ അബോധ പ്രവർത്തനമാണ്. നാടക സ്റ്റേജിൽ അവയെ ബോധപൂർവ്വമുള്ളവയാക്കണം. ബോധപൂർവ്വമുള്ളവയാണെന്ന് കാണികൾക്ക് തോന്നുകയുമരുത്. അത്രയേ വേണ്ടു. ഈ നാടകത്തിൽ സ്റ്റേജിൽ നിറഞ്ഞു നിൽക്കേണ്ട കഥാപാത്രമാണ് അധികാരി. ഗോപാലമേനോൻ ആ കഥാപാത്രത്തോടു തികച്ചും നീതി ചെയ്യുന്നുണ്ട്. (പി.കെ. ഗോപാലമേനോൻ എന്ന ട്രഷറി ജീവനക്കാരനായിരുന്നു ആ പാത്രത്തെ അവതരിപ്പിച്ചിരുന്നത്) പക്ഷെ, സ്റ്റേജിൽ നിറഞ്ഞു നിൽക്കാൻ വേണ്ടി തലങ്ങും വിലങ്ങും നടന്നാൽ പോരാ. പ്രേക്ഷകരുടെ ശ്രദ്ധ അധികാരിയുടെ മുഖത്തുനിന്നും മാറരുത്. അതുകൊണ്ട് ഈ രംഗം നമുക്ക് ഒരിക്കൽ കൂടി ചെയ്യുക''. എന്നിട്ടു പി.സി. ചുറ്റും നോക്കി. റിഹേഴ്‌സൽ കണ്ടുകൊണ്ടിരിക്കുകയായിരുന്ന ഹെഡ്മാസ്റ്റർ വർഗ്ഗീസു മാസ്റ്റർ ഓഫീസുമുറി തുറന്ന് ഒരു കഷണം ചോക്കെടുത്തു കൊണ്ടുവന്നു. പി.സി. അടിയളന്നു രംഗത്തു ചില കള്ളികൾ വരച്ചു. ഓരോ നടനേയും ആ കള്ളികളിൽ പിടിച്ചു നിർത്തി. ഏതു കോണിൽ തിരിഞ്ഞു നിൽക്കണമെന്ന് അവർക്കു നിർദ്ദേശം നൽകി. പലപ്രാവശ്യം അവരെ രംഗത്തുനിന്നു പറഞ്ഞയച്ചും വീണ്ടും വരുത്തിയും പരിശീലിപ്പിച്ചു. സംഭാഷണ സമയത്തുണ്ടാകുന്ന അംഗവിക്ഷേപങ്ങൾ ചിട്ടപ്പെടുത്തി. ഒരൊറ്റ രംഗമേ അന്നു ചെയ്യുവാൻ കഴിഞ്ഞുള്ളു. ''ഇനി ഇതേ വിധത്തിൽ മറ്റു രംഗങ്ങൾ അവർ സ്വയം നന്നാക്കട്ടെ'' പി.സിപറഞ്ഞു. പി.സി. അങ്ങനെ പറഞ്ഞതിനർത്ഥം ഇതുപോലെ ബാക്കിയെല്ലാ രംഗങ്ങളും ഗോപാലക്കുറുപ്പ് ശരിയാക്കണം എന്നാണെന്നു പിറ്റേന്നു ഇടശ്ശേരി വ്യാഖ്യാനിച്ചു.

ഇടയ്ക്കു രണ്ടു തവണകൂടി പി.സി. വന്നു ചില നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.

നാടകാവതരണ ദിവസം രാവിലെത്തന്നെ പി.സി. എത്തി. ഓരോ രംഗത്തിലും വേണ്ട സാധനസാമഗ്രികളുടെ ലിസ്റ്റ് ഞങ്ങൾ രണ്ടുപേരും കൂടി തയ്യാറാക്കി. ''മൂന്നു മണിക്കു മുമ്പെ ലിസ്റ്റിൽ പറഞ്ഞ സാധനങ്ങളൊക്കെ ഇവിടെ എത്തണം''. പി.സി.യുടെ ഉഗ്രശാസനം. കൃത്യം മൂന്നു മണിക്ക് നാടകം നടക്കുന്ന എ.വി. ഹൈസ്‌കൂളിൽ അദ്ദേഹം എത്തി. ലിസ്റ്റുമായി സാധനങ്ങൾ ഒത്തുനോക്കി. ഒരു നടനു ധരിക്കാനുള്ള ജുബ്ബ മാത്രം സാധനങ്ങളുടെ കൂട്ടത്തിലില്ല. പി.സി. ആ നടനെ വിളിച്ചു വരുത്തി. ''സമയമാകുമ്പോൾ ഇടശ്ശേരിയമ്മാമന്റെ ജുബ്ബ അഴിച്ചു വാങ്ങാ''മെന്നായിരുന്നു അയാളുടെ മറുപടി. പി.സി. പൊട്ടിത്തെറിച്ചു. ''ഇടശ്ശേരി നിങ്ങളുടെയൊക്കെ കളിക്കുട്ടിയാണോ? ആ മനുഷ്യനെ ഇത്ര ചെറുതായാണോ നിങ്ങൾ കാണുന്നത്? അരമണിക്കൂറിനുള്ളിൽ ജുബ്ബ എവിടെ നിന്നെങ്കിലും കൊണ്ടുവന്നിരിക്കണം. അല്ലെങ്കിൽ ഇന്നു നാടകം അരങ്ങേറില്ല''. കേട്ടു നിന്നവരൊക്കെ വിറച്ചു. കാര്യം പറഞ്ഞു പറഞ്ഞു എല്ലാവരും അറിഞ്ഞു. എല്ലാ മുഖങ്ങളിലും പൊതുവെ ഒരു മ്ലാനത പരന്നു.

അണിയറയിലേക്കു മേയ്ക്കപ്പിനു പോകും മുമ്പ് പി.സി. എല്ലാ നടന്മാരേയും പ്രവർത്തകരേയും വിളിച്ച് ആശ്വസിപ്പിച്ചു. ''നിങ്ങൾ ധൈര്യം വിടാതെ അഭിനയിച്ചോളു. നാടകം നന്നാവും. പക്ഷെ ഏതു കാര്യത്തിലും തയ്യാറെടുപ്പാണ് പ്രധാനം. അതിൽ അലസത പാടില്ല''. പിന്നെ ഇടശ്ശേരിയുടെ മഹത്ത്വത്തെപ്പറ്റി ഒരു ചെറിയ ക്ലാസ്സും.

പറഞ്ഞപോലെത്തന്നെ നാടകം പൊടിപൊടിച്ചു. തിരശ്ശീല വീണിട്ടും കാണികൾ പലരും സ്‌കൂൾ മുറ്റത്തുതന്നെ നിന്നു. അവർക്ക് അഭിനേതാക്കളെ നേരിൽ കണ്ടഭിനന്ദിക്കണം.

''നാടകം അഭിനയിച്ചുകാണാൻ വലിയ മോഹമുണ്ട്. ആ ദിവസം പൊന്നാനിയിലെത്തും'' എന്ന് എം. ഗോവിന്ദൻ ഇടശ്ശേരിക്കെഴുതിയിരുന്നുവെങ്കിലും അദ്ദേഹത്തിനു വരാൻ കഴിഞ്ഞില്ല. പിന്നെ അദ്ദേഹം തന്നെ മുൻകൈയെടുത്ത് രണ്ടു മാസത്തിനുശേഷം 'കൂട്ടുകൃഷി', 'നീ മനുഷ്യനെ കൊല്ലരുത്' എന്നീ നാടകങ്ങൾ മദിരാശിയിൽ അവതരിപ്പിക്കാൻ അവസരമുണ്ടാക്കി. രണ്ടു ദിവസവും വൻസദസ്സ് നാടകം കാണാനെത്തിയിരുന്നു. എങ്കിലും നാടകം രണ്ടും പൊന്നാനിയിൽ അവതരിപ്പിച്ചതുപോലെ വിജയമായില്ല എന്നാണ് ഞങ്ങൾക്കു തോന്നിയത്. അസാധാരണ വലിപ്പമുള്ള ഒരു സ്റ്റേജായിരുന്നു അവിടെ, ആ സ്റ്റേജും വൻ സദസ്സും നാട്ടിൻ പുറത്തുകാരായ നടന്മാരിൽ സ്വല്പം സഭാകമ്പം സൃഷ്ടിച്ചുവോ എന്നു സംശയം. നാട്ടിൻപുറത്തെ കാണികളെപ്പോലെ സദ്യ:പ്രതികരണം മദിരാശിയിലെ കാണികളിലുണ്ടായിരുന്നില്ല. അതുകൊണ്ട് നാടകം അവർക്കു രസിക്കുന്നുണ്ടോ എന്നു അഭിനയിക്കുമ്പോൾത്തന്നെ അറിയാൻ കഴിഞ്ഞതുമില്ല. നാടകഗാനങ്ങൾ ആലപിച്ചിരുന്ന മണി എന്ന കുമാരൻ നായരെ മാറ്റി നിർത്തി മദിരാശിയിലെ ഒരു പ്രശസ്ത ഗായകനെക്കൊണ്ടാണ് അവിടെ പാട്ടുകൾ പാടിച്ചത്. അതുകൊണ്ട് പാട്ടുകളുടെ ഭാവം ചോർന്നുപോയതായും തോന്നി. പക്ഷെ, നാടകം വൻ വിജയമായിരുന്നുവെന്നും സദസ്സ് അതു പൂർണ്ണമായും ഉൾക്കൊണ്ടുവെന്നും ഈ നാടകം രചിച്ചതിൽ ഇപ്പോഴാണ് തനിക്കു കൃതകൃത്യത തോന്നുന്നതെന്നും ശ്രീ. എം. ഗോവിന്ദൻ ഇടശ്ശേരിക്കെഴുതി.

ഇതിനെത്തുടർന്നാണ് മാസത്തിലൊരു നാടകം എന്ന പി.സി.യുടെ ആശയം ഞങ്ങൾ പരീക്ഷിച്ചത്. ഇടശ്ശേരിയുടേയും പി.സി. കുട്ടികൃഷ്ണന്റേയും നാടകങ്ങളും ഏകാങ്കങ്ങളുമാണ് പ്രധാനമായും ആ കാലത്ത് രംഗത്തവതരിപ്പിച്ചത്. ആറു മാസം ഈ പരീക്ഷണം വിജയകരമായി നടത്തി. മഴക്കാലമായപ്പോൾ നിർത്തിവെച്ചു. പിന്നെ, അതു തുടരുകയുണ്ടായില്ല.

പി.സി. കുട്ടികൃഷ്ണൻ ആശിച്ചതുപോലെ പൊന്നാനിയിലൊരു നാടക സംസ്‌കാരം വളർത്തിയെടുക്കാൻ ഞങ്ങൾക്കു കഴിഞ്ഞുവോ? കൃത്യമായ ഒരു ഉത്തരം ഈ ചോദ്യത്തിനില്ല. ഒന്നു തീർച്ചയാണ്. ഈ പരീക്ഷണം എന്നെന്നും ഓർമ്മിക്കത്തക്ക അനുഭവങ്ങൾ വായനാശാലാപ്രവർത്തകർക്കു നൽകിയിട്ടുണ്ട്. എ.വി. ഹൈസ്‌കൂൾ മൈതാനത്ത് ക്ഷമയോടെ ഇരുന്ന് ഞങ്ങളെ പ്രോത്സാഹിപ്പിച്ച പ്രേക്ഷകർ പിന്നീടു ഞങ്ങളെ കാണുമ്പോൾ സ്‌നേഹപൂർവ്വം ഇനി എന്നാ നാടകം എന്നന്വേഷിച്ചിരുന്നത് ഞങ്ങൾക്ക് ഒരു പുരസ്‌കാരത്തേക്കാൾ വലുതായിരുന്നു. അവർ പ്രകടിപ്പിച്ച താത്പര്യമാവാം പണസംബന്ധമായ ബുദ്ധിമുട്ടുകൾ ഒരിക്കലും ഞങ്ങളെ അലട്ടാതിരുന്നതിന്നു ഹേതു.

സംഗീതം, നൃത്തം മുതലായ കലകൾക്കു വേണ്ടപോലെ നാടകത്തിനു പ്രത്യേകമായ ഒരഭ്യസനം വേണ്ട എന്ന എന്റെ മിഥ്യാധാരണ തിരുത്തിയത് ഇക്കാലത്തെ നാടക റിഹേഴ്‌സലുകളാണ്. നാടകം ഒരു ദൃശ്യകലയാണെന്നും അതിന്‍റെ മാധ്യമം ശരീരഭാഷയാണെന്നും പഠിപ്പിച്ചത് പി.സി. കുട്ടികൃഷ്ണനാണ്. അഭിനയത്തിന്‍റെ, പ്രത്യേകിച്ചും മുഖാഭിനയത്തിന്‍റെ സാധ്യതകൾ എന്താണെന്നു ബോധ്യപ്പെടുത്തിയത്. ടി. ഗോപാലക്കുറുപ്പാണ്. മഹാനടനായ അദ്ദേഹത്തിന്‍റെ മരണത്തെത്തുടർന്ന് ഇടശ്ശേരി എഴുതിയ 'അശ്രുപൂജ' (സെപ്റ്റമ്പർ 5, 1971) എന്ന കവിതയിൽ ഇങ്ങനെ പറയുന്നു.

 

ഒരു നാടകമേതാണ്ടെഴുതിത്തീർത്തേൻ, പിറ്റേ-
ന്നതുവായിച്ചു താങ്കൾ
, നാലഞ്ചു നാളിന്നകം
ഗ്രാമീണ വിദ്യാലയം നാടകക്കളരിയായ്
നാൾതോറും കളിത്തട്ടായ് കൊച്ചുബഞ്ചുകൾ നിന്നു
അവരിൽ സതീർത്ഥ്യരോടൊന്നിച്ചു നാട്യകലാ-
വിവിധമർമ്മങ്ങളെത്താങ്കളിൽ നിന്നുകേൾക്കേ
,
കേരളകലാവേദിതൻ നവോത്ഥാനത്തി
ന്‍റെ
കേളിക്കൈകളിലങ്ങേക്കൈത്തഴക്കം ഞാൻ കണ്ടു.

 

നാടകങ്ങൾ അരങ്ങേറുമ്പോൾ ഇടശ്ശേരിയുടെ സ്ഥിരം പങ്ക് പ്രോംപ്റ്റരുടേതാണ്. അദ്ദേഹം പുസ്തകവുമായി സൈഡ് കർട്ടനു പിന്നിലുണ്ടെങ്കിൽ അഭിനേതാക്കൾക്കു ധൈര്യമായി. റിഹേഴ്‌സൽ സ്ഥിരമായി കാണുന്ന ഇടശ്ശേരിക്ക് ഓരോ നടനും എവിടെ തപ്പിത്തടയുമെന്നത് മനപ്പാഠമാണ്. അവിടെ നടനെ സഹായിക്കാൻ സന്നദ്ധനായി അദ്ദേഹമുണ്ടാവും. ദുർല്ലഭം ചിലപ്പോൾ രംഗത്തും അദ്ദേഹത്തിനു പ്രത്യക്ഷപ്പെടേണ്ടി വന്നിട്ടുണ്ട്. 'കൂട്ടുകൃഷി' രംഗത്തവതരിപ്പിച്ചിരുന്ന കാലത്ത് ഒരിക്കൽ അങ്ങനെ ഒരനുഭവമുണ്ടായി. പശുവിനെ കാണാതെ പരിഭ്രമിച്ച് ''ന്‍റെ പയ്യിനെക്കണ്ടോ്വാ...?'' എന്നു ചോദിച്ചു രംഗത്തുവരേണ്ട വാരിയരുടെ ഭാഗം അഭിനയിക്കേണ്ട നടൻ തയ്യാറായി വന്നില്ല. ഇടശ്ശേരി ഒട്ടും സംശയിച്ചില്ല. പ്രോംപ്റ്റ് ചെയ്തുകൊണ്ടിരുന്ന അതേ വേഷത്തിൽ പുസ്തകവും കയ്യിൽ പിടിച്ചുകൊണ്ടുതന്നെ രംഗത്തെത്തി. പശുവിനെ കാണാത്തതിലുള്ള പരിഭ്രമം വാരിയരുടെ മുഖത്തുനിന്ന് കാണികളുടെ മുഖത്തേയ്ക്ക് പരന്നത് അന്നാണെന്ന് പിന്നീടൊരിക്കൽ ആ സംഭവം അനുസ്മരിച്ചുകൊണ്ടു പി.സി. കുട്ടികൃഷ്ണൻ പറയുകയുണ്ടായി.

back to index

 

പൊന്നാനി താലൂക്ക് കേന്ദ്രകലാസമിതി

 

കൃഷ്ണപ്പണിക്കർ വായനശാലയുടെ വാർഷികാഘോഷം അക്കാലത്ത് പൊന്നാനിയിലെ ഒരു വലിയ സംഭവമായിരുന്നു. അതങ്ങനെയാവണം എന്നു വായനശാല പ്രവർത്തകർക്കു മാത്രമല്ല വായനശാലയുമായി ബന്ധപ്പെട്ട വി.റ്റി. ഭട്ടതിരിപ്പാട്, പി.സി. കുട്ടികൃഷ്ണൻ, അക്കിത്തം, കടവനാട് കുട്ടികൃഷ്ണൻ തുടങ്ങി അനേകം പേർക്കും ഉള്ള ആഗ്രഹമായിരുന്നു. കൃഷ്ണപ്പണിക്കർ വായനശാലയ്ക്ക് അന്ന് സാഹിത്യസാംസ്‌കാരിക മണ്ഡലത്തിൽ 'ഇടശ്ശേരിക്കളരി' എന്ന മാറ്റപ്പേരും പ്രചാരത്തിലുണ്ടായിരുന്നു. സാഹിത്യരംഗത്ത് പ്രസിദ്ധരായവർ വായനശാലാ വാർഷികത്തോടനുബന്ധിച്ച സമ്മേളനങ്ങളിൽ ഉത്സാഹപൂർവ്വം പങ്കെടുത്തിരുന്നു. അത്തരം അവസരങ്ങൾ പൊന്നാനിയിലേയ്‌ക്കൊരു തീർത്ഥയാത്രയായി പലരും കരുതി. അവർ അതു സമ്മേളനങ്ങളിൽ അഭിമാനപൂർവ്വം പറയുകയും പതിവായിരുന്നു.

മൂന്നായി മുറിഞ്ഞു കിടന്ന മലയാള മണ്ണ് ഒന്നായിച്ചേരുക എന്നത് മലയാളികളുടെയൊക്കെ മഹാസ്വപ്‌നമായിരുന്നു. ഭാഷയും സംസ്‌കാരവും അടിസ്ഥാനമാക്കിയുള്ള സംസ്ഥാന പുനർനിർണയം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്‍റെ നയവുമായിരുന്നു. 1949-ൽ തിരുവിതാംകൂർ, കൊച്ചി നാട്ടുരാജ്യങ്ങളുടെ സംയോജനത്തോടെ കേരള സംസ്ഥാന രൂപവൽക്കരണത്തിനു സാദ്ധ്യതയേറി. ഇതു പ്രമേയമാക്കി ഇടശ്ശേരി രചിച്ച നാലു കവിതകൾ ഈ നാടിന്‍റെ ഭാവി എങ്ങനെയുള്ളതായിരിക്കണം എന്ന ഉൾക്കാഴ്ച നിറഞ്ഞവയാണ്. പൊന്നാനി കേന്ദ്രകലാസമിതിയുടെ ഉദ്ഘാടന സമ്മേളനത്തിൽ അവതരിപ്പിക്കാൻ ഒരു പുതിയ തരം ആട്ടക്കഥയായി 1950-ൽ ഇടശ്ശേരി രചിച്ച 'ഐക്യകേരളം' ആണ് ഈ ശ്രേണിയിലെ ആദ്യകവിത. അതിനിടെ പശ്ചിമതീരസംസ്ഥാനം എന്ന പുതിയ ആശയവുമായി ഒരു സംഘം രംഗത്തെത്തിയതിനെത്തുടർന്നു 1954-ൽ ഇടശ്ശേരി രചിച്ച 'കേരളമേ കേരളമെൻ നാട്' എന്ന കവിതയിൽ.

 

ഉടൽ മുറിഞ്ഞിപ്പോളടിയങ്ങൾക്കെഴുമരിയ ഭാഗ്യത്തെപ്പോലെ
പിടയുകയല്ലോ മുടിയുകയല്ലോ പിറന്നൊരിമ്മലനാട്

 

എന്ന വേദനയുടെ സ്വരം കേൾക്കാം. കേരളസംസ്ഥാനം സാർത്ഥകമായതിലുള്ള ആഹ്ലാദവും ഭാവിയെപ്പറ്റിയുള്ള പ്രതീക്ഷകളും 'കൈതപ്പൂ' (ഒക്ടോബർ 5, 1956), 'വികസിക്കുക' (നവമ്പർ 25, 1956) എന്നീ കവിതകളിൽ പ്രതിഫലിക്കുന്നു. കൃഷ്ണപ്പണിക്കർ വായനശാല ഈ അവസരം ആഘോഷിച്ചത് ഒരു സെമിനാർ സംഘടിപ്പിച്ചുകൊണ്ടാണ്. അതിനു മുൻകൈ എടുത്തതും ഇടശ്ശേരിയും പി.സി.യുമായിരുന്നു. സെമിനാറിൽ സാഹിത്യ കേരളത്തെപ്പറ്റി മഹാകവി അക്കിത്തവും ചരിത്രകേരളത്തെപ്പറ്റി പ്രൊഫ. എം.ജി.എസ്. നാരായണനും ശാസ്ത്ര കേരളത്തെപ്പറ്റി ശ്രീ പി.കെ. കോരുമാസ്റ്ററും സംസ്‌കാര കേരളത്തെപ്പറ്റി കടവനാടു കുട്ടികൃഷ്ണനും പ്രബന്ധങ്ങളവതരിപ്പിച്ചു. ശ്രീ. വി.റ്റി ഭട്ടതിരിപ്പാട് അദ്ധ്യക്ഷനായിരുന്നു.

പൊന്നാനിത്താലൂക്കു കേന്ദ്ര കലാസമിതിയും അന്നു പൊന്നാനിയിൽ സജീവമായിരുന്നു. കേന്ദ്രകലാസമിതിയുടെ വാർഷികാഘോഷം പൊന്നാനി വച്ചു നടത്താൻ വേണ്ടി സ്വാഗത സംഘം രൂപവൽകരണത്തിനായി ഒരു യോഗം എ.വി. ഹൈസ്‌കൂളിൽ ചേർന്നു. താലൂക്കിന്‍റെ പല ഭാഗത്തുനിന്നു ആളുകൾ യോഗത്തിൽ പങ്കുകൊണ്ടു. യോഗാവസാനം പ്രവർത്തകസമിതി അംഗങ്ങളുടെ പേരുകൾ ഇടശ്ശേരി വായിച്ചു. വായന കഴിഞ്ഞപ്പോൾ കേരള ചിത്രകലാപരിഷത്ത് പ്രസിഡണ്ട് എഴുന്നേറ്റുനിന്നു. അദ്ദേഹം പറഞ്ഞു. ''ഈ തിരഞ്ഞെടുപ്പ് ശരിയായ രീതിയിലല്ല. എനിക്കതിൽ പ്രതിഷേധമുണ്ട്. ഇതിൽ ചിത്രകലാകാരന്മാർക്ക് പ്രാതിനിധ്യം കൊടുത്തിട്ടില്ല. ചിത്രകലയെ നിസ്സാരമായിക്കാണുന്നത് ശരിയല്ല. തുഞ്ചന്‍റെ ശബ്ദം വാളയാറിൽ മുട്ടിത്തിരിച്ചുവന്നപ്പോൾ രവിവർമ്മയുടെ ചിത്രങ്ങൾ കടൽകടന്നും സഞ്ചരിക്കുകയായിരുന്നു. ലോകത്തിന്‍റെ ഏതു മുക്കിലും അവ പരിചിതങ്ങളാണ്. അതുകൊണ്ട് ചിത്രകലയോടു നീതി പുലർത്തണം എന്ന് എനിക്കപേക്ഷയുണ്ട്. അദ്ദേഹം നിർത്തിയപ്പോൾ ഇടശ്ശേരി എഴുന്നേറ്റു നിന്നു പറഞ്ഞു. ''ലിസ്റ്റു വായിച്ചപ്പോൾ എനിക്കൊരു തെറ്റുപറ്റി. ക്ഷമിക്കണം. പ്രവർത്തക സമിതിയുടെ വൈസ് പ്രസിഡണ്ടു സ്ഥാനത്ത് കേരള ചിത്രകലാപരിഷത്ത് പ്രസിഡണ്ടിന്റെ പേരുണ്ട്''. എനിക്കപ്പോൾ അത്ഭുതത്തേക്കാളേറെ അമ്പരപ്പാണു തോന്നിയത്. ഡിപ്ലോമസിയുടെ മുഖം ഇടശ്ശേരിക്കില്ലാത്തതാണ്. ഇക്കാലമത്രയും ആരേയും തൃപ്തിപ്പെടുത്തുവാൻ വേണ്ടി അദ്ദേഹം നേർവഴി വിട്ടുമാറുന്നതു കണ്ടിട്ടില്ല. എന്താണ് ഇടശ്ശേരിയുടെ ഈ പ്രവൃത്തിക്കു ന്യായം. യോഗം അവസാനിച്ച് എല്ലാവരും പിരിഞ്ഞുപോയപ്പോൾ ഞാൻ ഇടശ്ശേരിയോട് ചോദിച്ചു. ''ഇതു വേണ്ടിയിരുന്നോ? അദ്ദേഹത്തിന്‍റെ ദുരഭിമാനത്തിനു വഴങ്ങേണ്ടിയിരുന്നോ? പ്രവർത്തക സമിതിയിൽ ചിത്രകലാദ്ധ്യാപകൻ ദേവസ്സി മാസ്റ്ററെ നമ്മൾ ഉൾപ്പെടുത്തിയിട്ടുണ്ടല്ലോ. അത് അദ്ദേഹത്തെ ബോദ്ധ്യപ്പെടുത്തിയാൽ മതിയായിരുന്നില്ലേ?'' ഇടശ്ശേരി പറഞ്ഞു. ''അതല്ല. നമുക്ക് പറ്റിയ ഒരു തെറ്റു തിരുത്തുകയാണ് ഞാൻ ചെയ്തത്. അദ്ദേഹത്തിന്‍റെ സേവനം നമുക്കാവശ്യമുണ്ട്. നോക്കിക്കോളൂ. പ്രവർത്തനങ്ങളുടെ മുൻപന്തിയിൽ അദ്ദേഹം ഉണ്ടാവും''. അതു ശരിയായിരുന്നു. കുമരനെല്ലൂർക്കാരനായ അദ്ദേഹം ഒന്നിടവിട്ട ദിവസങ്ങളിൽ പൊന്നാനിയിലെത്തി എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി. മാത്രമല്ല വാർഷികാഘോഷം നടക്കുന്ന ദിവസങ്ങളിൽ രാവും പകലും ഞങ്ങളോടൊപ്പം ഏതു ചുമതലയും വഹിക്കാൻ തയ്യാറായുണ്ടായിരുന്നു. രാത്രി സ്‌കൂൾ മുറിയിലെ ബഞ്ചിന്മേൽ കിടന്നുറങ്ങാൻ തയ്യാറായ ആ വന്ദ്യവയോധികനെ വളരെ നിർബ്ബന്ധിച്ചാണ് ഞാൻ ഞങ്ങളുടെ ലോഡ്ജിലേക്കു കൂട്ടിക്കൊണ്ടുപോയത്. ഇടശ്ശേരിയുടെ ദീർഘവീക്ഷണത്തിനുള്ള പല തെളിവുകളിലൊന്ന്.

back to index

 

തലസ്ഥാനത്തേയ്ക്ക് ഒരു യാത്ര

 

1957 ഓഗസ്റ്റ് ആദ്യവാരത്തിലൊരു വൈകുന്നേരം ഇടശ്ശേരി കോടതിയിൽ നിന്നു മടങ്ങുമ്പോൾ ഞാൻ താമസിക്കുന്ന വീട്ടിൽ വന്നു. ''തിരുവനന്തപുരം കണ്ടിട്ടുണ്ടോ?'' അദ്ദേഹം ചോദിച്ചു. ''ഇല്ല'' എന്നു ഞാനുത്തരം പറഞ്ഞു. ''എന്നാൽ പുറപ്പെട്ടോളു'' അദ്ദേഹം പറഞ്ഞു. ഒന്നാം സ്വാതന്ത്ര്യ സമരത്തിന്‍റെ ശതവാർഷികത്തോടനുബന്ധിച്ച് ആകാശവാണി സംഘടിപ്പിക്കുന്ന കവിസമ്മേളനത്തിൽ കവിത അവതരിപ്പിക്കാൻ ഇടശ്ശേരിക്കും ക്ഷണം ലഭിച്ചിട്ടുണ്ടായിരുന്നു. ഈ അവസരം പദ്മനാഭപുരം കൊട്ടാരം, ശുചീന്ദ്രം, കന്യാകുമാരി എന്നീ സ്ഥലങ്ങൾക്കൂടി സന്ദർശിക്കുവാൻ ഉപയോഗപ്പെടുത്താം എന്ന് ഇടശ്ശേരി കണക്കുകൂട്ടി.

അന്നു തിരുവനന്തപുരത്തേയ്ക്കുള്ള യാത്ര ഇന്നത്തേതുപോലെ അത്ര സുഗമമല്ല പൊന്നാനിയിൽ നിന്ന് ഞങ്ങൾ നാലു പേരടങ്ങുന്ന ഒരു സംഘം രാവിലെ അഞ്ചുമണിക്കു തൃശ്ശൂർക്കുള്ള ഒരു പ്രൈവറ്റു ബസ്സിൽ പുറപ്പെട്ടു. ഇടശ്ശേരി, രാമൻ മാസ്റ്റർ , കെ.വി. ജോൺ, ഞാൻ. തൃശ്ശൂരിൽ നിന്ന് കെ.എസ്.ആർ.ടി.സി. ബസ്സിൽ തിരുവനന്തപുരത്തേക്ക്. വൈകുന്നേരം ആറു മണിയ്ക്ക് തിരുവനന്തപുരത്തെത്തി. തമ്പാനൂരിൽ സത്രത്തിൽ മുറിയെടുത്തു. മുറിയിൽ ഒരു കട്ടിലും കിടക്കയും ഉണ്ടായിരുന്നതു കൂടാതെ സത്രം മാനേജർ മൂന്നു പേർക്കും പായും, തലയിണയും സൗകര്യപ്പെടുത്തിത്തന്നു. ഭക്ഷണം കഴിഞ്ഞ് ഇടശ്ശേരി നിലത്തു പായ വിരിച്ചു കിടന്നു. ജോണും രാമൻ മാസ്റ്ററും ഇടശ്ശേരിയെ അനുകരിച്ചു. ഇടശ്ശേരി എന്നോട് പറഞ്ഞു. ''എനിക്കിതാണ് ശീലം. ശീലം ഇഷ്ടവുമായി. വിളക്കണച്ചു കട്ടിലിന്മേൽ കയറി കിടന്നോളു.''

പിറ്റേന്നു രാവിലെ കുളിയും പ്രാതലും കഴിച്ച് ഞങ്ങൾ റേഡിയോ സ്റ്റേഷനിലേക്ക് നടന്നു. സന്ധ്യ കഴിഞ്ഞാണ് കവി സമ്മേളനം. അപ്പോൾ തിരക്കായിരിക്കും. രാവിലെയാണെങ്കിൽ മഹാകവി ജി. ശങ്കരക്കുറുപ്പിനെ സൗകര്യമായി കണ്ടു സംസാരിക്കാം. എറണാകുളം മഹാരാജാസ് കോളെജിലെ മലയാളം പ്രൊഫസർ സ്ഥാനത്തുനിന്ന് വിരമിച്ച് ആകാശവാണിയിൽ സാംസ്‌കാരിക പരിപാടിയുടെ ഓണററി ഡിറക്ടറായി പ്രവർത്തിക്കുകയായിരുന്നു കുറുപ്പു മാസ്റ്റർ. അദ്ദേഹത്തിന്‍റെ നേതൃത്വത്തിലാണ് കവി സമ്മേളനം നടക്കുന്നത്. വഴിയോരക്കാഴ്ചകളും കണ്ടു ഞങ്ങൾ നടന്നുകൊണ്ടിരിക്കെ ഒരു സ്റ്റേറ്റുകാർ ഞങ്ങളെ മറികടന്നു തൊട്ടുമുന്നിലായി നിന്നു. വാതിൽ തുറന്നു മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാട് കാറിൽ നിന്നിറങ്ങി. ഇടശ്ശേരിയെ കെട്ടിപ്പിടിച്ചു. ''എപ്പോൾ വന്നു?'' എന്നു ചോദിച്ചു. ഇടശ്ശേരി പറഞ്ഞു. ''ഇന്നലെ രാത്രി''. ''ഇപ്പോഴെങ്ങ്ടാ?' മുഖ്യമന്ത്രി ചോദിച്ചു. ''റേഡിയോ സ്റ്റേഷൻ വരെ''. ''കുറുപ്പുമാസ്റ്ററെ കാണണം'' ഇടശ്ശേരി പറഞ്ഞു. ''ശരി രാത്രി കാണാം'' എന്നു പറഞ്ഞു അദ്ദേഹം യാത്രയായി.

റേഡിയോ സ്റ്റേഷൻ അധികം അകലെയായിരുന്നില്ല. ഞങ്ങൾ ഗെയിറ്റു കടന്നു ചെല്ലുമ്പോൾ കുറുപ്പു മാസറ്റർ താഴെ വരാന്തയിൽ തന്നെ നിൽക്കുന്നുണ്ടായിരുന്നു. അദ്ദേഹം ഇടശ്ശേരിയെ ആശ്ലേഷിച്ചുകൊണ്ടു പറഞ്ഞു, ''മാതൃഭൂമിയിൽ 'അങ്ങേ വീട്ടിലേക്കു' (ജൂൺ 30, 1957) വായിച്ചു. എന്റെ കണ്ണു നിറഞ്ഞു. അതുതന്നെയല്ലേ ഇവിടേയും ചൊല്ലുന്നത്?'' ''അല്ല. 'പതാക കാണുമ്പോൾ' (1957) എന്ന പുതിയതൊന്നാണ്''. ഇടശ്ശേരി പറഞ്ഞു. കുറച്ചുനേരം അദ്ദേഹത്തിന്‍റെ മുറിയിലിരുന്നു ഞങ്ങൾ വർത്തമാനം പറഞ്ഞു. കവിതയും, സാഹിത്യപരിഷത്തിന്‍റെ പ്രവർത്തനങ്ങളുമായിരുന്നു സംഭാഷണവിഷയം. തന്‍റെ താമസസ്ഥലത്തേയ്ക്കു കുറുപ്പ് മാസറ്റർ ഞങ്ങളെ ക്ഷണിച്ചുവെങ്കിലും നഗരം കാണാനുള്ള അവസരം നഷ്ടപ്പെടുമല്ലോ എന്നോർത്ത് ഇടശ്ശേരി ക്ഷമാപണത്തോടെ അതു നിരസിച്ചു.

സന്ധ്യകഴിഞ്ഞപ്പോൾ കവി സമ്മേളനം ആരംഭിച്ചു. നല്ലൊരു സദസ്സ് ഹാജരുണ്ടായിരുന്നു. മുഖ്യമന്ത്രി കാവ്യാത്മകമായ ഒരു പ്രസംഗത്തോടെ സമ്മേളനം ഉദ്ഘാടനം ചെയ്തു. അവതരിപ്പിച്ച കവിതകളെല്ലാം ഉന്നത നിലവാരം പുലർത്തി. ആലാപനത്തിന്‍റെ സവിശേഷതയും ഉള്ളടക്കത്തിന്‍റെ ഗാംഭീര്യവും കൊണ്ടു മുഴങ്ങിനിന്നത് ഒളപ്പമണ്ണയുടെ ആനക്കവിതയും, ഒ.എൻ.വി.യുടെ ബഹദൂർഷായെപ്പറ്റിയുള്ള കവിതയുമാണ്. പിറ്റേന്നു രാവിലെ പതാകാവന്ദനത്തിലും അതോടനുബന്ധിച്ച പരിപാടികളിലും ഞങ്ങൾ പങ്കുകൊണ്ടു. രാഷ്ട്രപതി രാജേന്ദ്രപ്രസാദായിരുന്നു മുഖ്യാതിഥി. നഗരത്തിലെ വിശേഷക്കാഴ്ചകൾക്കു പുറമെ പത്മനാഭപുരം കൊട്ടാരം, ശുചീന്ദ്രം , കന്യാകുമാരി എന്നീ സ്ഥലങ്ങളും സന്ദർശിച്ചു. മൂന്നാം ദിവസം രാത്രി ഞങ്ങൾ മടക്കയാത്ര ആരംഭിച്ചു. എറണാകുളത്തുനിന്നു തിരുവനന്തപുരത്തേയ്ക്കു വാടക വന്ന ഒരു കാർ തിരിച്ചുപോകുമ്പോൾ അതിൽ യാത്ര ചെയ്യാൻ ഞങ്ങൾക്കു സൗകര്യം ലഭിച്ചു. ഒളപ്പമണ്ണയും ഞങ്ങളുടെ സഹയാത്രികനായി. ആശയത്തിലെ ഗരിമകൊണ്ട് ഇടശ്ശേരിയുടെ കവിത ഒന്നാന്തരമായിരുന്നെന്ന് ഒളപ്പമണ്ണ പറഞ്ഞു. സ്വാതന്ത്ര്യ സമരത്തിന്‍റെ ചരിത്രഗാഥകൂടിയാണ് ആ കവിത. ഒറ്റ ശ്രവണത്തിൽ അത് പിടിച്ചെടുക്കാൻ പ്രയാസപ്പെടുമെന്ന് ഞാനപ്പോൾ പറഞ്ഞു. അത് അദ്ദേഹം ശരിവച്ചു. എറണാകുളത്തുനിന്ന് തീവണ്ടിയിൽ തൃശ്ശൂരിലെത്തി അവിടെനിന്നു ബസ്സിൽ ഞങ്ങൾ പൊന്നാനിക്കു പോയി.

back to index

 

 

കവിതകളുടെ അമൃതവർഷം

 

മഴക്കാലമാണ്. കുറച്ചുദിവസമായി തുടർച്ചയായി മഴപെയ്തുകൊണ്ടിരിക്കുകയാണ്. പുറംലോകത്തുള്ള പ്രയാണങ്ങൾ തടസ്സപ്പെട്ടിരിക്കുന്നു. സ്‌കൂളിലേയ്ക്കും താമസസ്ഥലക്കേയ്ക്കുമായി ലോകം ചുരുങ്ങിയിരിക്കുന്നു. നാലഞ്ചുദിവസത്തെ താണ്ഡവത്തിനുശേഷം ഒരു ദിവസം ഉച്ചയ്ക്കു മഴയൊന്നു വിശ്രമിക്കാൻ പോയി. ''ഞാനും ഇവിടെയുണ്ടേ'' എന്നറിയിച്ചു കൊണ്ടു വെയിൽ പതുക്കെ പല്ലിളിച്ചു. ഞാൻ നേരെ വായനശാലയിലേയ്ക്ക് നടന്നു. അത്ഭുതം! ഇടശ്ശേരി അവിടെയുണ്ട്. മഴയത്തെങ്ങാനും വായനശാല ഒലിച്ചുപോയാലോ എന്നു കരുതി ഈ ദിവസമത്രയും അവിടെ കാവലിരിക്കുകയായിരുന്നു എന്നു തോന്നും. കൂട്ടത്തിൽ നാരായണൻ വൈദ്യരുമുണ്ട്. ഇടശ്ശേരിയുടെ സന്തതസഹചാരി എന്നു നാരായണൻ വൈദ്യരെ വിശേഷിപ്പിക്കാം. ഒരു സ്വാതന്ത്ര്യസമരസേനാനികൂടിയാണദ്ദേഹം. നല്ലൊരു ഭിഷഗ്വരനാണെങ്കിലും തന്റെ കഴിവ് പണമുണ്ടാക്കുന്നതിന് വിനിയോഗിക്കാൻ ആദർശവാദിയായ അദ്ദേഹത്തിന് ഇഷ്ടമുണ്ടായിരുന്നില്ല. മണിക്കൂറുകളോളം ഇടശ്ശേരിയോടൊപ്പമിരുന്നു ചതുരംഗം കളിക്കും. ഇടശ്ശേരിക്കവിതകൾ കേൾക്കുന്നത് ഇഷ്ടമാണ്. പക്ഷേ, അഭിപ്രായമൊന്നും ഒരിക്കലും പറയില്ല. അദ്ദേഹത്തിന്റെ മകൾ സരോജിനിയാണ് ഞങ്ങളുടെ നാടകങ്ങളിൽ മുഖത്തു ചായം തേയ്ക്കാൻ സന്നദ്ധയായിവന്ന ആദ്യ ബാലിക.

കുറച്ചുനേരം ഞങ്ങൾ കാലാവസ്ഥയേയും വിദ്യാഭ്യാസബില്ലിനേയും മറ്റും പറ്റി സംസാരിച്ചുകൊണ്ടിരുന്നു. അപ്പോഴേയ്ക്കും വേറേയും മൂന്നു നാലുപേർ വായനശാലയിലെത്തി. ശ്രീ. കെ.ആർ. ചെറായിയും ആ കൂട്ടത്തിലുണ്ടായിരുന്നു. ഞാനന്നു പൊന്നാനി താലൂക്ക് ഗ്രന്ഥശാലാ യൂണിയൻ പ്രസിഡണ്ടാണ്. ചെറായി സെക്രട്ടറിയും. ഒരു യുവകവികൂടിയാണ് ചെറായി. ഇടശ്ശേരി ഒന്നു ചുറ്റും നോക്കി. എന്നിട്ടു പറഞ്ഞു. ''ഇന്ന് അല്പം തെളിഞ്ഞ കാലാവസ്ഥയാണ്. ഒരു കവിത കൂടി കേട്ടോളൂ'' അദ്ദേഹം പോക്കറ്റിൽ നിന്ന് കടലാസ്സെടുത്തു നിവർത്തിയപ്പോഴേയ്ക്കും മഴ വീണ്ടും തുടങ്ങി. ഉഗ്രസ്വരൂപിണിയായല്ല. പതി കാലത്തിൽ. ഇടശ്ശേരി തന്‍റെ പരുക്കൻ സ്വരത്തിൽ ചൊല്ലി.

 

സമയമായി, സമയമായി, തേരിറങ്ങുകംബേ
സകലലോകപാലനൈക സമയമതാലംബേ.

 

ഇടശ്ശേരിയുടെ കവിതചൊല്ലലും മഴയുടെ പതിഞ്ഞതാളവും കവിതയിലെ ബിംബങ്ങളും കൂടി ഞങ്ങളെ ഒരു മാസ്മരലോകത്തിലേയ്ക്കു നയിച്ചു. ഒറ്റ വായനയിലൂടെ കവിത പൂർണ്ണമായും മനസ്സിൽ പതിയുകയില്ലല്ലോ. എങ്കിലും അത് കുറ്റിപ്പുറത്തു നൊട്ടനാലുക്കൽ ഭഗവതിക്കാവിലൂടെ പല കാവുകളിലും നിരന്നുനിൽക്കുന്ന താലപ്പൊലിരംഗം ഞങ്ങളുടെ മുന്നിൽ ഒരു ദൃശ്യവിസ്മയമായി വിടർത്തി. ഓരോരുത്തരും തങ്ങളുടെ അനുഭവങ്ങൾ അവരവർക്കു സ്വായത്തമായ പദകോശങ്ങൾകൊണ്ടു വിവരിക്കാൻ ശ്രമിച്ചു. അവരുടെ പരിമിതികൾ പരിചിതമായിരുന്നതുകൊണ്ട് ഇടശ്ശേരിക്ക് അവരുടെ മനസ്സിലുള്ളത് വായിച്ചെടുക്കാൻ വിഷമമുണ്ടായില്ല. തന്‍റേതെന്നല്ല. ആരുടെ കവിതയായാലും അതിനെപ്പറ്റി അക്കാദമിക നിരൂപണങ്ങളേക്കാൾ താനിഷ്ടപ്പെടുന്നത് ഇത്തരം സംവാദങ്ങളാണെന്ന് ഇടശ്ശേരി പറഞ്ഞു. എന്‍റെ മനസ്സ് മൂളിക്കൊണ്ടിരുന്നത്.

 

ഉണ്ണിയെത്തേടിത്തിരിച്ചോ-
    
രമ്മയുടെ മുമ്പിൽ
എങ്ങനെ നീ നിന്നു ചണ്ഡി
,
    
ചാമ്പലായ്‌പ്പോകാതെ!

 

എന്ന വരികളാണ്. ദിവസങ്ങളോളം ആ അമ്മ വിടാതെ എന്നെ ഭരിച്ചു ലോകക്ലാസ്സിക്കുകളിലെ അമ്മമാരെല്ലാം കുന്തീദേവിയുടെ നേതൃത്വത്തിൽ 'പൂതപ്പാട്ടി'ലേയും (ഏപ്രിൽ 19, 1953) 'കാവിലെപ്പാട്ടി'ലേയും (ജൂൺ 27, 1960) അമ്മമാരെ മുൻനിർത്തി താരാട്ടുപാടി തൊട്ടിലുകളാട്ടുന്ന രംഗം ഞാൻ സ്വപ്‌നം കണ്ടു. ഞാനാ കവിത വീണ്ടും വീണ്ടും വായിച്ചു. പൊട്ടപ്പൂതത്തെ ലോകമാതാവാക്കുന്ന, സുംഭനിസുംഭാദികളെ കൊന്നൊടുക്കിയോളെ സുരഭിലപ്പൂവല്ലിപോലെ മാറ്റുന്ന, നാശം വിതച്ചുകൊണ്ടു പാഞ്ഞടുക്കുന്ന കൊടുങ്കാറ്റിനെ തരുപാളിയിൽ നൃത്തം വെയ്ക്കാൻ പഠിപ്പിക്കുന്ന ഭാവനയ്ക്ക് ഇതൊന്നും ക്ലേശകരമായ അഭ്യാസങ്ങളല്ല. ഇതിലും മഹത്തായ പലതും ഈ തൂലികയിൽ നിന്നു നമുക്കു പ്രതീക്ഷിക്കാം എന്നു ഞാനായിടെ ഒരു സാഹിത്യസംവാദത്തിൽ പങ്കെടുത്തുകൊണ്ടു പറയുകയുണ്ടായി. ഇതറിഞ്ഞ ഇടശ്ശേരി എന്നോടു പറഞ്ഞത് ''ഇതൊക്കെ പ്രസംഗത്തിൽ കൊള്ളാം. ലേഖനത്തിലാവുമ്പോൾ സൂക്ഷിക്കണം. അത് സയുക്തികവും സാരമാത്ര പ്രസക്തവുമായിരിക്കണം'' എന്നാണ്.

'അദ്ധ്യാപനം ഇപ്പോൾ വെറും വാചാലമായിരിക്കുന്നു. അർത്ഥം പറഞ്ഞു കൊടുക്കലേ എവിടേയും നടക്കുന്നുള്ളു അനുഭവിപ്പിക്കലില്ല''. ഒരു ദിവസം ഇടശ്ശേരി പറഞ്ഞു.

 അനുഭൂതികളില്ലാതെത്രയോ പഠിച്ചു നാം
അനുഭൂതികൾക്കല്ലാതെത്രയോ പഠിപ്പിച്ചു

 

എന്ന് അദ്ദേഹം 'ഊർച്ചയും വിത്തൂന്നലും' (ജനുവരി 1, 1950) എന്ന കവിതയിൽ പറയുന്നതു ഞാനപ്പോളോർത്തു. തുടർന്ന് അദ്ദേഹം തന്‍റെ ഒരനുഭവം വിവരിച്ചു. പ്രൈമറി സ്‌കൂളിൽ മൂന്നാം തരത്തിൽ പഠിക്കുന്ന കാലം. 'ശ്രീകൃഷ്ണചരിതം മണിപ്രവാളം ക്ലാസ്സിൽ പഠിപ്പിക്കുന്ന അദ്ധ്യാപകൻ.

 

ദാരിദ്ര്യമെന്നുള്ളതറിഞ്ഞവർക്കേ
പാരിൽ പരക്ലേശവിവേകമുള്ളു.

 

എന്ന വരികൾ ചൊല്ലി, പിന്നെ വിദൂരതയിൽ കണ്ണും നട്ട് ഇരിപ്പായി. അറിയാലോ അന്നത്തെ അദ്ധ്യാപകന്‍റെ സ്ഥിതി. ക്ലാസ്സുമുഴുവൻ നിശ്ശബ്ദം. ക്ലാസ്സിൽ സ്ഥിരമായി കുസൃതി കാണിക്കുന്ന അച്യുതൻ പോലും അദ്ധ്യാപകന്‍റെ മുഖത്തുനോക്കി ഇരിപ്പാണ് ('ചൂരലിന്റെ മുന്നിൽ' എന്ന കവിതയിലെ കഥാപാത്രമാണ് അച്യുതൻ) കുറച്ചുകഴിഞ്ഞപ്പോൾ അദ്ധ്യാപകന്‍റെ കവിളിൽകൂടി കണ്ണുനീർ ഒലിച്ചിറങ്ങി. അദ്ദേഹം പരിസരബോധം വീണ്ടെടുത്ത് മുഖം തുടച്ച് ഈ വരികളെപ്പറ്റി ഒന്നും പറയാതെ അടുത്ത ശ്ലോകം വായിച്ചു. 'പരക്ലേശവിവേകം' എന്നാലെന്താണെന്നു ഞങ്ങൾക്കല്ലാം മനസ്സിലായി. ഒരു പക്ഷേ, പരീക്ഷയ്ക്ക് അർത്ഥമെഴുതാൻ പറഞ്ഞ് ആ സമസ്ത പദം തന്നാൽ ഞങ്ങൾ തോറ്റെന്നിരിക്കും'. വിദ്യാഭ്യാസത്തെപ്പറ്റി എത്ര ഗഹനമായി ചിന്തിച്ചിരിക്കുന്നു 'മന്ദപ്രജ്ഞൻ' എന്നു തന്നെപ്പറ്റി സ്വയം കരുതുന്ന ഈ മഹാമനുഷ്യൻ എന്നു ഞാൻ അത്ഭുതപ്പെട്ടു. പ്രൈമറി അദ്ധ്യാപകർക്കായി അടുത്തു നടന്ന ഒരു പരിശീലന ക്ലാസ്സിൽ ഞാനീ സംഭവം വിവരിച്ചു. ഞങ്ങളുടെ വിദ്യാലയത്തിലെ ചില അദ്ധ്യാപകരോടും ഞാനീ കാര്യം പറഞ്ഞു. അതിന്‍റെ അല ഒതുങ്ങും മുമ്പാണ് ഒരു വൈകുന്നേരം ഇടശ്ശേരി സ്‌കൂളിൽ കയറി വന്നത്. സ്റ്റാഫ് റൂമിൽ ഞങ്ങൾ അഞ്ചാറു പേരുണ്ടായിരുന്നു. അദ്ദേഹം 'പള്ളിക്കൂടത്തിലേയ്ക്കു വീണ്ടും' എന്ന കവിത ഞങ്ങളെ ചൊല്ലി കേൾപ്പിച്ചു. എന്നിട്ടു പറഞ്ഞു. ''ഇന്നേ ഇതു പൂർത്തിയായുള്ളു'' അപ്പോൾ അത് ആരെയെങ്കിലും കേൾപ്പിക്കണമെന്നു തോന്നി. ''അത് അദ്ധ്യാപകരുടെ ഒരു സംഘത്തെയായത് കൂടുതൽ നന്നായി''. ഞങ്ങളിൽ ഒരാൾ പറഞ്ഞു. ''ഞങ്ങൾ വിദ്യാഭ്യാസത്തെപ്പറ്റി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. പ്രകൃതിയിൽ നിന്ന് അകന്നു പോകുന്ന ജീവിതം. പ്രകൃതിയിൽ നിന്നും ജീവിതത്തിൽ നിന്നും അകന്നുപോകുന്ന വിദ്യാഭ്യാസം. ഇവയ്ക്കിടയിൽ ലക്ഷ്യബോധമില്ലാതെ അലയുന്ന അദ്ധ്യാപകരും വിദ്യാർത്ഥികളും.''

പോയി നാമിത്തിരി വ്യാകരണം
വായിലാക്കീട്ടു വരുന്നു മന്ദം
;
നാവിൽ നിന്നെപ്പോഴേപോയ്ക്കഴിഞ്ഞു
നാനാ ജഗൻമനോരമ്യഭാഷ!

 

ഇതുതന്നെയാണ് ഞങ്ങളുടെ സങ്കടവും. അങ്ങയെപ്പോലുള്ളവർ ഈ ദു:സ്ഥിതിയെപ്പറ്റി കാര്യമായി ചിന്തിക്കുന്നത് ഞങ്ങൾക്കാശ്വാസമാണ്. ഒരു വെളിച്ചം ഉദിച്ചുയരുന്നത് ഞങ്ങൾ കാണുന്നു. ഈ ദിശയിലേക്ക് വിദ്യാഭ്യാസ വിദഗ്ധർ എന്നു പറയുന്നവരുടെ മുഖംകൂടി തിരിഞ്ഞെങ്കിൽ എന്നു ഞങ്ങൾ ആശിക്കുന്നു. ''വേണ്ട, ഔപചാരികതയൊന്നും വേണ്ട'' ഇടശ്ശേരി പറഞ്ഞു.

ഒരു ഞായറാഴ്ച വൈകുന്നേരം കൃഷ്ണപ്പണിക്കർ വായനശാലയിലേയ്ക്കായി പുറപ്പെട്ടതാണ്. സ്‌കൂൾ ഗെയ്റ്റിലെത്തിയപ്പോൾ എം. ഭാസ്‌കരൻ നായർ ആരോടോ വർത്തമാനം പറഞ്ഞുകൊണ്ടു നിൽക്കുന്നു. പതിവു പോലെ ചുണ്ടിൽ ബീഡി എരിയുന്നുണ്ട്. പൊന്നാനിയിലെ ഒരു പൊതു പ്രവർത്തകനാണ് ഭാസ്‌കരൻ നായർ. ഇടശ്ശേരിയുടെ ആരാധകനും. എന്നെ കണ്ടപ്പോൾ സാധാരണ ചെയ്യുന്ന പോലെ കയ്യുയർത്തി. ഭാസ്‌കരൻ നായരുടെ അഭിവാദ്യം ചെയ്യലിന്‍റെ രീതി അതാണ്. 'എങ്ങോട്ടാ?' എന്നു ചോദിച്ചു. ഞാൻ വായനശാലയിലേയ്ക്ക് ചൂണ്ടി ''വരൂ. നമുക്ക് ഒന്നു പുത്തില്ലത്തേയ്ക്കു പോകാം''. എന്നായി ഭാസ്‌കരൻ നായർ. ''ഊം? എന്താ വിശേഷം?'' ഞാൻ ചോദിച്ചു. ''ഒന്നൂല്ല. എനിക്ക് ഇടശ്ശേരിയെക്കണ്ടിട്ട് ഒരു കാര്യം പറയാനുണ്ട്. പിന്നെ കുറച്ചുനേരം അവിടെ വർത്തമാനം പറഞ്ഞിരിക്കുകയും ആവാം''. ''ശരി'' ഞാൻ പറഞ്ഞു.

പുത്തില്ലത്തെ പടികടക്കുമ്പോൾ ഇടശ്ശേരി ഉമ്മറത്ത് എന്തോ എഴുതിക്കൊണ്ടിരിക്കുകയാണ്. ഞങ്ങൾ ഉമ്മറത്തേയ്ക്കു കയറുമ്പോൾ എഴുതുന്ന കടലാസ്സിന്‍റെ അടിയിൽ ഒരു വരയിട്ട് പെന്നടച്ചു മേശപ്പുറത്ത് വച്ചു. വിരലുകൾ ഞൊടിച്ചു. ''ഒരു കവിതയാണ്. ഇപ്പോൾ മുഴമിച്ചതേയുള്ളു''. ഞാൻ കടലാസ്സിലേയ്ക്ക് എത്തി നോക്കി. 'അമ്പാടിയിലേയ്ക്ക് വീണ്ടും' (ഫെബ്രുവരി 1963) എന്ന കവിത. ഇടശ്ശേരി അകത്തേയ്ക്കു പോയി. അപ്പോൾ ഞാൻ ഭാസ്‌കരൻ നായരോട് പറഞ്ഞു. 'ഇടശ്ശേരിയിലേയ്ക്ക് വീണ്ടും'. ഭാസ്‌കരൻ നായർ ബീഡി കത്തിച്ചുകൊണ്ട് ചോദ്യരൂപത്തിൽ എന്നെ നോക്കി. അപ്പോഴേയ്ക്കും ഇടശ്ശേരിയും തിരിച്ചുവന്നു. ''ചായ പറയാൻ പോയതാ'' ഇടശ്ശേരി പറഞ്ഞു. ഭാസ്‌കരൻ നായർ എന്നോട് ചോദിച്ചു. ''എന്താ മാഷ് പറഞ്ഞത്?'' ഞാൻ ഒന്നുമില്ലെന്ന് ആംഗ്യം കാട്ടി. ഭാസ്‌കരൻ നായർ വിട്ടില്ല. ''എന്തോ ഒരു കുസൃതിത്തരം ആണല്ലോ പറഞ്ഞത്. പറയൂ. ഞങ്ങളും കേട്ടുരസിക്കട്ടെ.'' ഭാസ്‌കരൻ നായർ പറഞ്ഞു. ഞാൻ പറഞ്ഞു, ''കുസൃതിത്തരമൊന്നുമല്ല. ഇതൊരു സ്വാഭാവിക പ്രതികരണം മാത്രം.'' 'അമ്പാടിയിലേയ്ക്ക് വീണ്ടും' എന്ന കവിതയുടെ ശീർഷകം കണ്ടപ്പോൾ ''ഇടശ്ശേരിയിലേക്ക് വീണ്ടും'' എന്ന് ഉടനെ ഒരുപ്രതികരണം വന്നു. ''കുറച്ചു ദിവസം മുമ്പ് 'പള്ളിക്കൂടത്തിലേയ്ക്കു വീണ്ടും' (ജനുവരി 8, 1961) എന്ന കവിത വായിച്ചപ്പോൾ അത് മനസ്സിലൊരു ഇളക്കം സൃഷ്ടിച്ചു. 'അമ്പാടിയിലേയ്ക്ക് വീണ്ടും' എന്ന തലക്കെട്ടു കണ്ടപ്പോൾ ഒരു നല്ല കവിത ആസ്വദിക്കാൻ ഇടശ്ശേരിയുടെ അടുത്തേയ്ക്ക് എത്തിയിരിക്കുന്നു എന്ന അർത്ഥത്തിൽ അങ്ങനെ പറഞ്ഞുപോയതാണ്''. അതുകേട്ട് ഇടശ്ശേരി ചിരിച്ചു. ഇടശ്ശേരി പക്ഷെ, ഈ സംഭവം മറന്നില്ല. പിന്നീടു രണ്ടു കൊല്ലം കഴിഞ്ഞ് അദ്ദേഹം എന്നോടു പറഞ്ഞു. 'ഒരു വീണ്ടും' കവിത കൂടി തയ്യാറായിട്ടുണ്ട് 'അജാമിളമോക്ഷം വീണ്ടും' (ജനുവരി 1954) വൈകുന്നേരം നമുക്ക് അതൊന്നു വായിക്കാം.

ചായ കുടിച്ചു ഞങ്ങൾ 'അമ്പാടിയിലേയ്ക്ക് വീണ്ടും' എന്ന കവിത ഇടശ്ശേരി ചൊല്ലുന്നതു കേട്ടു. അദ്ദേഹം ചൊല്ലി നിർത്തിയപ്പോൾ ഞാനൊരു സംശയമുന്നയിച്ചു. 'വ്രീളാവിവശതയാലേ മിഴിയും പൂട്ടി ഞങ്ങൾ കിടക്കുമ്പോൾ' എന്ന വരികൾ ''വ്രീളാവിവശതയാലേ ഞങ്ങൾ മിഴിയുമടച്ചു കിടക്കുമ്പോൾ' എന്നായാലല്ലേ കേൾക്കാൻ കടുതൽ സുഖം. ഇടശ്ശേരി പറഞ്ഞു, ''കവിതയ്ക്കു സുഗേയത ഒരു ധർമ്മം തന്നെ. അതിനേക്കാളേറെ പ്രധാനം പദങ്ങൾ സംവഹിക്കുന്ന അർത്ഥത്തിനാണ്. 'പദങ്ങളോടുള്ള സത്യസന്ധത' എന്നു അതിനെവിളിക്കാം. 'പൂട്ടി' എന്ന പദം നമ്മുടെ ഉള്ളിലുണ്ടാക്കുന്ന അർത്ഥതലം 'അടച്ചു' എന്ന പദം കൊണ്ടുണ്ടാക്കാൻ കഴിയില്ല. 'വാഗർത്ഥ പ്രതിപത്തി' എന്താണെന്നറിയാലോ?'' പദപ്രയോഗത്തിലുള്ള സൂക്ഷ്മത ഇടശ്ശേരിക്കവിതകളുടെ തനിമ നിലനിർത്തുന്ന ഒരു ഘടകമാണ്. സംവേദനക്ഷമതയിലുള്ള നിർബ്ബന്ധബുദ്ധിയാണ് അതിനു കാരണം. പ്രചാരത്തിൽ വിരളമായ സംസ്‌കൃത പദങ്ങളും തനിനാടൻ പദങ്ങളും അദ്ദേഹം ധാരാളം പ്രയോഗിക്കുന്നു. അവയുടെ സാധുത അനുവാചകന് ബോദ്ധ്യപ്പെടാൻ ചിലപ്പോൾ സാവകാശം വേണ്ടിവരും. ഇതുകൊണ്ടാക്കെയാണ് ഇടശ്ശേരിയുടെ കവിതകൾ മനസ്സിലാക്കുവാൻ സ്വല്പം ആയാസം വേണം എന്ന് സാഹിത്യവിദ്യാർത്ഥികൾ സങ്കടപ്പെടുന്നത്.

'ബിംബിസാരന്‍റെ ഇടയൻ' (മാർച്ച് 29, 1964) എന്ന കവിതചൊല്ലിക്കേട്ടപ്പോൾ ഇതു 'പൂതപ്പാട്ടിനും' 'കാവിലെ പാട്ടിനും' മുമ്പ് എഴുതേണ്ടതായിരുന്നില്ലേ എന്ന സംശയം എന്നിലുണ്ടായി.

 

അമ്മമാരുടെ മുഗ്ധതകൾക്കി-
ങ്ങവസിതിയുണ്ടോ ഭുവനത്തിൽ
,
തന്നെത്തന്നേ തീറ്റ കൊടുത്തിവർ
പോറ്റിയെടുപ്പീലാരാരെ
?

 

എന്ന വരികളിലും

 

എനിക്കുമൊരു മാതുണ്ടായീ പ-
ണ്ടന്നെ നൃപന്നു കൊടുത്തപ്പോൾ
കിട്ടിയ വിൽക്കാശപ്പടിയെന്നുടെ
കോന്തലയ്ക്കലുടക്കിയവൾ!
അവൾക്കു കുളിരിനു കമ്പിളി നേടി-
പ്പിന്നീടെന്നോ ഞാൻ ചെല്‌കെ
,
ഒരട്ടി മണ്ണുപുതച്ചു കിടപ്പൂ
;
വീടാക്കടമേ മമജന്മം!

 

എന്ന വരികളിലുള്ള ഋണഭാരം അമ്മയുടെ ആത്മാവിന്നു വാക്കുകൾകൊണ്ടു തിലോദകമർപ്പിച്ചു കുറയ്ക്കാനുള്ള ശ്രമമല്ലേ 'പൂതപ്പാട്ടിലേയും' 'കാവിലെപാട്ടിലേയും' അമ്മമാരുടെ സൃഷ്ടിക്കു പിന്നിലുള്ളത് എന്ന് എനിക്കു തോന്നി. ഞാനീ സംശയം ഇടശ്ശേരിയോടു ചോദിച്ചു. ''പൂതപ്പാട്ട് രചിക്കും മുമ്പുതന്നെ ഈ വരികളിലെ ആശയം ഇടശ്ശേരിയുടെ മനസ്സിൽ രൂപം കൊണ്ടിരുന്നുവോ?'' എന്നാണ് ചോദിച്ചത്. ചിന്തകൾക്ക് നിശ്ചിതമായ കാലാനുക്രമം പാലിക്കണമെന്ന വ്യവസ്ഥയൊന്നുമില്ലല്ലോ എന്നാണദ്ദേഹം മറുപടി പറഞ്ഞത്. ശരിയാണ് അതൊരു മനശ്ശാസ്ത്ര തത്ത്വമാണ്.

ഒരു ഒഴിവുദിവസം വൈകുന്നേരം ഒരു ബന്ധുവിനെ കാണാൻ ലക്ഷ്യമിട്ടു നിരത്തിലൂടെ നടക്കുമ്പോൾ 'മാഷേ' എന്നൊരു വിളികേട്ടു. നാരായണൻ വൈദ്യരുടെ പീടികയിൽനിന്ന് പി.സി. കൈകാട്ടി വിളിച്ചു. പീടികക്കോലായിൽ രണ്ടു ചെറിയ ചാരുകസേരകളുള്ളതിൽ ഒന്നിൽ പി.സി. നിറഞ്ഞുതുളുമ്പി ഇരിക്കുന്നു. മറ്റേതിൽ ഇടശ്ശേരി ഒതുങ്ങി ഇരിക്കുന്നു. നാരായണൻ വൈദ്യർ ഇട്ടുതന്ന സ്റ്റൂളിൽ രണ്ടു പേരുടേയും നടുക്കായി ഞാനും ഇരുന്നു. വൈദ്യർ പീടികയുടെ തൂണും ചാരി നിലത്തും. പി.സി. അപ്പോഴേയ്ക്കും ഉറൂബായി മാറിക്കഴിഞ്ഞിരുന്നു. പൊന്നാനിക്കാർ പോലും അദ്ദേഹത്തിന്റെ ശരിയായ പേര് മറന്നു തുടങ്ങിയിരുന്നു. അദ്ദേഹം നിരന്തരം സംസാരിച്ചുകൊണ്ടിരുന്നു. ഇടയ്ക്കിടയ്ക്കു ചില ചോദ്യങ്ങളും 'പ്രപഞ്ചം ഇരുണ്ടതാണ് എന്നു തോന്നിയിട്ടുണ്ടോ?' എന്ന് എന്നോട് ചോദിച്ചു. ഞാൻ പറഞ്ഞു. ''ഒരിക്കൽ അങ്ങനെ തോന്നുകയുണ്ടായി. ആറു വയസ്സിൽ എനിക്ക് അച്ഛൻ നഷ്ടപ്പെട്ടു. എട്ടാം വയസ്സിൽ അമ്മയും. അപ്പോൾ തോന്നി എനിക്കുചുറ്റും ഇരുട്ടാണെന്ന്?'' ''അത് അധികം നീണ്ടു നിന്നോ?'' അദ്ദേഹം ചോദിച്ചു. ''ഇല്ല. ആ ഇരുട്ടിലേക്ക് മുത്തച്ഛൻ എന്ന സൂര്യൻ ഉദിച്ചുവന്നു.'' ഞാൻ പറഞ്ഞു. പി.സി. ചിരിച്ചു. അപ്പോൾ ഇടശ്ശേരി 'ഇടയ്ക്കു കണ്ണീരുപ്പുപുരട്ടാതെന്തിനു ജീവിത പലഹാരം?' എന്നു ചൊല്ലി.

സമകാലികപ്രശ്‌നങ്ങളോട് ഉടൻ പ്രതികരിക്കുന്ന മനസ്സാണ് ഇടശ്ശേരിയുടേത്. ഇന്ത്യ എന്നത് അദ്ദേഹത്തിന്ന് ഒരു ഭൂഖണ്ഡം മാത്രമല്ല. ഒരു വികാരം കൂടിയായിരുന്നു. ചൈനയുമായുള്ള അതിർത്തി സംഘർഷത്തിൽ ഇന്ത്യയുടെ നിലപാടെന്തായിരിക്കണം എന്ന കാര്യത്തിൽ അദ്ദേഹത്തിനു വ്യക്തമായ ഉത്തരം ഉണ്ടായിരുന്നു.

 

മുറ്റത്തിനൻ പെരുമ്പായ
വിരിച്ചൂ
; തൊട്ട വീട്ടുകാർ
ഉണക്കുന്നൂ വെടിമരു-
ന്നെന്തേ
, ഞാൻ നെല്ലു ചിക്കണോ?

                                                - പൊട്ടിപുറത്ത്, ശീവോതി അകത്ത് - (സെപ്റ്റമ്പർ 1, 1963)

 

എന്ന കവിതയിൽ സംശയരഹിതമായ തന്‍റെ നിലപാട് അദ്ദേഹം വരച്ചു കാട്ടുന്നുണ്ട്. പിന്നേയും സംശയിച്ചു നിൽക്കുന്നവരെ

 

വെളിച്ചം തൂകിടുന്നോളം
പൂജാർഹം താനൊരാശയം
അതിരുണ്ടഴൽ ചാറുമ്പോൾ
പൊട്ടിയാട്ടുകതാൻ വരം!

 

എന്ന് ശക്തമായ ഭാഷയിൽ ഉദ്‌ബോധിപ്പിക്കാനും അദ്ദേഹം തയ്യാറാവുന്നു. ആകുലതയിലല്ല ആ കവിത അവസാനിക്കുന്നത്.

 

പിൻതള്ളപ്പെടുകില്ലെന്‍റെ
നാടു സംക്രാന്തി നാൾകളിൽ
;
അതിന്നു കഴിവുണ്ടല്ലോ
ശിവോതിയെ വരിക്കുവാൻ!

 

എന്ന ശുഭാപ്തി വിശ്വാസത്തിലാണ്. മന്ത്രങ്ങളിൽ ഉപയോഗിക്കുന്ന ഛന്ദസ്സു തന്നെ ഇവിടെ തിരഞ്ഞെടുത്തതിലെ ഔചിത്യവും ശ്രദ്ധിക്കുക. (തിരഞ്ഞെടുത്തതാവില്ല, സ്വാഭാവികമായി വാർന്നുവീണതായിരിക്കും)

1965-ലെ ഇന്ത്യാ-പാക്കിസ്ഥാൻ സംഘർഷം ഇടശ്ശേരിയിൽ മറ്റൊരു വിധത്തിൽ വിഷാദം സൃഷ്ടിച്ചു. ഇതിന്നു കാരണമായത് കേരളത്തിലെ ചില മൂലകളിൽ നിന്നുയർന്നു കേട്ട ദേശവിരുദ്ധമുദ്രാവാക്യങ്ങളാണ്. 'മതത്തിന്‍റെ വിജ്ഞാനത്തിലും നടത്തിപ്പിലും നമ്മൾക്കു കൂട്ടുകൃഷി വേണം. പക്ഷേ, നിലം പാകപ്പെട്ടില്ലല്ലോ. കൃഷിക്കാരൻ എറങ്ങിയാൽ ആ നിലവും പാകപ്പെടും', എന്നു 'കൂട്ടുകൃഷി' നാടകത്തിൽ പതിനാറുകൊല്ലം മുമ്പു താൻ പ്രകടിപ്പിച്ച ശുഭപ്രതീക്ഷയ്ക്ക് തിരിച്ചടിയേറ്റല്ലോ എന്ന് ഇടശ്ശേരി വേദനിച്ചത് സ്വാഭാവികം മാത്രം. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്‍റെ ന്യൂനതയുടെ വിളംബരമല്ലേ ഈ മുദ്രാവാക്യങ്ങൾ എന്ന് അദ്ദേഹം വേദനയോടെ അന്നു ചോദിക്കുകയുണ്ടായി. അതിന്‍റെ ത്രസിപ്പാണ് 'ഒരു പിടിനെല്ലിക്ക' (ജനുവരി 30, 1966) എന്ന കവിത.

 

എന്തു നേടി? അറിയില്ലെ-
   ന്നിളം തലമുറ പക്ഷേ
എന്തു
നഷ്ടപ്പെടാനുണ്ടെ-
  
ന്നറിഞ്ഞേ പറ്റു!

 

എന്ന് ആവർത്തിച്ചു പറഞ്ഞുകൊണ്ട് ഇന്ത്യയുടെ സാംസ്‌ക്കാരിക പൈതൃകത്തെ വിസ്തരിച്ചുപന്യസിക്കുന്നുണ്ട് ഇടശ്ശേരി ഈ കവിതയിൽ. ഈ മഹാപ്രപഞ്ചത്തോളം വളർന്ന ഒരു കൊച്ചു മനുഷ്യൻ

 

'തിരിച്ചുപോകരുതു നീ വിട്ടുപോന്ന മൃഗത്തിനെ-
ത്തിരയാൻ
; ദേവനിലത്രേ നിനക്കു ലക്ഷ്യം.'

 

എന്നു നമ്മോടുരുവിടുന്നതും, സ്വത്രന്തത എന്ന ദേവസങ്കല്പം അതാണെന്നു കവി കണ്ടെത്തുന്നതും പ്രതിപാദിച്ചുകൊണ്ട് ആ കവിത അവസാനിക്കുന്നു. നാടിന്‍റെ സംസ്‌കൃതിയും ദേശസ്‌നേഹവും ഉത്തമകവിതയും സമ്മേളിക്കുന്ന ഒരപൂർവ്വ രചനയാണ് ഇത്. ഈ ഒറ്റക്കവിത കൊണ്ടു തന്നെ ഇടശ്ശേരി 'നാനൃഷ കവി': എന്ന ചൊല്ലിന്നു ഭാഷ്യം ചമച്ചിരിക്കുന്നു.

back to index

 

സാധിതമാകാത്ത സ്വപ്‌നം

 

ഒരു അഷ്ടമിരോഹിണി നാളിൽ തൃക്കാവ് ക്ഷേത്ര പരിസരത്ത് കുട്ടികളുടെ സമ്മേളനത്തിൽ ഇടശ്ശേരി ശ്രീകൃഷ്ണന്‍റെ ബാല്യത്തെപ്പറ്റി ഒരു പ്രസംഗം ചെയ്തു. ഇത്രയും വർണശബളമായ ബാല്യമുള്ള ഒരൊറ്റ പുരാണപുരുഷനും ഭാരതീയ സാഹിത്യത്തിലെന്നല്ല വിശ്വസാഹിത്യത്തിലെവിടേയും നമുക്ക് കണ്ടെത്താനാവില്ല എന്ന് അദ്ദേഹം പറഞ്ഞു. ശ്രീകൃഷ്ണ ചരിതത്തിലെ ചില പ്രത്യേക ഘട്ടങ്ങൾ അദ്ദേഹം തന്‍റേതായ കണ്ടെത്തലുകളോടെ അവതരിപ്പിച്ചു. മുക്കാൽ മണിക്കൂറിലധികം നീണ്ട ആ പ്രസംഗം കുട്ടികൾ രസിച്ചാസ്വദിച്ചു. അമ്പലപരിസരിത്തുനിന്ന് ഞങ്ങളൊരുമിച്ചാണ് മടങ്ങിയത്. എന്‍റെ താമസസ്ഥലത്തെത്തിയപ്പോൾ അദ്ദേഹം ഗേറ്റ് തുറന്ന് ഉമ്മറത്തു കയറി കസേരമേൽ ഇരുന്ന് വാതില്ക്കൽ നിൽക്കുന്ന എന്‍റെ വാമഭാഗത്തോട് 'ചായ വേണം' എന്നു പറഞ്ഞു. പിന്നെ അന്നു പ്രസംഗിച്ച വിഷയത്തെപ്പറ്റിയായി സംഭാഷണം. 'ഇതൊക്കെച്ചേർത്ത് കൃഷ്ണനെപ്പറ്റി ഒരു നീണ്ട കവിത രചിക്കണം എന്നു മോഹമുണ്ട്. അതിനുമുമ്പ് ഈ കവിതയൊന്നു കേട്ടോളു.' എന്നു പറഞ്ഞു, 'ഉണ്ണികൃഷ്ണനോട്' (1966) എന്ന കവിത ചൊല്ലി. ഇടശ്ശേരി പോയിക്കഴിഞ്ഞപ്പോഴും എന്‍റെ മനസ്സിൽ.

 നീലക്കരിമ്പേ നിൻതണ്ടാ-
ണരോഗനിവനുത്തമം
 

എന്ന വരികൾ തുടിച്ചു നിന്നു. അതിനുമുമ്പത്തെ 'കടവേരുകിളക്കട്ടെ! കഷായത്തിന്നു യോഗികൾ' എന്ന വരിയുടെ വെറും അനുബന്ധമായി പറയുന്നതാണോ ഇത്. ആശയം വ്യക്തമാണ്. ''എനിക്കു നിന്നെ കാണേണ്ടാ, നിൻ കഴൽപ്പാടു പോരുമേ'' എന്നു മുമ്പെ പറയുന്നുണ്ടല്ലോ. പക്ഷെ, അരോഗൻ എന്ന് ഇടശ്ശേരി അവിടെ പ്രയോഗിച്ചതിലെ പ്രത്യേകത എന്താണ്? യോഗികളൊക്കെ രോഗികളും താൻ മാത്രം അരോഗനും എന്ന് അദ്ദേഹം ചിന്തിക്കാനിടയില്ല. രോഗഗ്രസ്തരായ മനുഷ്യർക്കു വേണ്ട കഷായത്തിനുള്ള കടവേര് കണ്ടെത്തുകയാണ് യോഗികളുടെ ശ്രമം. അരോഗനായ തനിക്ക് അത്ര വലിയ ശക്തിയുള്ള കഷായംവേണ്ട. അങ്ങനെ ആലോചിച്ചപ്പോഴാണ് മുൻകാലങ്ങളിൽ രോഗങ്ങളൊന്നുമില്ലാതിരുന്നിട്ടും ദേഹപുഷ്ടിയില്ലാത്ത കുട്ടികൾക്കും ചെറുപ്പക്കാർക്കും നാട്ടുവൈദ്യന്മാർ നിർദ്ദേശിച്ചിരുന്ന കരിമ്പിരുമ്പാദികഷായം മുന്നിൽ തെളിഞ്ഞു വന്നത്. അതിൽ ചേർക്കേണ്ടത് നീലക്കരിമ്പാണ് അതില്ലെങ്കിൽ,

 കണ്ടകാരിയതില്ലെങ്കിൽ
ചുണ്ടവേരതു ചേർക്കുക
ചുണ്ടവേരതുമില്ലെങ്കിൽ
കണ്ടവേരതു ചേർക്കുക.
 

എന്ന പ്രമാണവും അനുസരിക്കാം.

പിന്നെ, ഇടശ്ശേരിയെ കണ്ടപ്പോൾ ഞാനിക്കാര്യം പറഞ്ഞു. അദ്ദേഹം ചിരിച്ചു. എന്നിട്ടു ചോദിച്ചു. 'ആ കഷായം കഴിച്ചിട്ടുണ്ടോ?' ഞാൻ പറഞ്ഞു. ''ഇല്ല'' ''ഞാനതു കുറെ കഴിച്ചിട്ടുള്ളതാണ്'' എന്നദ്ദേഹം പറഞ്ഞു.

നന്നെ ചെറുപ്പത്തിലേ കൃഷ്ണ സങ്കല്പം ഇടശ്ശേരിയുടെ ചിന്തയെ ഗൗരവമായി സ്വാധീനിച്ചു കഴിഞ്ഞിരുന്നു. നാല്പത്തി നാലാം വയസ്സിൽ അദ്ദേഹം രചിച്ച 'കാശാവുപൂത്തു' (ഒക്ടോബർ 1956) എന്ന കവിത അതിന്നു തെളിവാണ്. കൃഷ്ണ ലീലകൾ ഉൾക്കൊള്ളുന്ന ജീവിതതത്ത്വങ്ങളുടെ അഗാധതയിൽ അദ്ദേഹത്തിന്‍റെ മനസ്സ് ചിലപ്പോൾ തപസ്സനുഷ്ഠിക്കുമായിരുന്നു. അപ്പോൾ കിട്ടുന്ന വെളിച്ചം അദ്ദേഹം വാക്കുകളിലേയ്ക്ക് പകർത്തി. പക്ഷെ, ന്‍റെ അന്വേഷണം അപൂർണ്ണമാണ് എന്ന് പിന്നീടദ്ദേഹത്തിന് തോന്നിയതാവാം 'കാശാവുപൂത്തു' എന്ന കവിത ഒരു സമാഹാരത്തിലും അദ്ദേഹം ഉൾപ്പെടുത്താതിരുന്നതിനു കാരണം. അപൂർണ്ണത അദ്ദേഹത്തെ പലപ്പോഴും അലട്ടുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്ന പ്രതിഭാസമാണ്. 'സങ്കല്പിച്ചതു പോലപൂർണ്ണമൂലകം' എന്നു 'സൗന്ദര്യാരാധന'യിലും (ഏപ്രിൽ 1940).

 
'ചോദിപ്പതാത്മഹത്യയ്ക്കായുള്ള പൂർണ്ണതയോ,
ജീവിതത്തി
ന്‍റേതാകുമപൂർണ്ണതയോ'

 

എന്നു 'മാവിൻ ചുവട്ടിലെ നാടക'ത്തിലും (മെയ് 17, 1943) അദ്ദേഹം അപൂർണ്ണതയ്ക്ക് അഭിഭാഷകനാവുന്നു ണ്ടെങ്കിലും പൂർണ്ണത പ്രവർത്തനത്തിന്‍റെ ലക്ഷ്യമാകണം എന്നു തന്നെയായിരുന്നു അദ്ദേഹം ഞങ്ങൾക്കു പലപ്പോഴും തന്നിട്ടുള്ള ഉപദേശം. ഏതു കാര്യത്തെപ്പറ്റി ചിന്തിക്കുമ്പോഴും അതിന്നു യുക്തി പൂർവ്വകവും ബോദ്ധ്യപ്പെടുത്താവുന്നതുമായ ഒരു വ്യാഖ്യാനം കണ്ടെത്തണമെന്ന് അദ്ദേഹം നിർബ്ബന്ധിച്ചിരുന്നു.

ഈ പശ്ചാത്തലത്തിൽ ഇടശ്ശേരി എഴുതാൻ പോകുന്ന കൃഷ്ണ ചരിതത്തിൽ കൃഷ്ണ ലീലകളോടു അദ്ദേഹം കൈക്കൊള്ളുന്ന സമീപനം എങ്ങനെയുള്ളതായിരിക്കും എന്ന് ചിലപ്പോഴൊക്കെ ഞാൻ ആലോചിക്കും. ആദ്ധ്യാത്മികം, ധർമ്മ ശാസ്ത്രപരം, വൈകാരികം, രാഷ്ട്രതന്ത്ര പ്രധാനം, ശാസ്ത്രീയം എന്നിങ്ങനെയുള്ളവയിൽ ഏതുമാവാം. എല്ലാം ചേർന്നു കലങ്ങി മറിഞ്ഞതുമാവാം. എങ്ങനെയായാലും അതിൽ ഇടശ്ശേരിയുടെ കൈയ്യൊപ്പുണ്ടാവും തീർച്ച.

ഒരു വൈകുന്നേരം ഇടശ്ശേരി സ്‌കൂളിൽ കയറിവന്നു. പിന്നാലെ ഇമ്പിച്ചിബാവയും ''എങ്ങനെ രണ്ടുപേരും ഒരുമിച്ചെത്തി?'' ഞാൻ ചോദിച്ചു. ''ഇഴുവത്തിരുത്തിയിൽ ഒരു മീറ്റിംഗ് കഴിഞ്ഞ് നടന്നുവരുമ്പോൾ ഇടശ്ശേരി ഇങ്ങോട്ടുകയറുന്നതുകണ്ടു. ഞാനും പിന്നാലെ പോന്നു.'' ഇമ്പിച്ചിബാവ പറഞ്ഞു. സംഭാഷണം പല വിഷയങ്ങളിലേയ്ക്കും നീണ്ടു. ഓഫീസു മുറിയുടെ വാതിൽക്കൽ ഒരാളനക്കം കണ്ടപ്പോൾ ഇമ്പിച്ചിബാവ അങ്ങോട്ടുനോക്കി. ''ഓ എനിക്കുള്ള ആളാ'' എന്നു പറഞ്ഞ് ഇറങ്ങിപ്പോയി. ഞങ്ങളും ഓഫീസുമുറിയിൽ നിന്നിറങ്ങി ഗേറ്റിലേയ്ക്കു നടന്നു. സ്‌കൂൾ മുറ്റത്തുള്ള കൊടിമരത്തറയ്ക്കടുത്തെത്തിയപ്പോൾ അവിടെ ഇരുന്നായി സംഭാഷണം. അത് പലയിടത്തും തട്ടിത്തിരിഞ്ഞു അവസാനം താൻ എഴുതാൻ ഉദ്ദേശിക്കുന്ന കവിതയിലെത്തി. ഇടശ്ശേരി പറഞ്ഞു. ''എന്തു സംഭവവും നാമെങ്ങനെ നിരൂപണം ചെയ്യുന്നു എന്നതാണ് പ്രധാനം. അനുഭവമാണ് അതിന്നടിസ്ഥാനം. അനുഭവം ഓരോരുത്തരെ സംബന്ധിച്ചും വ്യത്യസ്തമായിരിക്കും. അത് പരസ്പരം പകർന്നുകൊടുക്കുക എന്നത് ശ്രമകരമായ ഒരഭ്യാസമാണ്. സംവേദനത്തിനു പറ്റിയ പദാവലികൾ ക്ഷമാപൂർവ്വം ഖനനം ചെയ്‌തെടുക്കണം. അതാണ് ഞാനിപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്.''

പിന്നെ ഗേയ്റ്റു കടന്ന് ഇടശ്ശേരി കിഴക്കോട്ടും ഞാൻ പടിഞ്ഞാട്ടും യാത്രയായി.

പക്ഷേ, ശ്രീകൃഷ്ണനെപ്പറ്റി ഒരു നീണ്ട കവിത രചിക്കണം എന്ന മോഹം സഫലമാക്കുവാൻ ഇടശ്ശേരിക്കു സാധിച്ചില്ല. ഇടശ്ശേരിയുടെ മാത്രമല്ല, പ്രതിഭാധനരായ പല എഴുത്തുകാരുടേയും വിധിവിഹിതമാണത്.

back to index

 

ഷഷ്ടിപൂർത്തി

 

1966 ഡിസംബർ ഇരുപത്തിമൂന്നാം തിയ്യതി ഇടശ്ശേരിക്ക് അറുപതു വയസ്സുതികയുന്നു. ഈ അവസരം ഒരു മഹോത്സവമായികൊണ്ടാടുവാൻ പൊന്നാനിയിലെ പൗരജനങ്ങൾ തീരുമാനിച്ചു. സാഹിത്യസാംസ്‌കാരിക മണ്ഡലങ്ങളിൽ പ്രവർത്തിക്കുന്നവർ മാത്രമല്ല ഇടശ്ശേരിയെ അറിയുകയും ആരാധിക്കുകയും ചെയ്യുന്ന സാധാരണക്കാരും ഈ തീരുമാനത്തിൽ പങ്കാളികളായിരുന്നു. ഇടശ്ശേരിയെ അവർ അവരുടെ ക്ലേശങ്ങളിറക്കിവയ്ക്കാനുളള ഒരത്താണിയായാണ് കണ്ടിരുന്നത്. അവരുടെ വിഷമങ്ങളിലും വിസ്മയങ്ങളിലും അദ്ദേഹം ആത്മാർത്ഥമായി ഇടപെട്ടിരുന്നു. അത്തരം സന്ദർഭങ്ങളിൽ അദ്ദേഹം പ്രകടിപ്പിച്ച മനുഷ്യത്വവും സംസ്‌കാരവും നീതിബോധവും അവയുമായി ബന്ധപ്പെട്ടവരുടെയും പറഞ്ഞുകേട്ടറിഞ്ഞവരുടെയും മുമ്പിൽ അദ്ദേഹത്തെ ഉയർത്തിക്കെട്ടി. അതുകൊണ്ട് ഇടശ്ശേരിയുടെ ഷഷ്ടിപൂർത്തിയാഘോഷിക്കുന്നത് അവരുടെ കൂടി ആവശ്യമാണ് എന്ന നിലപാട് അവർ കൈകൊണ്ടതിൽ ആർക്കും അത്ഭുതം തോന്നിയില്ല.

ഉത്സവങ്ങളും ആഘോഷങ്ങളും ഇഷ്ടമില്ലാതിരുന്ന ഇടശ്ശേരി ആദ്യം ഈ സമാരംഭത്തോടു വൈമുഖ്യം പ്രകടിപ്പിച്ചുവെങ്കിലും പിന്നീട് അദ്ദേഹം എല്ലാവരുടേയും നിർബ്ബന്ധത്തിനു വഴങ്ങി. മൂന്നു ദിവസം നീണ്ടു നിൽക്കുന്ന പരിപാടികളായിരുന്നു ആസൂത്രണം ചെയ്തത്. കൂട്ടത്തിൽ ഇടശ്ശേരിയുടെ തിരഞ്ഞെടുത്ത കവിതകളുടെ സമാഹാരവും ഒരു ഷഷ്ടിപൂർത്ത്യുപഹാരഗ്രന്ഥവും പ്രസിദ്ധീകരിക്കാനും തീരുമാനിച്ചു. ശ്രീ. വി.റ്റി. ഭട്ടതിരിപ്പാട് പ്രസിഡണ്ടും അഡ്വക്കേറ്റ് കൊളാടി ഗോവിന്ദൻകുട്ടി സെക്രട്ടറിയും ആയി ഒരു സ്വാഗത സംഘവും രൂപവൽക്കരിച്ചു.

1966 ഡിസംബർ 22,23,24 തിയ്യതികളിൽ ഉദ്ദേശിച്ചപോലെ ഒരു മഹോത്സവമായിത്തന്നെ ഇടശ്ശേരി ഷഷ്ടിപൂർത്തിയാഘോഷം നടന്നു. ഉദ്ഘാടന യോഗത്തിനു മുമ്പു പൊന്നാനി ട്രാവലേഴ്‌സ് ബംഗ്ലാവിൽ നിന്നു പഞ്ചവാദ്യമേളത്തോടെ ഘോഷയാത്രയായി സമ്മേളനസ്ഥലമായ എ.വി. ഹൈസ്‌കൂളിലേയ്ക്ക് ഇടശ്ശേരിയെ ആനയിച്ചു. കാവ്യസംസാരത്തിലെ പ്രജാപതിയായ മഹാകവി ജി. ശങ്കരക്കുറുപ്പും സാമൂഹികസേവനത്തിലൂടെ ജനനേതാവായ കേളപ്പജിയും ഇടശ്ശേരിയുടേയും പത്‌നിയുടേയും ഇടംവലം നിന്നു. കരണങ്ങൾ എഴുതലും കവിതകൾ കുറിക്കലുമായി നടക്കുന്ന നല്ലൊരുസംഘം എഴുത്തുകാർ ഇടശ്ശേരിക്കു അകമ്പടി സേവിച്ചു. കൂടാതെ ഇടശ്ശേരിയെ ആരാധിക്കുന്ന മുഴുവൻ നാട്ടുകാരും. സമ്മേളനസ്ഥലത്തെത്തിയപ്പോൾ എ.വി. ഹൈസ്‌കൂൾ സ്‌കൗട്ടുസംഘം ഇടശ്ശേരിക്കും മുഖ്യാതിഥികൾക്കും ഗാർഡ് ഓഫ് ഓണർ നൽകി.

കേന്ദ്രനിയമ മന്ത്രികൂടിയായിരുന്ന പനമ്പിള്ളി ഗോവിന്ദമേനോൻ ആഘോഷങ്ങളുടെ ഉദ്ഘാടനവും തിരഞ്ഞെടുത്ത ഇടശ്ശേരിക്കവിതാസമാഹാരപ്രകാശനവും നടത്താമെന്നു സമ്മതിച്ചിരുന്നെങ്കിലും അദ്ദേഹത്തിന് ഔദ്യോഗികമായ ചില ബദ്ധപ്പാടുകൾ പെട്ടെന്ന് നേരിട്ടതിനാൽ അദ്ദേഹത്തിന്‍റെ അസാന്നിദ്ധ്യത്തിൽ മഹാകവി ജി. ശങ്കരക്കുറുപ്പാണ് ആ കർമ്മം നിർവ്വഹിച്ചത്. കവിതാമയവും പ്രൗഢഗംഭീരവുമായ ആ വാഗ്‌ധോരണി ആ മഹാസദസ്സിനെ അക്ഷരാർത്ഥത്തിൽ കോരിത്തരിപ്പിച്ചു. അദ്ധ്യക്ഷത വഹിച്ച ശ്രീ. കെ. കേളപ്പൻ ഇടശ്ശേരിയുടെ സ്വഭാവമഹിമയെ വാഴ്ത്തി. ത്യാഗം ജീവിതവ്രതമായി സ്വീകരിച്ച ഇടശ്ശേരിയിൽ നിന്ന് വരും തലമുറയ്ക്ക് വളരെ വളരെ പഠിക്കാനുണ്ട് എന്നും അതു മനസ്സിലാക്കിയാണ് അദ്ദേഹത്തിന്‍റെ ചുറ്റും ഒരു സംഘം യുവാക്കൾ എപ്പോഴും അദ്ദേഹം പറയുന്നതെന്തും അനുസരിക്കാൻ തയ്യാറായി കാണപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് ഡോ. ടി.കെ. രവീന്ദ്രൻ, പി.ടി. ഭാസ്‌കരപ്പണിക്കർ എന്നിവരും പ്രസംഗിച്ചു. വി.റ്റി. ഭട്ടതിരിപ്പാട് സ്വാഗതമാശംസിച്ചു. കൊളാടി ഗോവിന്ദൻകുട്ടി നന്ദി പറഞ്ഞു. രാത്രി ഇടശ്ശേരിക്കവിതകളുടെ ശ്രവ്യാവിഷ്‌ക്കരണം കലാമണ്ഡലം ജെന്നിയുടേയും സംഘത്തിന്‍റേയും നൃത്തനൃത്യങ്ങൾ, തവനൂർ എം.എ.എം. യു.പി. സ്‌കൂൾ അവതരിപ്പിച്ച നാടോടി നൃത്തം. ഈഴുവത്തിരുത്തി യുവജനസമിതി അവതരിപ്പിച്ച 'പൂതപ്പാട്ട്' നിഴൽ നാടകം എന്നീ കലാപരിപാടികൾ മുഴുവൻ ഇടശ്ശേരി സദസ്സിലിരുന്നു കണ്ടു.

രണ്ടാം ദിവസം രാവിലെ പൊന്നാനിത്താലൂക്കിലെ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി ഒരു ക്വിസ് പരിപാടി നടന്നു. പ്രൊഫ. എ.പി.പി. നമ്പൂതിരിയായിരുന്നു ക്വിസ് മാസ്റ്റർ. തുടർന്ന് വി.റ്റി. ഭട്ടതിരിപ്പാട് 'ഇതാ ഒരു കവി' എന്ന ഉപഹാരഗ്രന്ഥം ഇടശ്ശേരിക്കു സമർപ്പിച്ചു. 11 മണിയ്ക്ക് കഥാസമ്മേളനം നാഗവള്ളി ആർ.എസ്. കുറുപ്പിന്‍റെ അദ്ധ്യക്ഷതയിൽ എൻ.പി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രൊഫ. എം.ജി.എസ്. നാരായണൻ, പുതൂർ ഉണ്ണികൃഷ്ണൻ, ഇ. വാസു. ഉറൂബ് മുതലായവർ പ്രസംഗിച്ചു. കൊളാടി ഗോവിന്ദൻകുട്ടി സ്വാഗതവും വള്ളത്തോൾ ബാലചന്ദ്രൻ നന്ദിയും പറഞ്ഞു. ഉച്ചഭക്ഷണത്തിനു പിരിഞ്ഞപ്പോൾ ഇടശ്ശേരി എന്നെ വിളിച്ചു സ്‌കൂളിലെ സ്റ്റാഫ് റൂമിലേയ്ക്കു കയറി. ഒരു ബഞ്ചിന്മേൽ ഇരുന്നു. ക്ഷണിച്ചുവരുത്തിയവർക്ക് അസൗകര്യങ്ങളൊന്നും തോന്നാതിരിപ്പാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നു പറഞ്ഞു. പിന്നാലെ മഹാകവി പി. കുഞ്ഞിരാമൻ നായർ കയറിവന്നു. ജൂബ്ബയുടെ പോക്കറ്റിൽ നിന്നും രണ്ടു മിഠായി എടുത്ത് ഒന്ന് എനിക്കു തന്നു. മറ്റേത് അദ്ദേഹവും തിന്നു. ''എനിക്കു മിഠായി ഇല്ലേ?'' ഇടശ്ശേരി ചോദിച്ചു. ''മിഠായി കുട്ടികൾക്കുള്ളതല്ലേ? താൻ വയസ്സനായിപ്പോയില്ലേ?'' കുഞ്ഞിരാമൻ നായർ പറഞ്ഞു. എന്നിട്ട് അടുത്ത ബഞ്ചിന്മേൽ ഇരുന്നുകൊണ്ട് അദ്ദേഹം ഇടശ്ശേരിയോടു ചോദിച്ചു. ''ആട്ടെ, താനെന്നാ മരിക്കുക?'' ആ വർഷം ഷഷ്ടിപൂർത്തിയാഘോഷിച്ച പ്രസിദ്ധ നിരൂപകൻ ഉള്ളാട്ടിൽ ഗോവിന്ദൻകുട്ടി നായർ അധികം താമസിയാതെ നിര്യാതനായത് മനസ്സിൽ വച്ചാണ് പി. അങ്ങനെ ചോദിച്ചത്. ''എനിക്കു മുമ്പെ ഷഷ്ടിപൂർത്തിയായവർ ഇനിയുമുണ്ടല്ലോ. അവരുടെ ഊഴമൊക്കെ കഴിയട്ടെ'' എന്ന് ഇടശ്ശേരി. ''അത് താനെന്നെ ഒന്ന് ഊശാക്കി.'' പി. പൊട്ടിച്ചിരിച്ചു. എന്നിട്ടു പോക്കറ്റിൽ നിന്ന് ഒരു മിഠായിയെടുത്ത് ''ശരി. തനിക്കൊരു മിഠായി ഇരിക്കട്ടെ'' എന്നു പറഞ്ഞു ഇടശ്ശേരിക്കു കൊടുത്തു. അതു കണ്ടുകൊണ്ട് തോളത്ത് സഞ്ചിയും തൂക്കി ചെറുകാട് കയറി വന്നു. ''കുട്ടികൾ ഇനിയും ഉണ്ട് ട്ടോ'' എന്നു പറഞ്ഞു. പി.ക്കു മുമ്പിൽ കൈനീട്ടി. തൊണ്ണുകാട്ടി ചിരിച്ചുകൊണ്ട് പി. അദ്ദേഹത്തിനും മിഠായി നൽകി. വലിയ മനുഷ്യരുടെ പെരുമാറ്റത്തിലെ ലാളിത്യം കണ്ട് മുറിക്കു പുറത്തു സേവന സന്നദ്ധരായി നിന്നിരുന്ന സ്‌കൗട്ട് അംഗങ്ങൾ അത്ഭുതത്തോടെ അവരെ നോക്കി.

ഉച്ചഭക്ഷണത്തിനുശേഷം സ്‌കൂൾ അങ്കണത്തിലെ മാവിൻ ചുവട്ടിൽ പിടിച്ചിട്ട ബഞ്ചുകളിലൊന്നിൽ ഇരുന്നു വിശ്രമിക്കുകയായിരുന്നു ഇടശ്ശേരി. വി.റ്റി. ഭട്ടതിരിപ്പാടും സമീപത്തുണ്ട്. അപ്പോൾ തന്‍റെ സ്ഥിരം മുദ്രയായ പുഞ്ചിരിയുമായി ഗോപാലക്കുറുപ്പ് വന്ന് അടുത്ത ബഞ്ചിൽ ഇരുന്നു. ഇടശ്ശേരി അൽപം ക്ഷോഭത്തോടെ ഗോപാലക്കുറുപ്പിനോട് ചോദിച്ചു. ''വഴിയെ പോകുന്നവർക്കൊക്കെ മഹാകവിപ്പട്ടം ചാർത്തിക്കൊടുക്കാൻ നിങ്ങൾക്ക് ആരാണ്, ഹേ, അധികാരം തന്നത്?'' അന്നത്തെ 'മാതൃഭൂമി'യിൽ ഷഷ്ടിപൂർത്തിയാഘോഷത്തെപ്പറ്റി വന്ന വാർത്തയിൽ മഹാകവി ഇടശ്ശേരി എന്ന് പല പ്രാവശ്യം ആവർത്തിച്ചു പറഞ്ഞിട്ടുള്ളത് കണ്ടാണ് ഇടശ്ശേരി ക്ഷോഭിച്ചത്. ഈ റിപ്പോർട്ട് ഗോപാലക്കുറുപ്പിന്റെ സൃഷ്ടിയാണ് എന്ന് അദ്ദേഹം ധരിച്ചു. ഗോപാലക്കുറുപ്പ് മറുപടിയൊന്നും പറഞ്ഞില്ല. ചിരിച്ചുകൊണ്ടിരുന്നതേയുളളു.

''താഴ്ത്തികെട്ടിയകാര്യം സഹിക്കാം, പരമാർത്ഥമാത്രയുമില്ലാസ്തുതിപോലെന്തുണ്ടപഹാസ്യം?''എന്നായിരിക്കാം അപ്പോൾ ഇടശ്ശേരിയുടെ മനസ്സിൽ.

മൂന്നു മണിക്കു കവിസമ്മേളനം തുടങ്ങി. അക്കിത്തം സ്വാഗതമാശംസിച്ചു. എ.വി. ശ്രീകണ്ഠപ്പൊതുവാൾ അദ്ധ്യക്ഷത വഹിച്ചു. മുപ്പതോളം കവികൾ ഈ കാവ്യപൂജയിൽ പങ്കെടുത്തു. ശ്രീ. പി.കെ.എ. റഹീം നന്ദി പ്രകടനം നടത്തി.

ഏഴുമണിക്കു കലാപരിപാടികൾ ആരംഭിച്ചു. ആദ്യ ഇനം ഒറ്റപ്പാലത്ത് അഡ്വക്കേറ്റ് ടി.ആർ. ഗോവിന്ദവാരിയരുടെ പുത്രിമാരായ ഗിരിജ, രമ എന്നീ കുട്ടികളുടെ നൃത്തമായിരുന്നു. പി.സി.യാണ് അത് ഏർപ്പാടു ചെയ്തത്. പി.സി.ക്കു ഒറ്റപ്പാലം സബ്ബ് കോടതിയിൽ വസ്തുസംബന്ധമായ ഒരു കേസുണ്ടായിരുന്നു. (കുഴഞ്ഞുമറിഞ്ഞ ഈ കേസിലെ സങ്കീർണ്ണതകൾ പി.സി.ക്കു വളരെ മന:പ്രയാസമുണ്ടാക്കിയ ഒന്നാണ്. അദ്ദേഹത്തിന്റെ ശിഷ്ടജീവിതത്തെപ്പോലും അതു സാരമായി ബാധിച്ചു. അദ്ദേഹത്തിന്‍റെ ആരോഗ്യത്തിന്ന് അതു ക്ഷതമേൽപ്പിച്ചു. അദ്ദേഹത്തിന്‍റെ ജീവിതത്തിലെ ഒരു വലിയ മോഹം സാധിക്കുന്നതിനു അതു തടസ്സമായി. ആശുപത്രിയെ കേന്ദ്രീകരിച്ചു സാമാന്യം വലിയ ഒരു നോവൽ രചിക്കാൻ വേണ്ട തയ്യാറെടുപ്പുകൾ അദ്ദേഹം ചെയ്ത് കഴിഞ്ഞിരുന്നു. പണ്ടു പൊന്നാനി ആശുപ്രതിയിൽ കുറച്ചുകാലം ഒരു കംപൗണ്ടറായി പ്രവർത്തിച്ചിരുന്ന കാലത്തെ അനുഭവങ്ങൾ പറഞ്ഞു അദ്ദേഹം പലപ്പോഴും ഞങ്ങളെ രസം പിടിപ്പിച്ചിട്ടുണ്ട്. വസ്തുസംബന്ധമായ ഈ കേസ് ഒരു വലിയ നിധിയെയാണ് നമ്മുടെ കയ്യിൽ നിന്നു തട്ടിത്തെറിപ്പിച്ചത്).

ഈ കേസിനെപ്പറ്റി സംസാരിക്കാൻ ഒരു മാസം മുമ്പ് ഇടശ്ശേരിയോടൊന്നിച്ചു പി.സി. ഒറ്റപ്പാലത്ത് അഡ്വ. ഗോവിന്ദവാരിയരുടെ വീട്ടിൽ പോയി. സംസാരിച്ചുകൊണ്ടിരിക്കേ അകത്തളത്തിൽ കുട്ടികൾ നൃത്തം അഭ്യസിക്കുന്നതു പി.സിയുടെ ശ്രദ്ധയിൽപെട്ടു. അപ്പോൾ അദ്ദേഹത്തിന്‍റെ മനസ്സിൽ ഇടശ്ശേരിയുടെ ഒരു കവിതയുടെ നൃത്താവിഷ്‌ക്കാരം ഈ കുട്ടികളെക്കൊണ്ടു ചെയ്യിച്ചാലോ എന്ന ആശയം ഉദിച്ചു. 'പൂതപ്പാട്ട്' പല അരങ്ങുകളിലും നിഴൽനാടകരൂപത്തിൽ മുമ്പ് അവതരിപ്പിച്ചിട്ടുണ്ട്. പക്ഷെ അതിന്നു സാങ്കേതികത്തികവ് ഉണ്ടായിരുന്നില്ല. ഇപ്പോൾ ഇടശ്ശേരിയുടെ ഒരു കവിതയ്ക്കു ഭരതശാസ്ത്ര വിധിയനുസരിച്ച് ഒരു വ്യാഖ്യാനം സൃഷ്ടിക്കാൻ അവസരം വന്നിരിക്കുന്നു. ഇതറിഞ്ഞപ്പോൾ സഹൃദയനായ ഗോവിന്ദവാരിയർ ഉടൻ അകത്തുപോയി നൃത്താദ്ധ്യാപകനെ കൂട്ടികൊണ്ടു വന്നു. കാര്യം പറഞ്ഞു. കവിതയ്ക്കു സംഗീതം നൽകി കസറ്റിലാക്കി തന്നാൽ ബാക്കി കാര്യം അദ്ദേഹം ഏൽക്കാമെന്നു നൃത്താദ്ധ്യാപകനായ കലാമണ്ഡലം ബാലകൃഷ്ണൻ നായർ പറഞ്ഞു. നൃത്തത്തിനു പറ്റിയ ഒരു കവിത രചിക്കാമെന്ന് ഇടശ്ശേരിയും കസെറ്റ് ശരിയാക്കാമെന്ന് പി.സി.യും ഏറ്റു. ഇടശ്ശേരി 'ഗോപികാ ഗോവിന്ദം' (1967) എന്ന കവിത രചിച്ചു. നൃത്തമാടാൻ രണ്ടു പേരേ വേണ്ടൂ. പി.സി. അതു കോഴിക്കോട് ആകാശവാണിയിൽ രാഘവൻ മാസ്റ്ററെകൊണ്ട് സംഗീതം നൽകി അവിടെനിന്നുതന്നെ റെക്കാർഡ് ചെയ്യിക്കാമെന്നു പറഞ്ഞുകൊണ്ടുപോയി. രാഘവൻ മാസ്റ്റർ ഡൽഹിയിലാണ്. ഒന്നുരണ്ടാഴ്ചയ്ക്കുള്ളിൽ അദ്ദേഹം വരും എന്നു പ്രതീക്ഷിച്ച് ഇരുന്നു. പക്ഷെ, അദ്ദേഹത്തിന്‍റെ വരവ് നീണ്ടുപോയി. അതുകൊണ്ടു കുട്ടികൾ അവർ മുമ്പേ പഠിച്ച ഒരിനം അന്ന് പൊന്നാനിയിൽ അവതരിപ്പിച്ചു.

('ഗോപികാഗോവിന്ദം' പിന്നീട് പൊന്നാനിയിൽ വച്ച് ഇടശ്ശേരി ശതാബ്ദിയാഘോഷങ്ങളുടെ സമാപനം നടന്നപ്പോൾ നവീ മുംബൈയിലെ നവരസ അക്കാദമി ഓഫ് ഇന്ത്യൻ ക്ലാസ്സിക്കൽ ഡാൻസിന്‍റെ ഡിറക്ടർ സുഷമാഗോപിനാഥും സംഘവും നൃത്തരൂപത്തിൽ അവതരിപ്പിച്ചു. ഇടശ്ശേരിയുടെ 'അന്തിത്തിരി' എന്ന കവിതയുടെ നൃത്താവിഷ്‌ക്കാരവും അന്ന് അവർ അവിടെ ചെയ്യുകയുണ്ടായി.)

ഇടശ്ശേരി ഷഷ്ടിപൂർത്തിയാഘോഷത്തിന്‍റെ രണ്ടാം ദിവസം രാത്രി ഗിരിജ, രമ എന്ന കുട്ടികളുടെ നൃത്തത്തിനുപുറമെ ഈഴുവത്തിരുത്തിയുവജനസമിതി അവതരിപ്പിച്ച 'കൂട്ടുകൃഷി' നാടകവും സദസ്സിനെ ഏറെ രസിപ്പിച്ചു.

മൂന്നാം ദിവസം രാവിലെ പത്തുമണിക്ക് തിക്കോടിയന്‍റെ അദ്ധ്യക്ഷതയിൽ പ്രൊഫ.ജോസഫ് മുണ്ടശ്ശേരി നാടക ചർച്ച ഉദ്ഘാടനം ചെയ്തു. ചെറുകാട്, കാട്ടുമാടം നാരായണൻ, പി.എ. വാരിയർ, കെ.എ. കൊടുങ്ങല്ലൂർ. റ്റി.കെ.ജി. നായർ, എൻ.എൻ. കക്കാട്, ആർ.ആർ.സി. എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഗോപാലക്കുറുപ്പ് സ്വാഗതമാശംസിച്ചു. പി.എം. പള്ളിപ്പാട്ട് നന്ദി പറഞ്ഞു.

ഉച്ചക്കുശേഷം കാവ്യചർച്ചയായിരുന്നു. അദ്ധ്യക്ഷൻ വൈലോപ്പിള്ളിയാണ്. 11.30-ന് കുറ്റിപ്പുറത്തെത്തുന്ന തീവണ്ടിയിൽ വന്നിറങ്ങാമെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. കടവനാടു കുട്ടികൃഷ്ണനും ഞാനും കാറുമായി അദ്ദേഹത്തെ കൊണ്ടുവരാൻ കുറ്റിപ്പുറത്തേക്ക് പോയി. വണ്ടി വന്നു. വൈലോപ്പിള്ളി ഇറങ്ങി വരുന്നില്ല. സ്റ്റേഷൻ മാസ്റ്റരുടെ അനുവാദത്തോടെ ഞങ്ങൾ പ്ലാറ്റുഫോമിൽ നടന്നു ജനലിലൂടെ ഓരോ കംപാർട്ടുമെന്‍റിലും നോക്കി. വൈലോപ്പിള്ളിയെ കണ്ടില്ല. വണ്ടി വിട്ടു. എന്തുപറ്റി എന്ന അമ്പരപ്പോടെ ഞങ്ങൾ പൊന്നാനിയിലേക്ക് തിരിച്ചുപോയി. രണ്ടരമണി വരെ കാത്തിരുന്ന് സുകുമാർ അഴീക്കോടിനെ അദ്ധ്യക്ഷസ്ഥാനത്തിരുത്തി യോഗം ആരംഭിച്ചു. എൻ. ദാമോദരൻ സ്വാഗതപ്രസംഗം നടത്തി. അതു കഴിഞ്ഞ് എൻ.വി. കൃഷ്ണവാരിയർ ഉദ്ഘാടനപ്രസംഗം ആരംഭിച്ചു. അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ കക്ഷത്തിൽ ബാഗുമായി വൈലോപ്പിള്ളി ഹാളിലെത്തി. അഴീക്കോട് അദ്ധ്യക്ഷസ്ഥാനത്തുനിന്നു മാറി. വൈലോപ്പിള്ളി അവിടെ ഇരുന്നു. കടവനാട് അദ്ദേഹത്തിനടുത്ത് ചെന്നു 'ഊണുകഴിക്കേണ്ടേ?' എന്നു പതുക്കെ ചോദിച്ചു. 'കഴിച്ചു' എന്ന് അദ്ദേഹം അൽപം ഉറക്കെ പറഞ്ഞു. ഉദ്ഘാടനപ്രസംഗം തുടർന്നുകൊണ്ട് എൻ.വി. പറഞ്ഞു ''ഇതാണ് ഞാൻ പറഞ്ഞു വന്നത്. നിരൂപകർ കവികൾക്കു വഴിമാറിക്കൊടുക്കേണ്ടിവരും'' സദസ്സ് കരഘോഷം മുഴക്കി. അദ്ധ്യക്ഷപ്രസംഗത്തിൽ വൈലോപ്പിള്ളി പറഞ്ഞു. ''കുറ്റിപ്പുറത്ത് വണ്ടി ഇറങ്ങിയാൽ മതി''. അവിടെ കാറുണ്ടാവും എന്ന് സംഘാടകർ എന്നോടു പറഞ്ഞിട്ടുണ്ടായിരുന്നു. ഞാനതു മറന്നുപോയി. വണ്ടി കുറ്റിപ്പുറത്തെത്തിയപ്പോൾ ഞാൻ മുകൾത്തട്ടിൽ കിടന്നുറങ്ങുകയായിരുന്നു. മുമ്പ് ഞാൻ ഇടശ്ശേരിയെ കാണാൻ വരിക തിരൂരിൽ വണ്ടിയിറങ്ങി ചമ്രവട്ടം വരെ ബസ്സിനുവന്ന് പുഴകടന്നു വീണ്ടും ബസ്സിൽ കയറി പൊന്നാനിയിലിറങ്ങിയായിരുന്നു. ഒരു ബുദ്ധിമുട്ടുള്ള യാത്രയാണത്. ആ ബുദ്ധിമുട്ടു സഹിച്ചു ഇടശ്ശേരിയുടെ അടുത്തെത്തിയാലോ? പിന്നെ എന്തൊരു കുളിർമ്മ! എന്തൊരു ഉത്സാഹം! അതുപോലെ തന്നെയാണ് ഇടശ്ശേരിക്കവിതയിലേയ്ക്കുള്ള പ്രവേശനവും. കുറച്ചു ബുദ്ധിമുട്ടൊക്കെ സഹിച്ചു അവിടെ പ്രവേശിച്ചാൽ നമ്മുടെ ആത്മാവിൽ കുളിരു നിറയും. പിന്നെ അദ്ദേഹം കവിതയെപ്പറ്റിയും കവികളെപ്പറ്റിയും ദീർഘമായി സംസാരിച്ചു. തുടർന്നു പ്രസംഗിച്ചത് സുകുമാർ അഴീക്കോടാണ്. അദ്ദേഹം ഇങ്ങനെ തുടങ്ങി, ''ഇവിടെ ഉദ്ഘാടകൻ നിരൂപകർ കവികൾക്കു വഴിമാറിക്കൊടുക്കേണ്ടിവരുന്നതിനെപ്പറ്റി പറയുന്നതുകേട്ടു. ഞാൻ പറയുന്നു യഥാർത്ഥ കവികൾക്ക് നിരൂപകർ എന്നും വഴിമാറിക്കൊടുത്തിട്ടേയുള്ളു''. ഒരു വലിയ കരഘോഷത്തോടെ സദസ്സ് ആ പരാമർശം ശരിക്കും ആസ്വദിച്ചു. എൻ.വി.യുടേയും അഴീക്കോടിന്‍റേയും പരാമർശങ്ങൾക്ക് ഒരു പശ്ചാത്തലമുണ്ടായിരുന്നു. ആദ്യത്തെ ജ്ഞാനപീഠപുരസ്‌കാരത്തിനു പരിഗണിക്കാനായി ജി. ശങ്കരക്കുറുപ്പിന്‍റെ കവിതകൾ ഹിന്ദിയിലേക്കു തർജ്ജമ ചെയ്യുകയും പുരസ്‌കാരം ജി.ക്ക് ലഭിക്കുവാനായി പരിശ്രമിക്കുകയും ചെയ്തിരുന്നു എൻ.വി. 'ജി വിമർശിക്കപ്പെടുന്നു' എന്ന ഗ്രന്ഥം രചിക്കുക വഴി സാഹിത്യാസ്വാദകരുടെ കണ്ണിൽ സുകുമാർ അഴീക്കോട് എതിർചേരിയിൽ നിൽപ്പുറപ്പിക്കുകയും ചെയ്തിരുന്നു. ജ്ഞാനപീഠപുരസ്‌കാരത്തിനു പരിഗണിക്കാൻ അർഹമായ പുസ്തകം മലയാളത്തിലില്ലെന്നു 'കേരളസാഹിത്യ അക്കാദമി' ജ്ഞാനപീഠം ഭാരവാഹികളെ എഴുതി അറിയിച്ചതും അന്നൊരു വിവാദമായിരുന്നു. ഇത് 'മോക്ഷോപായം' (സെപ്റ്റമ്പർ 5, 1965) എന്നൊരു കവിത എഴുതാൻ ഇടശ്ശേരിക്കു പ്രേരണയാവുകയും ചെയ്തു.

കാവ്യ ചർച്ചയിൽ പിന്നീടു പങ്കെടുത്തവർ പ്രൊഫ. എം. അച്ചുതൻ, പ്രൊഫ. എ. ബാലകൃഷ്ണ വാരിയർ, എം.ആർ.ബി. എന്നിവരാണ്. നന്ദി പ്രകടനത്തിന്ന് എനിക്കായിരുന്നു നിയോഗം.

ആറു മണിക്ക് പൊതു സമ്മേളനം ആരംഭിച്ചു. അക്കിത്തത്തിന്‍റെ സ്വാഗത്രപ്രസംഗം കവിതയുടേയും ജീവിതത്തിന്‍റേയും ആഴങ്ങളിലേയ്ക്കു സദസ്സിനെ കൂട്ടിക്കൊണ്ടുപോയി. നാലാപ്പാട്ട് ബാലമണിയമ്മ പതിവുപോലെ മിതവാക്കായിരുന്നു. വിളക്കുകൊളുത്തി അവർ സമ്മേളനം ഉദ്ഘാടനം ചെയ്തു. വി.റ്റി.യുടെ അദ്ധ്യക്ഷപ്രസംഗം സദസ്യർക്കു നല്ലൊരു സദ്യയായി. ഇടശ്ശേരിയുടെ ബാല്യകാലസുഹൃത്തും കവിയുമായ മാഞ്ഞൂർ പരമേശ്വരൻ പിള്ള, കെ.വി. രാമൻമേനോൻ, ഇ.കെ. ഇമ്പിച്ചിബാവ, ഇ.പി. സുമിത്രൻ, വർഗ്ഗീസ് കളത്തിൽ, എൻ.പി. ദാമോദരൻ, എം.ടി. വാസുദേവൻ നായർ എന്നിവർ ഇടശ്ശേരിക്കു ആശംസകളർപ്പിച്ചു. ഇടശ്ശേരി തന്‍റെ മറുപടി പ്രസംഗത്തിൽ എല്ലാവർക്കും നന്ദി പറഞ്ഞു. തന്‍റെ ഷഷ്ടിപൂർത്തിയാഘോഷം കൊണ്ട് പലർക്കും ബുദ്ധിമുട്ടുണ്ടാകുമല്ലോ എന്നായിരുന്നു തന്‍റെ ആശങ്ക. അങ്ങനെ ഉണ്ടായില്ലെന്നു താൻ ആശ്വസിക്കുന്നു. ആർക്കെങ്കിലും അങ്ങനെ വല്ല ബുദ്ധിമുട്ടുമുണ്ടായിട്ടുണ്ടെങ്കിൽ അതിന്നു താൻ മാപ്പപേക്ഷിക്കുന്നു. വള്ളത്തോൾ ബാലചന്ദ്രമേനോന്‍റെ നന്ദി പ്രകടനത്തോടെ സ്റ്റേജ് കോട്ടക്കൽ പി.എസ്.വി. നാട്യസംഘത്തിന്‍റെ കഥകളിയരങ്ങായി.

ഷഷ്ടിപൂർത്തിയാഘോഷം പ്രതീക്ഷിച്ചതിലുമുപരി ഭംഗിയായി സമാപിച്ചതിൽ അതിന്‍റെ പിന്നിൽ പ്രവർത്തിച്ച ഞങ്ങൾക്കെല്ലാം വലിയ സംതൃപ്തി തോന്നി. ഇടശ്ശേരിക്ക് ഇച്ഛാഭംഗത്തിനോ, നിരാശയ്‌ക്കോ വഴിവച്ചില്ലല്ലോ എന്നതായിരുന്നു ഞങ്ങളുടെ ഏറ്റവും വലിയ ആശ്വാസം. പുറമേ നിന്നു വന്ന അതിഥികൾ സമ്മേളനങ്ങൾക്കെല്ലാം നിറഞ്ഞു കവിഞ്ഞ സദസ്സുകണ്ട് അത്ഭുതപ്പെട്ടു. ഇടശ്ശേരിക്കു സ്വന്തം നാട്ടിലുള്ള ജനപ്രീതിയുടെ അടയാളമായി അവർ അത് കണക്കാക്കി.

back to index

 

വീണ്ടും വഴുപ്പൻ പാറപോലോളത്തിരക്കിൽ

 

ഡിസംബർ 22-ാം തിയ്യതി ഉച്ചതിരിഞ്ഞ് നാലുമണിക്ക് പഞ്ചവാദ്യത്തിന്‍റെ നാദപ്രപഞ്ചത്തിൽ തന്‍റെ ആരാധകർക്കും സുഹൃത്തുക്കൾക്കുമായി തന്നെ വിട്ടുകൊടുത്ത ഇടശ്ശേരിക്ക് 25-ാം തിയ്യതി പ്രഭാതം വിരിഞ്ഞപ്പോൾ കഥകളിച്ചെണ്ടയിൽ അവസാനകോൽ വീണതോടെയാണ് തന്‍റെ സ്വന്തം ലോകത്തു തിരിച്ചെത്തുവാൻ സാധിച്ചത്. ഒരു ദിവസത്തെ വിശ്രമത്തിനു ശേഷം അദ്ദേഹം പതിവുപോലെ വിശേഷിച്ചൊന്നും സംഭവിച്ചിട്ടില്ലാത്ത മട്ടിൽ സ്വന്തം നിഴൽ ചവിട്ടി നടന്ന് തന്റെ എഴുത്തുമേശയ്ക്കു മുമ്പിലെത്തി. തന്‍റെ അപ്പോഴത്തെ മനോനില വിവരിച്ചുകൊണ്ടാണ് ഇടശ്ശേരി അവസാന നാളുകളിൽ എഴുതിയ 'ഒളിച്ചോട്ടം' (ജനുവരി 27, 1974) എന്ന കവിത ആരംഭിക്കുന്നത് .

 

എഴുത്തുമേശതൻ മുന്നിലിരിക്കുന്നു ഞാൻ
പെരുത്തുണ്ടേ ജനമെന്റെ മുറിയിലിപ്പോൾ
കരണങ്ങളെഴുതിക്കലവർക്കാവശ്യം
കവിതകൾ കുറിക്കലേ നമുക്കു പത്ഥ്യം.
ഒഴുകുന്നു മഹാകാലപ്രവാഹം
, ഞാനോ
വഴുപ്പൻ പാറപോലോളത്തിരക്കിൽ വാഴ്‌വൂ.
 

 കാല പ്രവാഹത്തിലെ അനിവാര്യതകളാണ് ഇതൊക്കെ. താനതിന്‍റെയൊന്നും കർത്താവല്ല. വഴുപ്പൻ പാറപോലെ ഓളത്തിരക്കിൽ വാഴുക മാത്രമാണ് തന്‍റെ ദൗത്യം. സാക്ഷിയായി മാറിനിന്ന് എല്ലാം കാണുകയും കേൾക്കുകയും ചെയ്യുക. പറ്റുമെങ്കിൽ മറ്റുള്ളവർക്കു അവ വിവരിച്ചുകൊടുക്കാൻ കഴിയുന്ന സഞ്ജയനാവുക. തന്നെ മറ്റുള്ളവർ പുകഴ്ത്തുമ്പോഴും ഇടശ്ശേരി കൈകൊണ്ടത് ഈ നിലപാടായിരുന്നു.

ഈ സ്ഥിതപ്രജ്ഞത്വം അനുഭവങ്ങളിലൂടെയാണ് അദ്ദേഹം നേടിയെടുത്തത്. അപൂർവ്വം ചിലർ ഇതിനെ നിസ്സംഗത എന്നു തെറ്റിദ്ധരിച്ചിട്ടുണ്ട്. നിസ്സംഗത ഇടശ്ശേരിയുടെ സ്വഭാവത്തിന്നു ഇണങ്ങുന്നതേയല്ല. എന്തു കാര്യത്തിലും അദ്ദേഹം തൽപരനാണ്. പക്ഷെ, അതു പ്രകടിപ്പിക്കുന്നതിൽ മിതത്വം പാലിക്കും. അതുകൊണ്ടാണ് അദ്ദേഹത്തിനു വഴുപ്പൻപാറപോലോളത്തിരക്കിൽ വാഴുവാൻ കഴിയുന്നത്. സ്ഥിതപ്രജ്ഞത്വത്തെ അഭിവ്യഞ്ജിപ്പിക്കുന്ന ഈ കാവ്യബിംബവും അദ്ദേഹത്തിന്നു ഭാരതപ്പുഴ സമ്മാനിച്ചതാണ്. മുപ്പതാം വയസ്സിൽ എഴുതിയ 'ലവണാസുരവധത്തിലെ ഹനുമാൻ' (ഏപ്രിൽ 20, 1936)എന്ന കവിതയിൽ ഈ ബിംബം 'ഉച്ചുപാറ'യായാണ് ആദ്യം പ്രത്യക്ഷപ്പെടുന്നത്.

തൂകട്ടെ ബാണമെൻ നെഞ്ചിലവർ
തൂണെന്നപോലെ നിൽക്കു